ഈ വർഷത്തെ വിഷുഫലം പൊതുവില്‍ എല്ലാ കൂറുകാർക്കും വളരെ ഗുണകരമാണ്. ജൂണ്‍ മാസത്തോടെ വ്യാഴം ഉച്ചനായി മാറുന്നതോടെ കഴിഞ്ഞ കുറേക്കാലമായി കഷ്ടത അനുഭവിച്ചിരുന്ന നക്ഷത്രക്കാർ ദൈവാനുഗ്രഹത്താല്‍ ശുഭപ്രതീക്ഷകള്‍ക്ക് അവസരം വരുന്നു.
വ്യാഴം അനിഷ്ടസ്ഥാനത്ത് വരുന്നവർക്ക് കൂടി ഉച്ചനാകയാല്‍ ഗുണം ചെയ്തില്ലെങ്കിലും ദോഷം ചെയ്യുകയില്ല എന്നതാണ് ആശ്വാസം.
വിഷു മുതല്‍ തുടങ്ങുന്ന ഒരു പുതുവർഷത്തിന്റെ സാമാന്യ ഫലങ്ങളാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാല്‍ കൂടി പരിശോധിച്ച് ഗുണദോഷ ഫലങ്ങള്‍ വിലയിരുത്തണം.
മേടക്കൂറ്: (അശ്വതി, ഭരണി, കാർത്തിക 1-ാം പാദം)
കടബാധ്യതകള്‍ കുറയും. കുടുംബസ്വത്ത് കൈവരാം. മാതൃഗുണം. പരിശ്രമശാലികള്‍ക്ക് പരീക്ഷാവിജയം. രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർക്ക് വേണ്ടപോലെ പ്രവർത്തിച്ച് നേട്ടങ്ങളുണ്ടാക്കാൻ കഴിയും. ധനനഷ്ടം വരാതെ ശ്രദ്ധിക്കുക. അപഖ്യാതിക്ക് ഇടവരുമെങ്കിലും ദൈവകൃപയാല്‍ ദോഷമില്ല. ഉദ്യോഗത്തില്‍ ശരിയായ തീരുമാനമെടുത്ത് തക്കസമയത്ത് ചെയ്യുന്ന പ്രവൃത്തികള്‍ നാളെ ഫലം തരും. കുടുംബപ്രശ്‌നങ്ങളെ നയപരമായി പരിഹരിക്കണം. സാമൂഹ്യപ്രവർത്തകർ കൂടെനില്‍ക്കുന്നവരില്‍ നിന്നും ചതിപറ്റാതെ നോക്കണം. ദൈവികപ്രീതികർമ്മങ്ങള്‍ അനുഷ്ഠിക്കണം. പഠനത്തില്‍ കഠിനാദ്ധ്വാനം വേണം. സ്വദേശത്തായാലും വിദേശത്തായാലും ജോലിക്ക് പലതരം പ്രശ്‌നങ്ങള്‍ വരാം. അർഹതപ്പെട്ട ധനം കിട്ടാതെ വരാം. ബന്ധുവിരോധം, ശിക്ഷണനടപടികള്‍, അപവാദം മുതലായ ദോഷങ്ങളെ തരണം ചെയ്യുവാൻ കഴിയാൻ ദൈവാധീനം വർദ്ധിപ്പിക്കുക.
പരിഹാരാർത്ഥം ശനി, വ്യാഴപ്രീതികർമ്മങ്ങള്‍, കാക്കയ്ക്ക് ഭക്ഷണം, ഹനുമാൻ ചാലിസ പാരായണം.
ഇടവക്കൂറ്: (കാർത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)
ജൂണ്‍ മുതല്‍ ധന ഇടപാടുകളില്‍ ജാഗ്രത. സന്താനങ്ങളെ നിരീക്ഷിക്കുക. തറവാട്ടുസ്വത്തില്‍ തർക്കം വരാം. അന്യരുടെ കാര്യങ്ങളില്‍ ഇടപെട്ട് പഴിവാങ്ങരുത്. ആരോഗ്യപരമായി നല്ല കാലം. കലാകാരന്മാർക്കും സാമൂഹ്യപ്രവർത്തകർക്കും വ്യക്തിപരമായി ചില നേട്ടങ്ങള്‍. കുടുംബ അഭിവൃദ്ധി. ഒപ്പം ദമ്പതികള്‍ക്കിടയില്‍ അകല്‍ച്ച ഉണ്ടാകാൻ സാധ്യതയുണ്ട്. വിവാഹത്തിന് അനുകൂല സമയം. കായികം, നിയമം, സൈന്യം, പോലീസ് ഈ മേഖലയില്‍ പ്രവർത്തിക്കുന്നവർക്ക് ഗുണകാലം. ഭരണരംഗത്ത് വർത്തിക്കുന്നവർക്ക് അഭിപ്രായ ഭിന്നത, ടെൻഷൻ. വിദേശത്തുള്ളവർക്ക് അഭിവൃദ്ധികൊണ്ട് അഭിമാനിക്കാവുന്ന തരത്തിലുള്ള നേട്ടങ്ങള്‍. ധനകാര്യം സമ്പന്നമായിരിക്കും. വിദേശവിഷയത്തില്‍ വളരെ പെട്ടെന്നുള്ള സാധ്യതകള്‍ കാണുന്നു. ഇതരതൊഴില്‍രംഗത്തും അഭിമാനാർഹമായ അഭിവൃദ്ധി നേടും. പ്രണയത്തില്‍ ആദ്യപകുതിക്കുശേഷം സ്വല്‍പ്പം അസ്വസ്ഥതകള്‍ അനുഭവപ്പെട്ടേക്കാം. സന്താനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങള്‍ അനുഭവപ്പെടും. ഈശ്വരാധീനത്താല്‍ കുടുംബപ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കും.
പരിഹാരാർത്ഥം വിഷ്ണുവിന്റെ അവതാരമൂർത്തികള്‍ക്ക് നിവേദ്യം, ഗുരുതുല്യർക്കും വൃദ്ധർക്കും അന്നം നല്‍കണം. ദേവിക്ക് കടുംപായസം.
മിഥുനക്കൂറ്:(മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണർതം 1, 2, 3 പാദങ്ങള്‍)
മാറ്റത്തിന്റെ സുവർണ്ണകാലം. കഴിഞ്ഞ കാലദുഃഖദുരിതങ്ങള്‍ ശമിക്കുന്നു. കടബാധ്യത തീരാൻ വഴിതെളിയും. ഇന്നലെ തള്ളിപ്പറഞ്ഞവർ തേടിവരും. സൗഹൃദങ്ങളില്‍ അതീവജാഗ്രത വേണം. ജോലിയില്‍ അനുഭവിച്ചുവരുന്ന കഷ്ടത നീങ്ങും. ശത്രുദോഷങ്ങള്‍ക്ക് ശമനം വരും. പുതിയജോലി തേടുന്നവർക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. തൊഴില്‍, സാമ്പത്തികരംഗം ഇവ മെച്ചപ്പെട്ടുവരാം. വിവാഹം, സർക്കാർ ജോലി ഇവ പ്രതീക്ഷിക്കുന്നവർക്ക് അവ ലഭിക്കുകയും പല പ്രകാരത്തിലുള്ള സാമ്പത്തിക ഉന്നതിക്കുവേണ്ടിയുള്ള ശ്രമം ഫലവത്തായിത്തീരുകയും ചെയ്യും. വിദ്യാർത്ഥികള്‍ക്ക് ഊർജ്ജസ്വലതയോടുകൂടി പ്രവർത്തിച്ച് നേട്ടങ്ങള്‍ ഉണ്ടാക്കാൻ സാധിക്കുന്ന സമയമാണ്. വിദേശയോഗം, ബിസിനസ്സില്‍ ഗുണകരമായ മാറ്റങ്ങള്‍. വീടുപണി തുടങ്ങാൻ കഴിയും. സാമൂഹ്യ- കലാ-സാഹിത്യരംഗത്തുള്ളവർക്ക് അപ്രതീക്ഷിത സ്ഥാനലബ്ധി, പുതിയ അവസരങ്ങള്‍.
പരിഹാരാർത്ഥം ശാസ്താവിന് എള്ളുപായസം, ദേവിക്ക് കുങ്കുമാർച്ചന. ശിവന് ജലധാര, പിൻവിളക്ക്.
കർക്കിടകക്കൂറ്:(പുണർതം 4-ാം പാദം, പൂയം, ആയില്യം)
ഭാവിയിലേക്ക് വേണ്ടുന്ന പദ്ധതികള്‍ തുടങ്ങിവയ്ക്കാം. മംഗല്യഭാഗ്യം. വിദേശഗുണം. ആരോഗ്യപ്രശ്‌നങ്ങള്‍ മാറും. മനഃക്ലേശങ്ങള്‍ക്ക് പോംവഴി കണ്ടെത്തും. കടബാധ്യതകള്‍ കുറയും. പുതിയ ജോലി സാധ്യത. ജോലിയില്‍ ഗുണകരമായ മാറ്റം. വിദ്യാർത്ഥികള്‍ കാര്യങ്ങളോട് വിമുഖത കാണിക്കും. അല്‍പ്പം മടിയും ഉണ്ടാകാം. പ്രാർത്ഥനകള്‍ ഫലിക്കും. സാമൂഹ്യരാഷ്ട്രീയ പ്രവർത്തകരും കലാകാരന്മാർക്കും സംയമനത്തോടെ കഴിഞ്ഞാല്‍ കാര്യങ്ങള്‍ ഏകദേശം ഗുണകരമായി മാറും. പുതിയ അവസരങ്ങള്‍ക്ക് വഴിതെളിയും. കുടുംബത്തില്‍ ക്ഷമ ശീലിക്കുക. സഹായികളുടെ വിശ്വാസത്തിലൂടെ കാര്യങ്ങള്‍ സഫലീകരിക്കാൻ കഴിയും. ബിസിനസ്സില്‍ വളർച്ചയ്ക്ക് ശ്രമിക്കേണ്ടതാണ്. സാമ്പത്തിക ക്രയവിക്രയങ്ങള്‍ നന്നായി ശ്രദ്ധിച്ചുചെയ്യുക. മോശം കൂട്ടുകെട്ടുകളില്‍ ജാഗ്രത. സന്താനങ്ങളെ നന്നായി ശ്രദ്ധിക്കുക. വാക്കുകളില്‍ നിയന്ത്രണം വേണം. എല്ലാരുമായും രമ്യതയില്‍ കഴിയണം.
പരിഹാരാർത്ഥം ദേവീപ്രീതി, ഗണപതിഹോമം, സുബ്രഹ്മണ്യന് പഞ്ചാമൃതം. വിഷ്ണു സഹസ്രനാമജപം.
ചിങ്ങക്കൂറ്:(മകം, പൂരം, ഉത്രം 1-ാം പാദം)
ധനപരമായ ഇടപാടുകളില്‍ ജാഗ്രത വേണം. പഴയകാല സുഹൃത്തുക്കളെ ആകസ്മികമായി കണ്ടുമുട്ടും. ലഭിക്കാവുന്ന സർക്കാർ സഹായങ്ങള്‍ക്ക് തടസ്സം. ജോലിലഭ്യതയും വിവാഹം പോലുള്ള മംഗളകർമ്മങ്ങള്‍ നടക്കാനും സാധിക്കും. കച്ചവടം തുടങ്ങാനുള്ള വഴിതെളിയും. വിദേശയാത്രയ്ക്ക് അവസരം വന്നുചേരും. മധ്യസ്ഥത, ജാമ്യം, കടബാധ്യത ഇവയില്‍ ചെന്നുപെടരുത്. ആരോഗ്യപരമായും തൊഴില്‍, കുടുംബം ഇവയെല്ലാം ഊർജ്ജസ്വലതയോടുകൂടി കാണപ്പെടും. കർമ്മരംഗം ഉന്നതിയെ പ്രാപിച്ച് പല ഇടപാടുകളും നടത്തപ്പെടും. ഭാവിയെ കരുതിയുള്ള ആശങ്ക വേണ്ട. രാഷ്ട്രീയ സാമൂഹ്യ- കലാരംഗത്തുള്ളവർ പേരുദോഷം വരാതെ ശ്രദ്ധിക്കുക. ഭാവിക്കുവേണ്ടി പ്രവർത്തിക്കും. കൃഷിയില്‍ അഭിവൃദ്ധി ഉണ്ടാകും. ഊഹക്കച്ചവടം ചെയ്യുന്നവർക്കും ഉന്നതി ഉണ്ടാകും. ജൂണിനുശേഷം ധനവരവില്‍ അല്‍പ്പം കുറവുവരും. ജീവിതശൈലീ രോഗങ്ങളാല്‍ ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിക്കുന്നവർ വളരെ കരുതലോടെയിരിക്കണം.
പരിഹാരാർത്ഥം വിഷ്ണുവിന്റെ അവതാരമൂർത്തിക്ഷേത്രങ്ങളില്‍ ഭാഗ്യസൂക്താർച്ചന. ഹനുമാൻസ്വാമിക്ക് വടമാല, ശാസ്താവിന് എള്ളുപായസം, കാക്കയ്ക്ക് ഭക്ഷണം നല്‍കുക. ചാമുണ്ഡി അല്ലെങ്കില്‍ ഭദ്രകാളിക്ക് കടുംപായസം, ശിവന് ജലധാര, പിൻവിളക്ക്, ഭാഗ്യസൂക്തപുഷ്പാഞ്ജലി, ഗണപതിഹോമം.
കന്നിക്കൂറ്:(ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്തിര 1, 2 പാദങ്ങള്‍)
അപ്രതീക്ഷിത ധനലാഭം. ബിസിനസ്സില്‍ ഗുണകരമായ മാറ്റങ്ങള്‍. അപ്രതീക്ഷിത മനോവിഷമങ്ങള്‍ അലട്ടും. പ്രണയിനിയുമായി പിണങ്ങാതെ നോക്കണം. പുതിയ ജോലി, പഠനവിജയം, മംഗല്യഭാഗ്യം. നിലവിലുള്ള കർമ്മഗുണങ്ങള്‍. ധനലഭ്യത കണ്ടുതുടങ്ങും. രാഷ്ട്രീയ സാമൂഹ്യ-കലാരംഗത്ത് ഉയർച്ചയും പല വിധേന സാമ്പത്തികവളർച്ച കൈവരിക്കും. കുടുംബവിഷയങ്ങള്‍ സാധൂകരിക്കപ്പെടുകയും ചെയ്യും. സന്താനങ്ങള്‍ക്ക് ആഗ്രഹിച്ചിരുന്ന ജോലി. സർക്കാർ ഗുണലഭ്യതയും ഉണ്ടാകും. ഗൃഹനിർമ്മാണം സാധിക്കും.
പരിഹാരാർത്ഥം ശാസ്താവിന് നീരാജനം, സുബ്രഹ്മണ്യന് പനിനീരഭിഷേകം, ദേവിക്ക് കുങ്കുമാർച്ചന.
തുലാക്കൂറ് (ചിത്തിര 3, 4 പാദങ്ങള്‍, ചോതി, വിശാഖം 1, 2, 3 പാദങ്ങള്‍)
രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ അപ്രതീക്ഷിത തിരിച്ചടികള്‍ കരുതിയിരിക്കുക. ധനഭാഗ്യാനുഭവങ്ങള്‍ വന്നുചേരും. ഉദ്യോഗം, വിദ്യ കർമ്മം, ബിസിനസ്സ് ഇവയില്‍ പരീക്ഷണകാലം. വിദേശവാസത്തിന് യോഗം. ബന്ധങ്ങള്‍ വിപുലീകരിക്കാനും നേട്ടത്തിനും ഗുണകാലം. കരാറുകള്‍, ഭൂമി ഇടപാടുകള്‍ ഇവയ്ക്കും അനുകൂലം. ജൂണിനുശേഷം എല്ലാ കാര്യങ്ങളിലും മന്ദത വരാം. കലാരംഗത്ത് വിചാരിക്കുന്നപോലെ അവസരം വരില്ല. ഭാഗ്യാവസരങ്ങള്‍ അടുത്തെത്തുമെങ്കിലും നടക്കണമെന്നില്ല. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് കാലതാമസം ഉണ്ടാകും. വിദ്യാർത്ഥികള്‍ പഠിപ്പില്‍ അലസത പാടില്ല. അനാരോഗ്യ പ്രവണത, അനാവശ്യസൗഹൃദം ഒഴിവാക്കിക്കോളൂ. കർമ്മപുരോഗതിക്കായി കഠിനമായി ശ്രമിക്കണം. നിയമരംഗത്ത് പ്രവർത്തിക്കുന്നവർ കൂടുതല്‍ ശ്രദ്ധ പുലർത്തുക.
പരിഹാരാർത്ഥം സുബ്രഹ്മണ്യപ്രീതി, ശാസ്താവിന് നെയ് ദീപം, ഹനുമാൻ ചാലിസ ജപം, ദേവിക്ക് കടുംപായസം.
വൃശ്ചികക്കൂറ്: (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)
ജൂണ്‍ മുതല്‍ ധനനേട്ടം, കടങ്ങള്‍ മാറിവരും. രാഷ്ട്രീയ സാമൂഹ്യ-കലാപ്രവർത്തകർ ചെറിയ സംഘർഷങ്ങളെ അഭിമുഖീകരിക്കും. ജോലിയിലും ബിസിനസ്സിലും സമ്മർദ്ദങ്ങളെ അതിജീവിക്കണം. വരവിനേക്കാള്‍ ചെലവ് നിയന്ത്രിക്കണം. ശത്രുക്കളെ സൂക്ഷിച്ചുവേണം നീങ്ങാൻ. വർഷപകുതിക്ക് ശേഷം പ്രായേണ കാര്യങ്ങള്‍ വരുതിക്കുള്ളില്‍ വരും. വഞ്ചകരെ തിരിച്ചറിയാൻ സാധിക്കും. ലോണ്‍, സർക്കാർ കാര്യങ്ങള്‍ ഇവയില്‍ സമയാനുകൂല്യാവസ്ഥ അനുഭവവേദ്യമാകുന്നതാണ്. പഠനമാന്ദ്യം അനുഭവപ്പെടും. നിയമനങ്ങള്‍ പ്രതീക്ഷിച്ചിരുന്നവർക്ക് അവസരം ഉണ്ടാകാം. ഭാഗ്യാനുഭവങ്ങള്‍ വർദ്ധിക്കും. അപ്രതീക്ഷിതമായി ധനം വന്നുചേരും. മംഗല്യ യോഗം, പ്രണയം പൂവണിയും, ജോലിയില്‍ ഉയർച്ചയും ഗൃഹം സ്വന്തമാക്കാനും കഴിയും. തടസ്സപ്പെട്ട് കിടന്ന വിദേശയാത്ര സഫലീകൃതമാവും.
പരിഹാരാർത്ഥം ഗണപതി, ചാമുണ്ഡിപ്രീതി, നവാക്ഷരി മന്ത്രജപം.
ധനുക്കൂറ്: (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)
അപ്രതീക്ഷിത ധനനഷ്ട സാധ്യത. ബിസിനസ്സില്‍ പുതിയ പദ്ധതികള്‍ ഉടൻ വേണ്ട. കലാ-സാമൂഹ്യ-രാഷ്ട്രീയരംഗത്ത് ഗുണാധിക്യ സമയമാകുന്നു. ആഗ്രഹത്തിനൊത്ത് ഏകദേശം ചലിക്കാൻ സാധിക്കും. വിവാഹം, വാഹനം ഉപരിപഠനം ഇവയില്‍ കാലതാമസം. ഭവനസ്വപ്നം സാധൂകരിക്കപ്പെടും. പ്രണയസാഫല്യം, തൊഴില്‍രംഗത്ത് നല്ല രീതിയില്‍ പുരോഗതിയുണ്ടാകുമെങ്കിലും പലപ്പോഴും ആരോഗ്യപ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം ഉണ്ടാവാൻ സാധ്യത. സൗഹൃദങ്ങളില്‍ അമിതമായ വിശ്വാസം വേണ്ട. ആഡംബര ഭ്രമം ഉപേക്ഷിക്കണം. ആത്മീയത വർദ്ധിപ്പിക്കുക. ബുദ്ധികൊണ്ട് ഈ സമയത്തെ അതിജീവിച്ചാല്‍ വലിയ ബുദ്ധിമുട്ട് ഉണ്ടാവാതെ വർത്തിക്കാൻ കഴിയും.
പരിഹാരാർത്ഥം വിഷ്ണുപ്രീതി. ഗുരുതുല്യർക്ക് ഇഷ്ടഭക്ഷണം. ദാനധർമ്മം. രാമായണം സുന്ദരകാണ്ഡപാരായണം.
മകരക്കൂറ്:(ഉത്രാടം 2, 3, 4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍)
കിട്ടില്ലെന്ന് എഴുതിത്തള്ളിയ ധനഭാഗ്യം തേടിവരും. അപ്രതീക്ഷിത സ്ഥാനലബ്ധി. ജീവിതത്തില്‍ ഏകദേശം അനുഗൃഹീതമായ അവസ്ഥകള്‍ സൃഷ്ടിക്കപ്പെടും. സ്വപ്നപദ്ധതികള്‍ക്ക് വളരെ നല്ല സമയമായിരിക്കും. ഇന്നലെകളില്‍ തനിക്ക് അബദ്ധമായി എന്നുതോന്നിയ കാര്യങ്ങളില്‍ മാറി ചിന്തിക്കണം. വിദേശയാത്ര അനുകൂലം. പല ഗുണങ്ങളും സാമ്പത്തിക അഭിവൃദ്ധിയും കുടുംബ ഉന്നതിയും ആഗ്രഹാനുസരണമുള്ള വിവാഹം. വിദേശപഠനം, കൃഷിയില്‍ ഉന്നതി, നടക്കാൻ സാധിക്കാത്ത കാര്യങ്ങളുടെ സാക്ഷാത്കാരം. അപ്രതീക്ഷിതമായ സുഹൃത്‌സമാഗമം. യാത്രയില്‍ സാമ്പത്തികനേട്ടം. ജോലിമാറ്റത്തിലൂടെ ഉന്നതി.
പരിഹാരാർത്ഥം ഗണപതി, ദേവിപ്രീതി, ലളിതാസഹസ്ര നാമാർച്ചന, തിരുവല്ല വല്ലഭ ഭഗവാന് കേശാദിമാല. സുബ്രഹ്മണ്യന് പഞ്ചാമൃതം.
കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍)
മാറ്റത്തിന്റെ പെരുമഴക്കാലം. ധനനേട്ടത്തിന് അവസരമൊരുങ്ങും. സാമൂഹ്യ-കലാ-രാഷ്ട്രീയക്കാർക്ക് വളരെ ഗുണപ്രദമായിരിക്കും. തൊഴില്‍ രംഗത്ത് പ്രതീക്ഷയ്‌ക്കൊത്ത് വളർച്ച നേടാൻ സാധിക്കും. പുതിയ ജോലി സാദ്ധ്യത തെളിയും. വീട്ടില്‍ നിർമ്മാണ പ്രവർത്തനങ്ങള്‍ നടത്താൻ സാധിക്കും. പഠനകാര്യങ്ങളില്‍ ജാഗ്രത വേണം. സൗഹൃദങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. പലരംഗത്തും വിജയപ്രതീക്ഷകള്‍ ഉണ്ടാകുമെങ്കിലും ശത്രുക്കളെ കരുതിയിരിക്കുക. വ്യക്തിപരമായ ഇടപാടുകളില്‍ രഹസ്യം സൂക്ഷിക്കണം. സാമൂഹ്യപ്രവർത്തകർക്ക് പല പ്രതിസന്ധികളും അഭിമുഖീകരിക്കേണ്ടിവരും. പ്രശ്‌നങ്ങളെ നയപരമായി പരിഹരിക്കണം. ദൈവികപ്രീതികർമ്മങ്ങള്‍ അനുഷ്ഠിക്കണം.
പരിഹാരാർത്ഥം ഹനുമാൻസ്വാമിക്ക് അവല്‍, ശാസ്താവിന് പാനകം, വിഷ്ണുവിന് സുദർശനാർച്ചന, ഗണപതിഹോമം, നവാക്ഷരി മന്ത്രജപം.
മീനക്കൂറ്: (പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)
കഷ്ടകാലം ഒഴിയുന്നു. കടബാധ്യതകള്‍ കുറയും. കുടുംബസ്വസ്ഥത കൈവരും. രാഷ്ട്രീയ സാമൂഹ്യ കലാകാരന്മാർ അനുഭവിച്ചുവരുന്ന വൈഷമ്യങ്ങള്‍ അകലും. ബിസിനസ്സില്‍ മാറ്റങ്ങള്‍ക്ക് ഏറ്റവും അനുകൂല സമയം. ഇടപാടുകളില്‍ സംയമനം പാലിച്ചില്ലെങ്കില്‍ ശത്രുക്കളെ സൃഷ്ടിക്കപ്പെടും. ഉചിതമായ വിവാഹലബ്ധി, പ്രണയസാഫല്യം, സല്‍സന്താനഭാഗ്യം, ഉപരിപഠനവിജയം, സന്താനങ്ങള്‍ക്ക് ഉയർച്ച, ഗൃഹനിർമ്മാണം. ഭൂമി ഇടപാടില്‍ ഗുണം. കുടുംബവസ്തുവകകള്‍ കൈവശം വന്നുചേരും. വിദേശയോഗത്താല്‍ എല്ലാവിധത്തിലുള്ള ഐശ്വര്യലബ്ധിയും ഉണ്ടാകുന്നതാണ്.
പരിഹാരാർത്ഥം ശാസ്താവ്, ഹനുമാൻസ്വാമി, നരസിംഹസ്വാമി, ദുർഗ്ഗാദേവീപ്രീതി വേണം. കാക്കയ്ക്ക് ഭക്ഷണംനല്‍കുക.

