ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വിശദീകരണവുമായി മില്‍മ ചെയർമാൻ കെ.എസ്. മണി. മില്‍മ ശബരിമലയില്‍ നല്‍കിയ നെയ്യ് ഉല്‍പ്പന്നങ്ങളില്‍ യാതൊരുവിധ കൃത്രിമവും നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
മില്‍മയുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാൻ മുൻ മന്ത്രിമാർക്കും ദേവസ്വം ബോർഡ് അംഗങ്ങള്‍ക്കും കത്തുകള്‍ നല്‍കിയതിൻ്റെ തുടർച്ചയായാണ് ബോർഡുമായി കരാറിലെത്തിയത് . പത്തനംതിട്ട മേഖലയില്‍നിന്നാണ് ശബരിമലയിലേക്കുള്ള ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്തത്. വിതരണംചെയ്ത നെയ്യിന്റെ ഗുണനിലവാരത്തില്‍ വീഴ്ച സംഭവിച്ചതായി ദേവസ്വം ബോർഡോ മന്ത്രിയോ മില്‍മയെ ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. മില്‍മ നെയ്യ് വേണ്ടെന്ന രീതിയിലുള്ള ഉത്തരവുകള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വക്തമാക്കി.
സ്റ്റേറ്റ് ലാബിലും പമ്പയിലും രണ്ട് തവണവീതം ഗുണനിലവാര പരിശോധനകള്‍ നടത്തിയ ശേഷമാണ് നെയ്യ് വിതരണത്തിനായി കൊണ്ടുപോകുന്നത്. ആറ് തവണയെങ്കിലും ഗുണനിലവാരമില്ലാത്ത നെയ്യ് എത്തിയതായി പറയപ്പെടുന്നുണ്ടെങ്കിലും ഒരുതവണ പോലും മില്‍മയെ ഇക്കാര്യം അറിയിക്കാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.
നിലവിലെ വിവാദങ്ങളില്‍ നടക്കുന്ന അന്വേഷണവുമായി മില്‍മ പൂർണമായി സഹകരിക്കുമെന്നും അന്വേഷണത്തില്‍ മില്‍മയുമായി ബന്ധപ്പെട്ട ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.പുറത്തുവന്ന വാർത്തകള്‍ മില്‍മയുടെ ബ്രാൻഡിന് വലിയ തിരിച്ചടിയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

