മലയാള സിനിമയില്‍ ഷാജി പാപ്പനും സംഘവും സൃഷ്ടിച്ച തരംഗം ആഗോള തലത്തില്‍ വൻ വിജയമായി മാറുന്നു. മിഥുൻ മാനുവല്‍ തോമസ് സംവിധാനം ചെയ്ത 'ആട് 3 പാർട്ട് 1: വണ്‍ ലാസ്റ്റ് റൈഡ്' റിലീസ് ചെയ്ത് 25 ദിവസങ്ങള്‍ പിന്നിടുമ്ബോള്‍ 119 കോടി രൂപയുടെ ആഗോള കളക്ഷൻ സ്വന്തമാക്കി.
മാർച്ച് 19-ന് തിയേറ്ററുകളിലെത്തിയ ചിത്രം കേരളത്തിലും വിദേശത്തുമായി ഇന്നും ഹൗസ്ഫുള്‍ ഷോകളുമായി മുന്നേറുകയാണ്. മലയാളത്തില്‍ 100 കോടി ക്ലബ്ബിലെത്തുന്ന 14-ാമത്തെ ചിത്രമെന്ന ബഹുമതിയും 'ആട് 3' സ്വന്തമാക്കി.
ജയസൂര്യയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമാണിത്. കേരളത്തില്‍ നിന്ന് മാത്രം 51 കോടിയിലധികം രൂപ നേടിയ ചിത്രം, വിദേശ വിപണികളില്‍ നിന്ന് 60 കോടിയോളമാണ് സമാഹരിച്ചത്. ഫ്രൈഡേ ഫിലിം ഹൗസിനും കാവ്യ ഫിലിം കമ്ബനിക്കും ഈ ചിത്രം വലിയ സാമ്ബത്തിക നേട്ടമാണ് സമ്മാനിച്ചിരിക്കുന്നത്. വിനായകൻ, ഇന്ദ്രൻസ്, സൈജു കുറുപ്പ് തുടങ്ങി വൻ താരനിര അണിനിരന്ന ഈ എപ്പിക് ഫാൻ്റസി ചിത്രം കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകർഷിക്കുന്നു.
മലയാളത്തിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ആദ്യ പത്ത് ചിത്രങ്ങളുടെ പട്ടികയിലേക്കുള്ള കുതിപ്പിലാണ് 'ആട് 3' ഇപ്പോള്‍. ഷാജി പാപ്പന്റെയും പിള്ളേരുടെയും തമാശകളും ഷാൻ റഹ്മാന്റെ സംഗീതവും ചിത്രത്തിന് വലിയ കരുത്തായി. ആദ്യ ഭാഗം വലിയ വിജയമായതോടെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

