Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
10 കോടിയിലധികം രൂപയുടെ എംഡിഎംഎയുമായി മൂന്നു പേര്‍ മലപ്പുറം പൊലീസിന്റെ പിടിയില്‍

10 കോടിയിലധികം രൂപയുടെ എംഡിഎംഎയുമായി മൂന്നു പേര്‍ മലപ്പുറം പൊലീസിന്റെ പിടിയില്‍

Keralasabdam 3 weeks ago

ഞ്ചേരി: കേരളത്തിനകത്തും പുറത്തും വേരുകളുള്ള വൻ ലഹരിക്കടത്ത് സംഘത്തിലെ മൂന്ന് പേർ മഞ്ചേരി പോലീസിന്റെ പിടിയില്‍.

മലപ്പുറം പന്തല്ലൂർ സ്വദേശി മാമ്പ്രവളപ്പില്‍ ജാബിർ അലി (32), വയനാട് മേപ്പാടി സ്വദേശി കരിമ്പയില്‍ മുഹമ്മദ് സാലിഹ് (34), മലപ്പുറം ആനക്കയം സ്വദേശി ഷെയിം അക്ബർ (21) എന്നിവരെയാണ് കോയമ്പത്തൂരില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ ഐപിഎസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും മഞ്ചേരി ഇൻസ്പെക്ടർ ടി.ജി. ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘവും ജില്ലാ ഡാൻസാഫ് സ്ക്വാഡും ചേർന്നാണ് നടപടി.

ആഴ്ചകള്‍ക്ക് മുൻപ് മഞ്ചേരി ടൗണിലെ സ്വകാര്യ അപ്പാർട്ട്മെന്റില്‍ നടത്തിയ പരിശോധനയില്‍ 100 ഗ്രാമത്തോളം എംഡിഎംഎയുമായി ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും പ്രവർത്തിക്കുന്ന ലഹരിക്കടത്ത് സംഘത്തെക്കുറിച്ച്‌ പോലീസിന് നിർണായക വിവരങ്ങള്‍ ലഭിച്ചത്.

തുടർന്നുള്ള അന്വേഷണത്തില്‍ ഡല്‍ഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച്‌ വൻതോതില്‍ എംഡിഎംഎ ശേഖരിച്ച്‌ കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും എത്തിച്ച്‌ വില്‍പ്പന നടത്തുന്ന സംഘത്തെക്കുറിച്ച്‌ സൂചന ലഭിച്ചു.

ആഡംബര വാഹനങ്ങളില്‍ രഹസ്യ അറകള്‍

ആഡംബര വാഹനങ്ങളില്‍ പ്രത്യേക രഹസ്യ അറകള്‍ നിർമിച്ച്‌ അതിനുള്ളില്‍ ലഹരിമരുന്ന് ഒളിപ്പിച്ച്‌ കടത്തുന്നതായിരുന്നു സംഘത്തിന്റെ രീതിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. തമിഴ്നാട്ടിലെ കോയമ്പത്തൂർ, പഴനി, കൊടൈക്കനാല്‍ എന്നിവിടങ്ങളാണ് സംഘത്തിന്റെ പ്രധാന ഇടത്താവളങ്ങളെന്നും പോലീസ് കണ്ടെത്തി.

തിരക്കേറിയ നഗരകേന്ദ്രങ്ങളില്‍ ലഹരിയിടപാടുകള്‍ നടത്തുന്നതായി വ്യക്തമായതോടെ ഇടനിലക്കാരെ ഉള്‍പ്പെടെ നിരീക്ഷിച്ച്‌ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കോയമ്പത്തൂർ ടൗണിന് സമീപത്തുനിന്ന് മൂന്ന് പ്രതികളെ പിടികൂടിയത്.

ഇന്നോവയുടെ ഡോറിനുള്ളില്‍ ഒളിപ്പിച്ച എംഡിഎംഎ

പ്രതികളെ ചോദ്യം ചെയ്തതിനെ തുടർന്ന് ഇവർ സഞ്ചരിച്ചിരുന്ന കാറില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. ഇന്നോവ കാറിന്റെ ഡോർ പാടിനുള്ളില്‍ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. തിരുവനന്തപുരം മുതല്‍ കാസർഗോഡ് വരെയുള്ള വിവിധ സ്ഥലങ്ങളില്‍ വിതരണം ചെയ്യുന്നതിനായി 100 ഗ്രാം മുതല്‍ 500 ഗ്രാം വരെ അളവിലുള്ള പാക്കറ്റുകളാക്കി എംഡിഎംഎ സൂക്ഷിച്ചിരുന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. കേരളത്തിലും തമിഴ്നാട്ടിലും യുവാക്കള്‍ക്കിടയില്‍ ചില്ലറ വില്‍പ്പന നടത്തുന്നതിനായി എത്തിച്ച 10 കോടിയിലധികം രൂപയുടെ എംഡിഎംഎയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.

എംഡിഎംഎയുടെ ഉറവിടം കണ്ടെത്തുന്നതിനും സംഘവുമായി ബന്ധപ്പെട്ട കൂടുതല്‍ കണ്ണികളെ കണ്ടെത്തുന്നതിനുമായി അന്വേഷണം തുടരുകയാണ്.

പെരിന്തല്‍മണ്ണ ഡിവൈഎസ്പി ഗോപകുമാർ, നാർക്കോട്ടിക് സെല്‍ ഡിവൈഎസ്പി എൻ.ഒ. സിബി, മലപ്പുറം ഡിവൈഎസ്പി സുഭാഷ് ബാബു, മഞ്ചേരി ഇൻസ്പെക്ടർ ദിലീപ്, മഞ്ചേരി സ്റ്റേഷനിലെ എഎസ്‌ഐ മുഹമ്മദാലി, തൗഫീഖ് മുബാറക്ക്, പ്രദീപ്കുമാർ എന്നിവരും ജില്ലാ ഡാൻസാഫ് സ്ക്വാഡും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam