ജന്തർമന്തറിലെ വിദ്യാർഥി പ്രതിഷേധത്തിനിടെ പെല്ലറ്റ് ഗണ്‍ പ്രയോഗിച്ചതുമായി ബന്ധപ്പെട്ട പരാതിയില്‍ ഡല്‍ഹി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ സാഹില്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആറ് മണിക്കൂറോളം നീണ്ട പ്രതിഷേധത്തിന് പിന്നാലെയാണ് പൊലീസ് എഫ്‌ഐആർ രേഖപ്പെടുത്തിയത്.
പരാതിയില്‍ പ്രത്യേക എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് ആദ്യം വിസമ്മതിച്ചതിനെ തുടർന്നാണ് രാഹുല്‍ ഗാന്ധി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധവുമായി എത്തിയത്. പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ സാഹിലിനൊപ്പമാണ് രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെടെയുള്ളവർ പൊലീസ് സ്റ്റേഷനിലെത്തിയത്.
വിദ്യാർഥികള്‍ക്കെതിരായ പൊലീസ് നടപടി അന്വേഷിക്കണമെന്നും പരാതിയില്‍ കേസെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സമാധാനപരമായാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നത്.

