Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അഴിമതിക്ക് വഴങ്ങില്ല; നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി എം. ലിജു

അഴിമതിക്ക് വഴങ്ങില്ല; നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി എം. ലിജു

Keralasabdam 1 week ago

തിരുവനന്തപുരം: എക്‌സൈസ് വകുപ്പിലെ നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ക്കും അഴിമതിക്കും എതിരെ കർശന നിലപാട് തുടരുമെന്ന് എക്‌സൈസ് മന്ത്രി എം.

ലിജു. ഉദ്യോഗസ്ഥൻ എത്ര ഉന്നത പദവിയിലിരിക്കുന്നയാളായാലും വീഴ്ച കണ്ടെത്തിയാല്‍ നടപടിയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. കോട്ടയത്ത് മാസപ്പടി വാങ്ങിയെന്ന പരാതിയെ തുടർന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർക്കെതിരെ നടപടി സ്വീകരിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

ശക്തമായ മുന്നറിയിപ്പുകള്‍ പലതവണ നല്‍കിയിട്ടും ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചകള്‍ ഉണ്ടായതായി മന്ത്രി പറഞ്ഞു. കോട്ടയത്ത് നിന്ന് ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധനയും തുടർനടപടികളും സ്വീകരിച്ചത്. കൃത്യമായ തെളിവുകള്‍ ശേഖരിച്ച ശേഷമാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

എക്‌സൈസ് വകുപ്പിലെ അഴിമതിക്കെതിരെ 'സീറോ ടോളറൻസ്' നയമാണ് സർക്കാർ പിന്തുടരുന്നതെന്ന് മന്ത്രി പറഞ്ഞു. മികച്ച രീതിയില്‍ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ അംഗീകരിക്കുകയും അഴിമതിയിലും നിയമവിരുദ്ധ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യും. വകുപ്പിനുള്ളിലെ ക്രമക്കേടുകള്‍ കണ്ടെത്തിയതിനു പിന്നാലെ എക്‌സൈസ് വകുപ്പും എക്‌സൈസ് വിജിലൻസും ചേർന്നാണ് നടപടികള്‍ സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

മയക്കുമരുന്നിന്റെ വ്യാപനം വർധിക്കുന്ന സാഹചര്യത്തില്‍ അഴിമതിമുക്തമായ എക്‌സൈസ് സംവിധാനം അനിവാര്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സമൂഹത്തിന്റെ സുരക്ഷയ്ക്കും പുരോഗതിക്കും ശക്തമായ എക്‌സൈസ് സംവിധാനം ആവശ്യമാണ്. അതിനാല്‍ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല.

ഉദ്യോഗസ്ഥർക്കെതിരായ നടപടികള്‍ പഴുതടച്ച രീതിയിലായിരിക്കണമെന്നത് സർക്കാരിന്റെ നിർദേശമാണെന്നും മന്ത്രി പറഞ്ഞു. കുറ്റം തെളിയുന്നവർക്കെതിരെ ശിക്ഷ ഉറപ്പാക്കുന്ന തരത്തിലായിരിക്കും തുടർനടപടികളെന്നും എം. ലിജു വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam