ഓണസദ്യയിലായാലും വൈകുന്നേരത്തെ ചായയ്ക്കൊപ്പമായാലും മൊരിഞ്ഞ കായ വറുത്തതുണ്ടെങ്കില്‍ സംഗതി കേമമാണ്. എന്നാല്‍ വീട്ടില്‍ ഉണ്ടാക്കുമ്പോള്‍ പലപ്പോഴും കടയില്‍ നിന്ന് വാങ്ങുന്ന പോലെ ക്രിസ്പിയാകാറില്ല; ഒന്നുകില്‍ എണ്ണ കുടിക്കും അല്ലെങ്കില്‍ ഒട്ടിപ്പിടിക്കും.
നല്ല പെർഫെക്റ്റ് കായ വറുത്തത് ഉണ്ടാക്കാൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ അറിയാം:
- ശരിയായ കായ തിരഞ്ഞെടുക്കാം: നന്നായി വിളഞ്ഞ പച്ച നേന്ത്രക്കായ തന്നെ തിരഞ്ഞെടുക്കണം. പഴുത്തതോ അധികം വളർച്ചയെത്താത്തതോ ആയ കായകള്‍ ഒഴിവാക്കാം.
- ഒരേ കനത്തില്‍ അരിയുക: കായക്കഷണങ്ങള്‍ ഒരേ കനത്തില്‍ അരിഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. അരിഞ്ഞ ശേഷം ഈർപ്പമുണ്ടെങ്കില്‍ തുണികൊണ്ട് നന്നായി തുടച്ചു മാറ്റണം.
- എണ്ണയുടെ ചൂട്: ഇടത്തരം ചൂടില്‍ വേണം കായ വറുത്തെടുക്കാൻ. എണ്ണ തണുത്തതാണെങ്കില്‍ കായ കൂടുതല്‍ എണ്ണ കുടിക്കും, ചൂട് കൂടിയാല്‍ പുറംഭാഗം പെട്ടെന്ന് കരിയുകയും ചെയ്യും.
- കുറഞ്ഞ അളവില്‍ വറുക്കാം: ഒരേസമയം കൂടുതല്‍ കഷണങ്ങള്‍ എണ്ണയിലിട്ടാല്‍ ചൂട് കുറയും. അതുകൊണ്ട് ചെറിയ ബാച്ചുകളായി വറുക്കുന്നതാണ് നല്ലത്.
- ഉപ്പുവെള്ളം ചേർക്കുമ്പോള്‍: കായ വറുത്ത് പാകമായി വരുമ്പോള്‍ മാത്രം അല്പം മഞ്ഞള്‍പ്പൊടിയും ഉപ്പും കലക്കിയ വെള്ളം ശ്രദ്ധയോടെ ഒഴിക്കുക.
- തണുത്ത ശേഷം സൂക്ഷിക്കാം: വറുത്തെടുത്ത ഉപ്പേരി ടിഷ്യൂ പേപ്പറില്‍ പരത്തി അധിക എണ്ണ മാറ്റിയ ശേഷം, പൂർണമായി തണുത്തതിന് ശേഷം മാത്രം എയർടൈറ്റ് പാത്രത്തിലേക്ക് മാറ്റുക.

