മധ്യപ്രദേശിലെയും ബിഹാറിലെയും ഉപതെരഞ്ഞെടുപ്പ് പരാജയം വൻ തിരിച്ചടിയെന്ന് വിലയിരുത്തി ബിജെപി. മധ്യപ്രദേശ് ദാതിയയില്‍ പാർട്ടിയുടെ ജില്ലാ ഘടകം മുതല്‍ കീഴ്ഘടകം വരെ പിരിച്ചുവിട്ടു.
ബങ്കിപൂർ സീറ്റിലെ പരാജയത്തില്‍ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ സംസ്ഥാന നേതൃത്വത്തോട് അതൃപ്തി അറിയിച്ചു. രാഷ്ട്രീയ സാഹചര്യം നേരിട്ട് അവലോകനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.
പാർട്ടി പരാജയമറിയാത്ത ബിഹാർ ബങ്കിപൂർ മണ്ഡലത്തില്‍ ആണ് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അടിതെറ്റിയത്. ഉപതെരഞ്ഞെടുപ്പില്‍ ഇരുപതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പ്രശാന്ത് കിഷോറിന്റെ വിജയം ബിജെപിക്കുള്ള വ്യക്തമായ രാഷ്ട്രീയ സന്ദേശം കൂടിയായിരുന്നു. ചോദ്യപേപ്പർ ചോർച്ച,UGC ചട്ടങ്ങള്‍ പരിഷ്കരിച്ചത്,വിദ്യാർത്ഥി പ്രതിഷേധങ്ങള്‍ തുടങ്ങിയവ തിരിച്ചടിയായി എന്നാണ് വിലയിരുത്തല്‍. സവർണ്ണ വോട്ടുകള്‍ കൂടുതലുള്ള ബങ്കിപൂർ മണ്ഡലത്തിലെ പരാജയം ആഴത്തില്‍ പരിശോധിക്കുകയാണ്.മധ്യപ്രദേശ് ദാതിയ മണ്ഡലത്തിലെ ബിജെപിയുടെ പരാജയ കാരണം പാർട്ടിക്കുള്ളില്‍ വിഭാഗീയതയായിരുന്നു. 6 തവണ എംഎല്‍എ ആയിരുന്ന നാരോതം മിശ്രയ്ക്ക് ടിക്കറ്റ് നിഷേധിച്ചത് ആയിരുന്നു ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്.പരാജയകാരണം വിലയിരുത്തിയതോടെ ദാതിയയില്‍ പാർട്ടിയുടെ ജില്ലാ ഘടകം മുതല്‍ കീഴ്ഘടകം വരെ പിരിച്ചുവിട്ടു. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം അനുസരിച്ച് നേതാക്കള്‍ക്ക് എതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സംസ്ഥാന നേതൃത്വം അറിയിച്ചു.

