കോഴിക്കോട് ഡിസിസി സെക്രട്ടറി സുധീർ കുമാറിന്റെ വീട്ടിലെത്തി ജീവനൊടുക്കാൻ ശ്രമിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരണപ്പെട്ടു.
തിരുവള്ളൂർ സ്വദേശി ചിരികണ്ടോത്ത് ഇബ്രാഹിം കുട്ടി ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സുധീർ കുമാറും ഇബ്രാഹിം കുട്ടിയും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം.
ഇന്ന് രാവിലെ 10.30-ഓടെയാണ് വടകരയിലുള്ള സുധീർ കുമാറിന്റെ വീട്ടില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വീട്ടിലെത്തിയ ഇബ്രാഹീം പെട്ടെന്ന് കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ശരീരത്തിലേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും ഓടിക്കൂടിയാണ് ഉടൻ തന്നെ തീയണച്ചത്.
ശരീരത്തില്‍ 60 ശതമാനത്തോളം പൊള്ളലേറ്റ ഇബ്രാഹീമിനെ ആദ്യം വടകര ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ പരിക്ക് അതീവ ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.

