ആർഎസ്പി പ്രതിനിധിയായി ഷിബു ബേബി ജോണ്‍ സംസ്ഥാന മന്ത്രിസഭയിലെത്തും. തിരുവനന്തപുരത്ത് ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഷിബു ബേബി ജോണിനെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തു.
മുൻപ് കൈകാര്യം ചെയ്തിരുന്ന തൊഴില്‍ വകുപ്പിന് പകരം ഇത്തവണ കൂടുതല്‍ പ്രാധാന്യമുള്ള മറ്റൊരു വകുപ്പ് ആവശ്യപ്പെടാനാണ് ആർഎസ്പി തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഡെപ്യൂട്ടി സ്പീക്കർ ഉള്‍പ്പെടെയുള്ള മറ്റ് അധിക പദവികള്‍ക്കായി പാർട്ടി അവകാശവാദം ഉന്നയിക്കില്ല.
യുഡിഎഫിന്റെ ഉജ്ജ്വല വിജയത്തിന്റെ തിളക്കം കുറയ്ക്കുന്ന രീതിയിലുള്ള അനാവശ്യ ചർച്ചകള്‍ കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാകരുതെന്ന് ഷിബു ബേബി ജോണ്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മുന്നണിയുടെ കെട്ടുറപ്പ് നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

