കന്യാകുമാരിയില്‍ കാണാതായ കോട്ടയം കിടങ്ങൂർ സ്വദേശികളായ സഹോദരിമാരുടെ മൃതദേഹങ്ങള്‍ കടലില്‍ കണ്ടെത്തി. കിടങ്ങൂർ സ്വദേശികളായ ഫിലിപ്പ്-മേരി ദമ്പതിമാരുടെ മക്കളായ ആനി ഫിലിപ്പ് (35), മീര ഫിലിപ്പ് (32) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച വാവുതുറ ഭാഗത്ത് കടല്‍ഭിത്തികള്‍ക്കിടയില്‍ അടിഞ്ഞ നിലയിലാണ് മത്സ്യത്തൊഴിലാളികള്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
വർഷങ്ങളായി വിദേശത്ത് ജോലി ചെയ്യുന്ന ഇരുവരും അവധിക്കാലം ആഘോഷിക്കാനായാണ് നാട്ടിലെത്തിയത്. മധുരയും രാമേശ്വരവും സന്ദർശിച്ച ശേഷം ഏപ്രില്‍ 26-നാണ് ഇവർ കന്യാകുമാരിയിലെ ഒരു ലോഡ്ജില്‍ മുറിയെടുത്തത്. മുറിയില്‍ നിന്ന് പുറത്തുപോയ ഇരുവരും തിരിച്ചെത്താത്തതിനെത്തുടർന്ന് ലോഡ്ജ് ജീവനക്കാർ മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് വ്യാപക തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ആനി ഫിലിപ്പ് വിദേശത്ത് എക്‌സറേ ടെക്‌നീഷ്യനായും മീര ഫിലിപ്പ് എൻജിനീയറായും ജോലി ചെയ്യുകയായിരുന്നു. എലിസബത്ത് ഫിലിപ്പ് ഇവരുടെ മറ്റൊരു സഹോദരിയാണ്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനായി ആശാരിപ്പള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

