പിഎം ശ്രീയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് പിന്‍മാറാമെന്ന് കേന്ദ്ര സര്‍ക്കാര്‍. പിന്‍മാറുകയോ ഒപ്പിടാതിരിക്കുകയോ ചെയ്യുന്ന സംസ്ഥാനങ്ങള്‍ക്ക് പിഎം ശ്രീ പദ്ധതികളുടെ ആനൂകൂല്യങ്ങള്‍ നഷ്ടമാകാൻ സാധ്യതയുണ്ടെന്നും കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി രാജ്യസഭയെ അറിയിച്ചു.
വി ശിവദാസന്‍ എംപിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പി.എം ശ്രീ നടപ്പിലാക്കുന്ന വിദ്യാലയങ്ങളില്‍ സിബിഎസ്‌ഇ അല്ലെങ്കില്‍ സംസ്ഥാന സെക്കൻഡറി എജ്യുക്കേഷൻ ബോർഡുകളുടെ അംഗീകാരത്തിന് അനുസൃതമായി സിബിഎസ്‌ഇ പാഠ്യപദ്ധതിയോ അതത് സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ പാഠ്യപദ്ധതിയോ ആണ് പിന്തുടരുന്നതെന്ന് മറുപടിയില്‍ കേന്ദ്രം വ്യക്തമാക്കി. സാധ്യമാകുന്നത്ര എൻസിഇആർടി സിലബസിനെയും പാഠപുസ്തക വസ്തുതകളെയും അടിസ്ഥാനമാക്കി, സംസ്ഥാനങ്ങളുടെ തനതായ സവിശേഷതകളും വിഷയങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് സംസ്ഥാനങ്ങള്‍ക്ക് സ്വന്തം പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും തയ്യാറാക്കാവുന്നതാണ്. എന്നാല്‍ എൻസിഇആർടിയുടെ പാഠ്യപദ്ധതിയായിരിക്കും ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട മാനദണ്ഡമായി കണക്കാക്കുക എന്നത് ഓർമ്മയില്‍ വയ്ക്കേണ്ടതാണെന്നും മറുപടി വ്യക്തമാക്കുന്നു. അടിസ്ഥാനപരമായ തത്ത്വങ്ങളും ഭരണഘടനാ മൂല്യങ്ങളും ഉയർത്തിപ്പിടിച്ചുകൊണ്ട്, സംസ്ഥാനങ്ങളുടെ പ്രത്യേക ആവശ്യങ്ങള്‍ക്കനുസരിച്ച് പാഠ്യപദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്താനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് ഉണ്ടായിരിക്കുമെന്നും കേന്ദ്രം അറിയിച്ചു.

