കണ്ണൂർ: അധ്യാപികമാർ പ്രതികളായ ലഹരി ഇടപാട് കേസില്‍ ഒളിവിലുള്ള മുഖ്യപ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) നീക്കം തുടങ്ങി.
നേരത്തെയും ലഹരിക്കേസില്‍ പ്രതിയായ വയനാട് പുല്‍പ്പള്ളി സ്വദേശിയെ കണ്ടെത്താനുള്ള അന്വേഷണം കൂടുതല്‍ ഊർജിതമാക്കിയിട്ടുണ്ട്.
അന്വേഷണത്തിനിടെ പ്രതിയുടെ പുതിയ മൊബൈല്‍ നമ്പർ ഉള്‍പ്പെടെയുള്ള നിർണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. ഇയാളെ ഉടൻ പിടികൂടാൻ കഴിയാത്ത സാഹചര്യത്തില്‍ കേസില്‍ പ്രതിചേർത്ത് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് തീരുമാനം.
അറസ്റ്റിലായ അധ്യാപികമാരായ കീർത്തന, കാവ്യ, നീഷ്മ എന്നിവരുടെയും ഇരിട്ടി സ്വദേശി ജിജിൻ കുര്യക്കോസിന്റെയും പ്രധാന കണ്ണിയായാണ് ഒളിവിലുള്ള പ്രതിയെ അന്വേഷണ സംഘം കണക്കാക്കുന്നത്. എക്സൈസ് രജിസ്റ്റർ ചെയ്ത കേസില്‍ പ്രതിയായ ഇയാള്‍ അധ്യാപികമാരുടെ അറസ്റ്റ് നടന്നതിന് പിന്നാലെ ഒളിവില്‍ പോയതായും ഫോണ്‍ ഉപയോഗം പൂർണമായി അവസാനിപ്പിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
ജിജിൻ കുര്യക്കോസുമായി പ്രതിക്ക് അടുത്ത ബന്ധമുണ്ടായിരുന്നെന്നും ഇരുവരും തമ്മില്‍ വലിയ തോതില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നുമാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. രാജ്യം വിടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുന്നത്.
അതേസമയം, ജിജിൻ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറിയ പണത്തിന്റെ വിവരങ്ങളും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. ഈ അക്കൗണ്ടുകളുടെ യഥാർഥ ഉടമകളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ബാങ്ക് രേഖകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിക്കുന്ന നടപടി പൂർത്തിയാകുന്നതോടെ കേസില്‍ കൂടുതല്‍ പേർ അറസ്റ്റിലാകാൻ സാധ്യതയുണ്ടെന്ന സൂചനയാണ് എസ്.ഐ.ടി. നല്‍കുന്നത്.

