സർക്കാർ, എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന പന്ത്രണ്ടാം ക്ലാസ് സയൻസ് വിദ്യാർഥികള്‍ക്കായി ഒരു വർഷത്തെ സൗജന്യ എൻട്രൻസ് പരിശീലന പദ്ധതി പ്രഖ്യാപിച്ച് ഡല്‍ഹി സർക്കാർ.
ജെ.ഇ.ഇ, നീറ്റ് തുടങ്ങിയ പ്രവേശന പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികള്‍ക്കാണ് പദ്ധതി.
പുണെയിലെ ദക്ഷണ ഫൗണ്ടേഷൻ ക്യാമ്പസിലാണ് റസിഡൻഷ്യല്‍ രീതിയില്‍ പരിശീലനം നല്‍കുന്നത്. പഠനം, താമസം, ഭക്ഷണം എന്നിവ ഉള്‍പ്പെടെയുള്ള ചെലവുകള്‍ സ്‌കോളർഷിപ്പിലൂടെ സൗജന്യമായിരിക്കും.
2026-27 അധ്യയന വർഷത്തില്‍ ഡല്‍ഹി സർക്കാർ, എയ്ഡഡ് സ്‌കൂളുകളില്‍ സയൻസ് വിഭാഗത്തില്‍ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാർഥികള്‍ക്ക് അപേക്ഷിക്കാം. ദക്ഷണ ഫൗണ്ടേഷന്റെ പോർട്ടല്‍ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
'ജോയിന്റ് ദക്ഷണ സെലക്ഷൻ ടെസ്റ്റ് 2027' പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രാഥമിക തിരഞ്ഞെടുപ്പ്. പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാർഥികള്‍ക്ക് പരിശീലനത്തിനായി ഓണ്‍ലൈൻ മോക്ക് ടെസ്റ്റുകളും ഒരുക്കിയിട്ടുണ്ട്.
എഴുത്തുപരീക്ഷയില്‍ യോഗ്യത നേടുന്നവർക്ക് അഭിമുഖവും രേഖകളുടെ പരിശോധനയും ഉണ്ടാകും. അന്തിമമായി തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികള്‍ക്ക് ഒരു വർഷത്തെ സൗജന്യ എൻട്രൻസ് പരിശീലനം ലഭിക്കും.

