Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
3 ലക്ഷത്തിലധികം വീസകള്‍ റദ്ദാക്കി ട്രംപ് ഭരണകൂടം; ഇന്ത്യക്കാര്‍ക്കും തിരിച്ചടി

3 ലക്ഷത്തിലധികം വീസകള്‍ റദ്ദാക്കി ട്രംപ് ഭരണകൂടം; ഇന്ത്യക്കാര്‍ക്കും തിരിച്ചടി

Keralasabdam 1 day ago

വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ രണ്ടാം ഭരണകാലത്ത് മൂന്ന് ലക്ഷത്തിലധികം വിദേശ പൗരന്മാരുടെ വീസകള്‍ റദ്ദാക്കിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്.

2026 ഒക്ടോബർ 20 വരെയുള്ള കണക്കുകള്‍ പ്രകാരം വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വീസകളാണ് റദ്ദാക്കിയത്. ഇതില്‍ ഇന്ത്യക്കാരുടെ എണ്ണവും ഗണ്യമായതായാണ് റിപ്പോർട്ടുകള്‍. കുടിയേറ്റ നിയമങ്ങള്‍ കർശനമാക്കുന്നതിന്റെയും രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് നടപടികളെന്ന് അധികൃതർ വ്യക്തമാക്കുന്നു.

അമേരിക്കയുടെ ചരിത്രത്തില്‍ ഇത്രയും കുറഞ്ഞ കാലയളവിനുള്ളില്‍ ഇത്രയധികം വീസകള്‍ റദ്ദാക്കുന്നത് ആദ്യമാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് അറിയിച്ചു. നിയമലംഘനം നടത്തുന്നവർക്കും രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിദേശ പൗരന്മാർക്കും എതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ തുടരുമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്.

കുറ്റകൃത്യങ്ങളില്‍ ഏർപ്പെടുന്നവർ, കുടിയേറ്റ നിയമങ്ങള്‍ ലംഘിക്കുന്നവർ, ജനന ടൂറിസവുമായി ബന്ധപ്പെട്ട ക്രമക്കേടുകളില്‍ ഉള്‍പ്പെട്ടവർ എന്നിവരാണ് പ്രധാനമായും നടപടികള്‍ നേരിടുന്നത്. വീസ അപേക്ഷകളിലും ഔദ്യോഗിക രേഖകളിലും തെറ്റായ ജനനത്തീയതികള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കി അധികൃതരെ കബളിപ്പിച്ചവർക്കെതിരെയും നടപടി ശക്തമാക്കിയിട്ടുണ്ട്. അക്രമവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിലും മദ്യപിച്ച്‌ വാഹനമോടിക്കല്‍ ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങളിലും ഉള്‍പ്പെട്ടവരുടെ വീസകളും റദ്ദാക്കിയിട്ടുണ്ട്.

വിദ്യാർഥി, തൊഴില്‍, ടൂറിസ്റ്റ് വീസകളുള്‍പ്പെടെ വിവിധ വിഭാഗങ്ങളിലുള്ളവരെയാണ് പരിശോധനയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എഫ്, എം, ജെ വിഭാഗങ്ങളിലെ വിദ്യാർഥി വീസകള്‍, എച്ച്‌-1ബി, എല്‍-1 തൊഴില്‍ വീസകള്‍, ബി1/ബി2 ടൂറിസ്റ്റ് വീസകള്‍ എന്നിവയും പരിശോധനയ്ക്ക് വിധേയമാകുന്നു. വീസാ വ്യവസ്ഥകള്‍ ലംഘിക്കുന്ന വിദ്യാർഥികള്‍, തൊഴില്‍ കരാറുകളിലെ നിബന്ധനകള്‍ പാലിക്കാത്തവർ, രേഖകളില്‍ കൃത്രിമം കാണിക്കുന്നവർ, അനുവദിച്ച കാലാവധി കഴിഞ്ഞും അമേരിക്കയില്‍ തുടരുന്നവർ എന്നിവർക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നുണ്ട്.

അതേസമയം, ട്രംപ് ഭരണകൂടത്തിന്റെ വീസ റദ്ദാക്കല്‍ നടപടികള്‍ക്കെതിരെ മനുഷ്യാവകാശ സംഘടനകളും കുടിയേറ്റ അനുകൂലികളും രംഗത്തെത്തിയിട്ടുണ്ട്. നടപടികളില്‍ സുതാര്യതയില്ലെന്നും ആവശ്യമായ നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ചില വീസകള്‍ റദ്ദാക്കുന്നതെന്നും ഇവർ ആരോപിക്കുന്നു. ഇത്തരം നടപടികള്‍ വിദേശ വിദ്യാർഥികള്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാർക്കിടയില്‍ ആശങ്കയും അരക്ഷിതാവസ്ഥയും വർധിപ്പിക്കുന്നതായും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam