ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്റ്റാമർ സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചു. ലേബർ പാർട്ടിക്കുള്ളില്‍ മാസങ്ങളായി ശക്തിപ്രാപിച്ചിരുന്ന നേതൃത്വവിരുദ്ധ വികാരവും സമീപകാല തിരഞ്ഞെടുപ്പുകളിലെ തിരിച്ചടികളുമാണ് ഒടുവില്‍ സ്റ്റാമറുടെ രാജിയിലേക്ക് നയിച്ചത്.
പാർട്ടിയിലെ നൂറിലധികം എംപിമാരും നിരവധി മുതിർന്ന മന്ത്രിമാരും അദ്ദേഹത്തിനെതിരെ നിലപാട് സ്വീകരിച്ചതാണ് നിർണായകമായത്.
ഗ്രേറ്റർ മാഞ്ചസ്റ്റർ മുൻ മേയറും ലേബർ പാർട്ടിയിലെ സ്വാധീനമുള്ള നേതാവുമായ ആൻഡി ബർണാം അടുത്തിടെ നടന്ന മേക്കർഫീല്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് പാർലമെന്റിലെത്തിയതോടെ നേതൃത്വമാറ്റത്തിനായുള്ള സമ്മർദം കൂടുതല്‍ ശക്തമായി. പുതിയ ലേബർ നേതാവായും ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയായും ബർണാമിന്റെ പേരാണ് ഇപ്പോള്‍ മുൻനിരയില്‍ ഉയരുന്നത്.
2024 ജൂലൈയില്‍ ലേബർ പാർട്ടിയെ വൻ വിജയത്തിലേക്ക് നയിച്ച സ്റ്റാമർ, 650 അംഗ പാർലമെന്റില്‍ 411 സീറ്റുകള്‍ നേടിയാണ് അധികാരത്തിലെത്തിയത്. എന്നാല്‍ പ്രധാനമന്ത്രിയായി രണ്ട് വർഷം പൂർത്തിയാകാൻ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് അദ്ദേഹത്തിന്റെ പിന്മാറ്റം. രാജി തീരുമാനം ചാള്‍സ് രാജാവിനെ അറിയിച്ചതായും പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ അദ്ദേഹം ചുമതലയില്‍ തുടരുമെന്നും അറിയിച്ചു. സെപ്റ്റംബർ ആദ്യവാരത്തോടെ പുതിയ പ്രധാനമന്ത്രി അധികാരമേല്‍ക്കുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ കുറേ മാസങ്ങളായി സ്റ്റാമറുടെ നേതൃത്വത്തെച്ചൊല്ലി പാർട്ടിക്കുള്ളില്‍ അതൃപ്തി വർധിച്ചിരുന്നു. അദ്ദേഹത്തിന്റെ ജനപ്രീതി ഇടിഞ്ഞതും അത് ലേബറിന്റെ രാഷ്ട്രീയ സാധ്യതകളെ ബാധിക്കുന്നുവെന്ന വിലയിരുത്തലും വിമതശക്തികള്‍ക്ക് കരുത്തായി. നേതൃമാറ്റം ആവശ്യപ്പെടുന്ന എംപിമാരുടെ എണ്ണം നൂറുകണക്കിന് കടന്നതോടെയാണ് സ്ഥിതി നിയന്ത്രണാതീതമായത്.
ലേബർ പാർട്ടിക്ക് ഒരുമാസം മുമ്പ് കൗണ്‍സില്‍ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെത്തുടർന്ന് ഉടലെടുത്ത വിമത നീക്കമാണ് കഴിഞ്ഞ രണ്ടുദിവസത്തിനുള്ളില്‍ പൊടുന്നനെ ശക്തിപ്രാപിച്ച് പ്രധാനമന്ത്രിയുടെ രാജിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. ഭാവി നേതാവായും പ്രധാനമന്ത്രിയായും പാർട്ടിയിലെ വിമതർ ഉയർത്തിക്കാട്ടുന്ന മാഞ്ചസ്റ്റർ മേയർ ആൻഡി ബർണാം വ്യാഴാഴ്ച മേക്കർഫീല്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതോടെയാണ് വിമത നീക്കം ശക്തിപ്പെട്ടത്. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മന്ത്രിസഭയിലെ ഉന്നതർപോലും നേരിട്ട് രംഗത്തെത്തി. വിദേശകാര്യ സെക്രട്ടറി യുവെറ്റ് കൂപ്പർ, ഹോം സെക്രട്ടറി ഷബാന മഹ്മൂദ്, ട്രാൻസ്പോർട്ട് സെക്രട്ടറി ഹെയ്ദി അലക്സാണ്ടർ എന്നിവരെല്ലാം സ്റ്റാമർ മാറണമെന്ന നിലപാടുകാരാണ്. ഇവർക്കൊപ്പം നിരവധി എംപിമാരും ഇതിനോടകം പരസ്യമായി നേതൃമാറ്റം ആവശ്യപ്പെട്ട് രംഗത്തു വന്നുകഴിഞ്ഞു.
വിമത നീക്കം ശക്തമാക്കി ആൻഡി ബർണാം പാർട്ടി നേതൃത്വത്തിലേക്ക് മല്‍സരിക്കാനിറങ്ങിയാല്‍ താനും മല്‍സരരംഗത്ത് ഉണ്ടാകുമെന്ന ഉറച്ച നിലപാടിലാണ് പ്രധാനമന്ത്രി ഇന്നലെ വരെ ഉണ്ടായിരുന്നത്. എംപിയായി വെസ്റ്റ്മിനിസ്റ്ററിലെത്തുന്ന ആൻഡി ബർണാമിന് പാർട്ടി നേതൃസ്ഥാനത്തേക്ക് മല്‍സരിക്കാൻ 20 ശതമാനം എംപിമാരുടെ പിന്തുണ ആവശ്യമാണ് നിലവിലെ ലേബർ എംപിമാരുടെ എണ്ണം വച്ചുനോക്കിയാല്‍ ഇതിനു വേണ്ടത് 80 പേരുടെ പിന്തുണയാണ്. ഇത് നേടാൻ ബർണാമിന് ഒരു പ്രയാസവുമില്ല. ഇന്നാണ് എംപിയായി ബർണാം സത്യപ്രതിജ്ഞ ചെയ്യുക. അദ്ദേഹത്തോടൊപ്പം മറ്റു രണ്ടു ഉപതിരഞ്ഞെടുപ്പുകളില്‍ ജയിച്ച എംപിമാരും സത്യപ്രതിജ്ഞ ചെയ്യും.
എമിഗ്രേഷൻ നയത്തിലെ പാളിച്ചകള്‍ മുതലെടുത്ത് തീവ്ര വലതുപക്ഷ പാർട്ടിയായ റിഫോം യുകെ പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ നടത്തിയ വൻ കുതിപ്പാണ് സ്റ്റാമറുടെ കസേര ഇളക്കിയത്. റിഫോമിനെ നേരിടാൻ സ്റ്റാമറുടെ രാഷ്ട്രീയ നേതൃത്വം അപര്യാപ്തമാണെന്നാണ് വിമത പക്ഷം. 2017 മുതല്‍ ഗ്രേറ്റർ മാഞ്ചസ്റ്ററിന്റെ മേയറായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ആൻഡി ബർണാം പാർട്ടിയിലെ പോപ്പുലർ നേതാവാണ്. 56കാരനായ ബർണാമിന് നേരത്തെ പാർലമെന്റിലേക്ക് മല്‍സരിക്കാൻ പാർട്ടി സീറ്റ് നിഷേധിച്ച സാഹചര്യമുണ്ടായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ വിശ്വസ്തനായ ലേബർ എംപി മേക്കർഫീല്‍ഡില്‍ രാജിവച്ച് ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കുകയായിരുന്നു.

