മമ്മൂട്ടിയും മോഹൻലാലും 18 വർഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ച ചിത്രമാണ് പേട്രിയറ്റ്. മഹേഷ് നാരായണൻ ഒരുക്കിയ ചിത്രം ജൂണ്‍ 5 മുതല്‍ മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളില്‍ റിലീസ് ചെയ്യും.
ഡാനിയല്‍ ജെയിംസ് എന്ന സയന്റിഫിക് ഡയറക്ടർ ആയാണ് മമ്മൂട്ടി എത്തുന്നത്. വൻ ബജറ്റില്‍ എത്തിയ ചിത്രത്തിന്റെ നിർമാണം ആന്റോ ജോസഫ്, കെ.ജി. അനില്‍കുമാർ എന്നിവർ ചേർന്നാണ്. സി.ആർ. സലീം, സുഭാഷ് ജോർജ് മാനുവല്‍ എന്നിവർ സഹനിർമ്മാതാക്കളാണ്. സംവിധാനത്തിനു പുറമെ തിരക്കഥ, സംഭാഷണം, എഡിറ്റിങ് എന്നിവ നിർവഹിച്ചിരിക്കുന്നതും മഹേഷ് നാരായണനാണ്.
ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബൻ, രേവതി, സറിൻ ഷിഹാബ്, ജിനു ഏബ്രഹാം, ഇന്ദ്രൻസ്, ദർശന രാജേന്ദ്രൻ, ഗ്രേസ് ആന്റണി, ഷഹീൻ സിദ്ദിഖ്, സനല്‍ അമൻ, വിനീത് തട്ടില്‍, ഗീതി സംഗീത എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഒരു സർപ്രൈസ് ക്യാരക്ടർ ആയാണ് നയൻതാര ചിത്രത്തിലെത്തുന്നത്.
പെരിസ്‌കോപ്പ് എന്നൊരു പ്രോഗ്രാമിങ് ഉണ്ടെന്നും ജനങ്ങളെ നിരീക്ഷിക്കാൻ ചിലർ നടത്തുന്ന നിയമവിരുദ്ധ ശ്രമം തടയാനായി സാമൂഹിക ഉത്തരവാദിത്തമുള്ള ചിലർ വരുന്നതിലൂടെയാണ് ചിത്രത്തിന്റെ കഥ മുൻപോട്ട് പോകുന്നത്. അൻപതിലധികം സിനിമകളില്‍ ഒരുമിച്ചഭിനയിച്ചെങ്കിലും വലിയൊരിടവേളയ്ക്കുശേഷമാണ് മമ്മൂട്ടിയും മോഹൻലാലും തുല്യപ്രാധാന്യമുള്ള വേഷങ്ങളില്‍ വീണ്ടും ഒരേ ഫ്രെയിമില്‍ എത്തിയത്.

