കൊല്ലം: സ്വത്തുതർക്കത്തെ തുടർന്ന് അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസില്‍ രണ്ടാം പ്രതിയായ മകള്‍ അശ്വതി അച്ചു എന്ന അശ്വതി (37) അറസ്റ്റില്‍.
തിരുവനന്തപുരത്തെ ഫ്ലാറ്റില്‍നിന്നാണ് അശ്വതിയെ പൊലീസ് പിടികൂടിയത്. കേസില്‍ അശ്വതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി നേരത്തേ തള്ളിയിരുന്നു. കേസിലെ ഒന്നാം പ്രതിയും അശ്വതിയുടെ മകളുമായ അമൃത (18) നേരത്തേ അറസ്റ്റിലായിരുന്നു.
കഴിഞ്ഞ മാസം 26നാണ് ആയൂർ ഇടമുളയ്ക്കല്‍ സ്വദേശിനിയായ രാധാമണി (61) പൊള്ളലേറ്റ് ചികിത്സ തേടിയത്. വീട്ടിലെ സിറ്റൗട്ടിലിരിക്കുകയായിരുന്ന രാധാമണിയുടെ മുഖത്തേക്ക് അമൃത തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു. മുഖത്തും കഴുത്തിലും ഗുരുതരമായി പൊള്ളലേറ്റ രാധാമണി ദിവസങ്ങളോളം ചികിത്സയില്‍ കഴിഞ്ഞു.
അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിക്കാൻ അശ്വതിയാണ് നിർദേശിച്ചതെന്നാണ് അമൃത പൊലീസിന് നല്‍കിയ മൊഴി. അശ്വതി വെള്ളം തിളപ്പിച്ച് പാത്രത്തിലാക്കി നല്‍കിയശേഷം രാധാമണിയുടെ ദേഹത്തേക്ക് ഒഴിക്കാൻ ആവശ്യപ്പെട്ടെന്നായിരുന്നു മൊഴി.
ഹണി ട്രാപ്പ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് അശ്വതി. സ്വത്തുതർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കേസ്.

