മുടി വരണ്ടതാവുക, അറ്റം പിളരുക, സ്വാഭാവിക തിളക്കം നഷ്ടപ്പെടുക തുടങ്ങിയ പ്രശ്നങ്ങള്‍ പലരെയും അലട്ടാറുണ്ട്. കാലാവസ്ഥയിലെ മാറ്റങ്ങള്‍, അമിതമായ ചൂട്, രാസവസ്തുക്കളുടെ ഉപയോഗം എന്നിവയെല്ലാം ഇതിന് കാരണമാകാം.
ശരിയായ പരിചരണത്തിലൂടെയും ദൈനംദിന ശീലങ്ങളിലെ മാറ്റങ്ങളിലൂടെയും വരണ്ട മുടിയുടെ അവസ്ഥ എളുപ്പത്തില്‍ മെച്ചപ്പെടുത്താൻ സാധിക്കും.
ശ്രദ്ധിക്കേണ്ട 7 കാര്യങ്ങള്‍:
- മൃദുവായ ഷാംപൂവും കണ്ടീഷണറും ഉപയോഗിക്കുക: മുടിയുടെ സ്വഭാവത്തിന് അനുയോജ്യമായ മൈല്‍ഡ് ഷാംപൂ തിരഞ്ഞെടുക്കുക. ഷാംപൂ ചെയ്യുമ്പോഴെല്ലാം നിർബന്ധമായും കണ്ടീഷണർ ഉപയോഗിക്കുന്നത് മുടിയിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും.
- വെളിച്ചെണ്ണയുടെ ഉപയോഗം: മുടിയിഴകളിലും അറ്റത്തും ചെറിയ അളവില്‍ വെളിച്ചെണ്ണ പുരട്ടുന്നത് ഈർപ്പവും പ്രോട്ടീനും നഷ്ടപ്പെടുന്നത് തടയാൻ സഹായിക്കും.
- നനഞ്ഞ മുടി ശക്തമായി തോർത്തരുത്: മുടി നനഞ്ഞിരിക്കുമ്പോള്‍ ദുർബലമായിരിക്കും. ടവല്‍ ഉപയോഗിച്ച് ശക്തമായി ഉരയ്ക്കുന്നതിന് പകരം മൈക്രോഫൈബർ തുണിയോ മൃദുവായ കോട്ടണ്‍ തുണിയോ ഉപയോഗിച്ച് മൃദുവായി അമർത്തി വെള്ളം മാറ്റുക.
- വീതിയുള്ള ചീർപ്പ് ഉപയോഗിക്കുക: മുടിയിലെ കുരുക്കുകള്‍ ബലമായി വലിച്ചുമാറ്റാതെ, വീതിയുള്ള പല്ലുകളുള്ള ചീർപ്പ് ഉപയോഗിച്ച് അറ്റങ്ങളില്‍ നിന്ന് തുടങ്ങി പതുക്കെ മുകളിലേക്ക് ചീകുക.
- ഹെയർ ഡ്രയറിന്റെ അമിത ചൂട് ഒഴിവാക്കുക: സ്ട്രെയ്റ്റനർ, കേളിങ് അയണ്‍, ഹെയർ ഡ്രയർ എന്നിവയില്‍ നിന്നുള്ള അമിത ചൂട് മുടി വരണ്ടതാക്കും. കഴിയുന്നതും മുടി സ്വാഭാവികമായി ഉണക്കുക.
- പോഷകസമൃദ്ധമായ ഭക്ഷണം: മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ പ്രോട്ടീൻ, ഇരുമ്പ്, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയ മുട്ട, മത്സ്യം, പയർവർഗങ്ങള്‍, നട്സ് തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
- ലീവ്-ഇൻ കണ്ടീഷണർ ഉപയോഗിക്കുക: മുടി കഴുകിയ ശേഷം കഴുകിക്കളയേണ്ടതില്ലാത്ത ലീവ്-ഇൻ കണ്ടീഷണർ ഉപയോഗിക്കുന്നത് മുടിയുടെ വരള്‍ച്ചയും ഫ്രിസ്സും കുറയ്ക്കാൻ സഹായിക്കും.

