അനുമതിയില്ലാതെ സർക്കാർ സ്കൂളില്‍ പ്രവേശിക്കുകയും ഔദ്യോഗിക ജോലികള്‍ തടസ്സപ്പെടുത്തുകയും അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാരോപിച്ച് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) കണ്‍വീനർ അഭജീത് ദിപ്കെയ്ക്കും പ്രവർത്തകർക്കുമെതിരെ മഹാരാഷ്ട്ര പോലീസ് കേസെടുത്തു.
ലാത്തൂർ ജില്ലയിലെ ഔസയ്ക്കടുത്തുള്ള ജാവലി ഗവണ്‍മെന്റ് ഉറുദു സ്കൂളിലെ അധ്യാപിക സയ്യിദ് ഷംഷാദ്ബാനോ ഖൈറാത്തലി നല്‍കിയ പരാതിയിലാണ് ലാത്തൂർ ഔസ പോലീസ് കേസെടുത്തത്.
ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം സർക്കാർ ജീവനക്കാരുടെ ഔദ്യോഗിക ചുമതല തടസ്സപ്പെടുത്തല്‍, അതിക്രമിച്ചുകടക്കല്‍, ഭീഷണിപ്പെടുത്തല്‍, അപകീർത്തിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ദിപ്കെയ്ക്കും പാർട്ടി പ്രവർത്തകനായ അജിങ്ക്യ ഷിൻഡെയ്ക്കും മറ്റു ചിലർക്കുമെതിരെ ചുമത്തിയിട്ടുള്ളത്. 'സ്കൂള്‍ തീക് കരോ' കാമ്പയിന്റെ ഭാഗമായി സ്കൂളിലെത്തിയ സംഘം വിദ്യാർഥികള്‍ക്കൊപ്പം ഇരിക്കുകയും അധ്യാപകരെ സസ്പെൻഡ് ചെയ്യിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
മറ്റൊരു സ്കൂളിലെ വിദ്യാർഥികളെ കൊണ്ടുവന്നിരുത്തി സ്കൂളിനെ അപകീർത്തിപ്പെടുത്തുന്ന രീതിയില്‍ വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായും ആരോപണമുണ്ട്. സ്വാതന്ത്ര്യദിനത്തില്‍ ഹിംഗോളിയില്‍ നിന്ന് ആരംഭിച്ച ഈ കാമ്പയിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്കൂളുകളില്‍ സി.ജെ.പി പ്രവർത്തകർ സന്ദർശനം നടത്തുകയും പലയിടത്തും ജനങ്ങളുടെയും അധികൃതരുടെയും എതിർപ്പ് നേരിടുകയും ചെയ്തിട്ടുണ്ട്.

