Dailyhunt
60 മണ്ഡലങ്ങളില്‍ 'തീപ്പാറും' പോരാട്ടം; കേരളം വിധിയെഴുതാൻ മണിക്കൂറുകള്‍ മാത്രം

60 മണ്ഡലങ്ങളില്‍ 'തീപ്പാറും' പോരാട്ടം; കേരളം വിധിയെഴുതാൻ മണിക്കൂറുകള്‍ മാത്രം

Keralasabdam 5 days ago

തിരുവനന്തപുരം: കേരളം കാത്തിരുന്ന ആ നിർണ്ണായക ദിനത്തിലേക്ക് ഇനി വെറും രണ്ട് നാള്‍. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ പാരമ്യത്തില്‍ എത്തിനില്‍ക്കെ, നാളെ കൊട്ടിക്കലാശം.

വ്യാഴാഴ്ച ജനവിധി. വികസന മുദ്രാവാക്യങ്ങളും ആരോപണ പ്രത്യാരോപണങ്ങളും അന്തരീക്ഷത്തില്‍ നിറയുമ്പോഴും, അണിയറയില്‍ ഒരുങ്ങുന്ന നിശബ്ദമായ അടിയൊഴുക്കുകള്‍ ഇത്തവണ ആരെ തുണയ്ക്കുമെന്ന ആശങ്കയിലാണ് മുന്നണികള്‍.
പ്രവചനാതീതം ഈ 60 മണ്ഡലങ്ങള്‍
സംസ്ഥാനത്തെ 140 മണ്ഡലങ്ങളില്‍ 60 ഇടത്തും പോരാട്ടം ഇഞ്ചോടിഞ്ചാണെന്നാണ് വിലയിരുത്തല്‍. ഇവിടെ ഫലം പ്രവചിക്കുക അസാധ്യം. സ്ഥാനാർത്ഥികളുടെ വ്യക്തിപ്രഭാവം, സാമുദായിക സമവാക്യങ്ങള്‍, ജാതി വോട്ടുകള്‍ എന്നിവയ്‌ക്കൊപ്പം അവസാന നിമിഷം രൂപപ്പെടുന്ന രാഷ്ട്രീയ കാറ്റും വിജയപരാജയങ്ങളെ സ്വാധീനിക്കും.
ത്രികോണ പോരാട്ടം നടക്കുന്ന 10 മണ്ഡലങ്ങള്‍
ബി.ജെ.പിക്ക് ശക്തമായ സ്വാധീനമുള്ള 10 മണ്ഡലങ്ങളില്‍ ഇക്കുറി മത്സരം അതിശക്തമായ ത്രികോണ പോരാട്ടത്തിലേക്കാണ് നീങ്ങുന്നത്. ഇതില്‍ ഭൂരിഭാഗവും എല്‍.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുകളാണ്. ബി.ജെ.പി പിടിക്കുന്ന വോട്ടുകള്‍ ആരുടെ വിജയത്തെ ബാധിക്കുമെന്നത് ഇടത്-വലത് മുന്നണികളെ ഒരുപോലെ മുള്‍മുനയില്‍ നിർത്തുന്നു.

ജില്ല മണ്ഡലങ്ങള്‍
തിരുവനന്തപുരം നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്
കൊല്ലം ചാത്തന്നൂർ
എറണാകുളം കുന്നത്തുനാട്
കോട്ടയം പാലാ
തൃശൂർ തൃശൂർ
പാലക്കാട് പാലക്കാട്
കാസർകോട് മഞ്ചേശ്വരം, കാസർകോട്

വിധി നിർണ്ണയിക്കുന്ന മറ്റ് 50 പോർക്കളങ്ങള്‍
മറ്റ് 50 മണ്ഡലങ്ങളിലും കടുത്ത മത്സരമാണ് നടക്കുന്നത്. ഇരു മുന്നണികളും ഒരുപോലെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും വോട്ടർമാരുടെ മനസ്സ് എങ്ങോട്ടാണെന്നത് നിഗൂഢം.

പ്രധാനപ്പെട്ട ചില മണ്ഡലങ്ങള്‍ താഴെ:
തെക്കൻ കേരളം: നെയ്യാറ്റിൻകര, കോവളം, കൊല്ലം, കൊട്ടാരക്കര, കരുനാഗപ്പള്ളി, കുണ്ടറ, അമ്പലപ്പുഴ, കായംകുളം, ആറന്മുള, കോന്നി.
മധ്യകേരളം: ഇടുക്കി, ഉടുമ്പഞ്ചോല, പൂഞ്ഞാർ, തൃപ്പൂണിത്തുറ, കൊച്ചി, കളമശേരി, ചാലക്കുടി, കൊടുങ്ങല്ലൂർ.
വടക്കൻ കേരളം: തൃത്താല, കോഴിക്കോട് സൗത്ത്, കുറ്റ്യാടി, തവനൂർ, പൊന്നാനി, മാനന്തവാടി, കണ്ണൂർ, അഴീക്കോട്.
വികസനത്തിനപ്പുറം പ്രാദേശിക വിഷയങ്ങളും മുന്നണികള്‍ ഉയർത്തുന്ന വൈകാരിക വിഷയങ്ങളും ഈ മണ്ഡലങ്ങളില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അന്തിമ വിജയം ആർക്കൊപ്പം നില്‍ക്കുമെന്ന് അറിയാൻ കേരളം ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam