സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് 10 ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ വകുപ്പ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ബാധകമാണ്. സംസ്ഥാനത്ത് വ്യാഴാഴ്ച വരെയും മഴ ശക്തമായി തുടരും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കേരള തീരത്തോട് ചേർന്ന് ന്യൂനമർദ്ദപാത്തി രൂപപ്പെട്ടിട്ടുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. അറബിക്കടലില്‍ ചക്രവാത ചുഴിയും നിലനില്‍ക്കുന്നുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ ഈ മാസം 28 വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം അരൂരില്‍ മിന്നലേറ്റ് 60 കാരൻ മരിച്ചു. അരൂർ കോടംതുരുത്ത് ചമ്മനാട്ടുതറയില്‍ രവിയാണ് മരിച്ചത്. വീട്ടില്‍ നിന്ന് കുളിക്കാനായി പുറത്തെ ശുചിമുറിയിലേക്ക് പോകുമ്പോഴാണ് മിന്നലേറ്റത്. ഉടൻ തുറവൂർ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിർമാണ തൊഴിലാളിയാണ് രവി.

