സൗദി അറേബ്യയിലെ ത്വാഇഫില്‍ പെയ്ത കനത്ത മഴയില്‍ പരക്കെ നാശനഷ്ടം. അതിശക്തമായ മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ നഗരത്തിലെ പ്രധാന റോഡുകളും ഇടവഴികളും വെള്ളത്തിനടിയിലായി.
പ്രളയസമാനമായ ഒഴുക്കില്‍ റോഡുകളില്‍ നിർത്തിയിട്ടിരുന്നതും ഓടിക്കൊണ്ടിരുന്നതുമായ നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയതായാണ് വിവരങ്ങള്‍.
റോഡുകളിലൂടെയും ജനവാസ മേഖലകളിലൂടെയും വൻതോതില്‍ വെള്ളം കുതിച്ചൊഴുകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ അടിയന്തര സുരക്ഷാ മുന്നറിയിപ്പുമായി സിവില്‍ ഡിഫൻസ് രംഗത്തെത്തിയിട്ടുണ്ട്. തടയണകള്‍, താഴ്‌വരകള്‍, വെള്ളക്കെട്ടുകള്‍ രൂപപ്പെടാൻ സാധ്യതയുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് പൊതുജനങ്ങള്‍ പൂർണമായും അകന്നുനില്‍ക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ത്വാഇഫിന് പുറമെ മക്ക, അല്‍ ബാഹ, അസീർ തുടങ്ങിയ മേഖലകളിലും വരും മണിക്കൂറുകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റർ ഫോർ മെറ്റീരിയോളജി വ്യക്തമാക്കി. ഈ മേഖലകളില്‍ 'റെഡ് അലർട്ട്' പ്രഖ്യാപിച്ചിട്ടുണ്ട്.

