ഇന്ത്യൻ നാവികസേനയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് നേവല്‍ സ്റ്റാഫായി മലയാളി കൂടിയായ വൈസ് അഡ്മിറല്‍ എ.എൻ. പ്രമോദ് ചുമതലയേറ്റു.
38 വർഷത്തെ വിശിഷ്ട സേവനത്തിന് ശേഷം വിരമിച്ച വൈസ് അഡ്മിറല്‍ തരുണ്‍ സോബ്തിയില്‍ നിന്നാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. 1990-ല്‍ നാവികസേനയുടെ ഭാഗമായ അദ്ദേഹം കഴിഞ്ഞ 36 വർഷത്തെ സേവനത്തിനിടെ കടലിലും കരയിലുമായി നിരവധി പ്രമുഖ പദവികള്‍ വഹിച്ചിട്ടുണ്ട്.
ഐ.എൻ.എസ്. അഭയ്, ഐ.എൻ.എസ്. ഷാർദുല്‍, ഐ.എൻ.എസ്. സത്പുര തുടങ്ങിയ യുദ്ധക്കപ്പലുകളുടെ കമാൻഡിങ് ഓഫീസറായും വെസ്റ്റേണ്‍ ഫ്ലീറ്റിന്റെ ഫ്ലീറ്റ് ഓപ്പറേഷൻസ് ഓഫീസറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഓപ്പറേഷൻ വിജയ്, ഓപ്പറേഷൻ പരാക്രം, ഓപ്പറേഷൻ സ്നോ ലെപ്പാർഡ്, ഓപ്പറേഷൻ സിന്ദൂർ തുടങ്ങിയ നിർണായക സൈനിക ദൗത്യങ്ങളുടെ ഭാഗമായിരുന്നു. 2024-ല്‍ അതിവിശിഷ്ട സേവാ മെഡലും 2025-ല്‍ യുദ്ധ് സേവാ മെഡലും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. തൃശൂർ കുരിയച്ചിറ സെയ്ന്റ് പോള്‍സ് സ്കൂളിലെ പൂർവ്വവിദ്യാർത്ഥി കൂടിയാണ് അദ്ദേഹം.

