Dailyhunt
ആരോപണക്കനലില്‍ ബൂത്തിലേക്ക്; വോട്ടെടുപ്പ് ദിനത്തിലും അടങ്ങാതെ പോര്

ആരോപണക്കനലില്‍ ബൂത്തിലേക്ക്; വോട്ടെടുപ്പ് ദിനത്തിലും അടങ്ങാതെ പോര്

Keralasabdam 3 weeks ago

തിരുവനന്തപുരം: ആരോപണ പ്രത്യാരോപണങ്ങള്‍ കൊടുമ്പിരിക്കൊണ്ട പ്രചാരണത്തിനൊടുവില്‍ കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്.

'ഡീല്‍' രാഷ്ട്രീയത്തില്‍ തുടങ്ങി പണമൊഴുക്കും ഭക്ഷ്യക്കിറ്റ് വിവാദവും വരെ നീളുന്ന പോരാട്ടവീര്യത്തിലാണ് മുന്നണികള്‍. നിശബ്ദ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലും നാടകീയമായ വെളിപ്പെടുത്തലുകള്‍ അരങ്ങേറിയതോടെ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഒരു പോരാട്ടമായി നിയമസഭാ തിരഞ്ഞെടുപ്പ് മാറിയിരിക്കുകയാണ്.
പ്രധാന വിവാദങ്ങള്‍ ഒറ്റനോട്ടത്തില്‍
പാലക്കാട്ടെ പണമിടപാട്: ബി.ജെ.പി പ്രവർത്തക വോട്ടർക്ക് പണം നല്‍കുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടത് പാലക്കാട് വലിയ ചർച്ചയായി. എന്നാല്‍ ഇതൊരു 'ഉണ്ടയില്ലാ വെടി' മാത്രമാണെന്ന് ശോഭാ സുരേന്ദ്രൻ പ്രതിരോധിച്ചു. പത്താം തീയതിക്ക് ശേഷം വലിയ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്ന ശോഭയുടെ പ്രസ്താവന വരുംദിവസങ്ങളിലും വിവാദം പുകയുമെന്ന സൂചനയാണ് നല്‍കുന്നത്.
അടൂരിലെ 'ലഘുലേഖ' തർക്കം: യു.ഡി.എഫ് സ്ഥാനാർത്ഥി സി.വി. ശാന്തകുമാറിനെതിരെ എല്‍.ഡി.എഫ് ലഘുലേഖ വിതരണം ചെയ്തത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. വൈകാരികമായി പ്രതികരിച്ച സ്ഥാനാർത്ഥി പെരുമാറ്റച്ചട്ട ലംഘനത്തിന് കേസിലകപ്പെട്ടതും തിരഞ്ഞെടുപ്പ് ചൂട് കൂട്ടി.
നേമത്തെ പണമൊഴുക്ക്: നേമത്ത് ബി.ജെ.പി മദ്യവും പണവും ഒഴുക്കുന്നുവെന്ന് മന്ത്രി വി. ശിവൻകുട്ടിയുടെ ഇലക്ഷൻ ഏജന്റ് പരാതി നല്‍കി. മണ്ഡലത്തില്‍ ശക്തമായ ത്രികോണ പോരാട്ടം നടക്കുന്നതിനിടെയാണ് ഈ ആരോപണം.
ഭക്ഷ്യക്കിറ്റും കള്ളവോട്ട് ആരോപണവും: തൃശൂരില്‍ ബി.ജെ.പി നേതാവിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ നിന്ന് ഫ്ലയിംഗ് സ്ക്വാഡ് പിടിച്ചെടുത്ത ഭക്ഷ്യക്കിറ്റുകള്‍ രാഷ്ട്രീയ ആയുധമാക്കി എല്‍.ഡി.എഫും യു.ഡി.എഫും രംഗത്തെത്തി. അതേസമയം, മഞ്ചേശ്വരത്ത് പ്രവാസികളുടെ പേരില്‍ കള്ളവോട്ട് ചെയ്യാൻ യു.ഡി.എഫ് ശ്രമിക്കുന്നുവെന്ന് ബി.ജെ.പി പരാതി നല്‍കിയിട്ടുണ്ട്.
വികസനവും രാഷ്ട്രീയവും ചർച്ചയാകേണ്ട തിരഞ്ഞെടുപ്പ് വേളയില്‍ അവസാന നിമിഷം വ്യക്തിപരമായ ആരോപണങ്ങള്‍ക്കും ക്രമക്കേടുകള്‍ക്കും മുൻതൂക്കം ലഭിക്കുന്നത് വോട്ടർമാരെ എങ്ങനെ സ്വാധീനിക്കുമെന്ന് കണ്ടറിയണം.
വിവാദങ്ങള്‍ ബൂത്തിന് പുറത്ത് കത്തുമ്പോഴും, വിധിയെഴുതാൻ വോട്ടർമാർ ക്യൂവിലേക്ക് നീങ്ങുകയാണ്. വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ കേരളത്തിന്റെ രാഷ്ട്രീയ ചിത്രം വ്യക്തമാകും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam