വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി 'എം.എസ്.സി ബെറില്‍' എന്ന കപ്പല്‍ സ്പെയിനിലേക്ക് പുറപ്പെട്ടു.
എട്ട് കണ്ടെയ്നറുകളുമായി സ്പെയിനിലെ വലൻസിയ തുറമുഖത്തേക്കാണ് കപ്പല്‍ യാത്ര തിരിചത്. കഴിഞ്ഞ ഓഗസ്റ്റ് 18-ന് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത രണ്ട് കണ്ടെയ്നറുകള്‍ ഉള്‍പ്പെടെയാണ് കപ്പലില്‍ കയറ്റുമതി ചെയ്യുന്നത്.
മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തതില്‍ ഒരു കണ്ടെയ്നറില്‍ ഭക്ഷ്യവസ്തുക്കളും രണ്ടാമത്തേതില്‍ ഇംഗ്ലീഷ് ഇന്ത്യൻ ക്ലേയുടെ ഉല്‍പന്നങ്ങളുമാണ്. ബാക്കി ആറ് കണ്ടെയ്നറുകളില്‍ കൊച്ചിയില്‍നിന്ന് വിഴിഞ്ഞത്ത് എത്തിച്ച സീ ഫുഡ്സ് ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളാണ് ഉള്ളത്. വിഴിഞ്ഞത്തുനിന്ന് പുറപ്പെട്ട കപ്പല്‍ പോർച്ചുഗലിലെ പോർട്ട് ഓഫ് സിനെസ് (Port of Sines) തുറമുഖത്ത് മാത്രമാണ് ഇടയ്ക്ക് അടുക്കുക. അവിടെനിന്നും കപ്പല്‍ വലൻസിയയില്‍ എത്തിച്ചേരും.
വിഴിഞ്ഞത്തിന്റെ നേരിട്ടുള്ള അന്താരാഷ്ട്ര കയറ്റുമതി കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതില്‍ സുപ്രധാനമായ ചുവടുവയ്പ്പാണിത്. സാധാരണയായി കേരളത്തില്‍നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്ക് ചരക്കുകള്‍ എത്തിക്കാൻ 60 ദിവസത്തോളം സമയം വേണ്ടിവരാറുണ്ട്. എന്നാല്‍ വിഴിഞ്ഞം വഴി വെറും 20 ദിവസം കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തുവാൻ സാധിക്കും. ഇത് വലിയ സമയലാഭവും സാമ്പത്തിക നേട്ടവുമാണ് വാണിജ്യ മേഖലയ്ക്ക് നല്‍കുന്നത്.

