ചെങ്ങന്നൂർ: സംസ്ഥാനത്ത് വേനല്‍ കടുക്കുന്നതിനിടെ സാധാരണക്കാരന് ഇരുട്ടടിയായി ചെറുനാരങ്ങ വില കുതിച്ചുയരുന്നു.
വിപണിയില്‍ നാരങ്ങയ്ക്ക് പൊള്ളുന്ന വിലയായതോടെ സാധാരണക്കാരും ചെറുകിട കച്ചവടക്കാരും കടുത്ത പ്രതിസന്ധിയിലായി. കഴിഞ്ഞ ഒരു മാസത്തിനിടെ നാരങ്ങയുടെ വിലയില്‍ ഇരട്ടിയിലധികം വർധനവാണ് രേഖപ്പെടുത്തിയത്. നിലവില്‍ കിലോയ്ക്ക് 260 രൂപ മുതല്‍ 300 രൂപ വരെയാണ് വിവിധയിടങ്ങളിലെ ചില്ലറ വില്പന നിരക്ക്.
ഏപ്രില്‍ പകുതി വരെ കിലോയ്ക്ക് 160-180 രൂപ നിലവാരത്തിലായിരുന്ന വിലയാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ റെക്കോർഡ് ഉയരത്തിലെത്തിയത്. കേരളം നാരങ്ങയ്ക്കായി പ്രധാനമായും ആശ്രയിക്കുന്ന ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ ഉല്‍പാദനം കുറഞ്ഞതാണ് പ്രധാന പ്രതിസന്ധി.
വടക്കേ ഇന്ത്യയിലെ കൊടും ചൂട് വിതരണ ശൃംഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശില്‍ നിന്നുള്ള നാരങ്ങയുടെ വലിയൊരു പങ്ക് നിലവില്‍ ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ വടക്കൻ വിപണികളിലേക്കാണ് പോകുന്നത്. അവിടെ ഡിമാൻഡ് വർധിച്ചതോടെ കേരളത്തിലേക്കുള്ള വരവ് പരിമിതപ്പെട്ടത് വിലക്കയറ്റത്തിന് ആക്കം കൂട്ടി.
നാരങ്ങ വില വർധിച്ചതോടെ ഹോട്ടലുകളിലും ബേക്കറികളിലും പാനീയങ്ങളുടെ വില ഉയർത്തിത്തുടങ്ങി. നാരങ്ങാവെള്ളത്തിന് ഗ്ലാസിന് ശരാശരി അഞ്ച് മുതല്‍ പത്ത് രൂപ വരെയാണ് വർധനവുണ്ടായത്. 20 രൂപയായിരുന്ന നാരങ്ങാവെള്ളത്തിന് ഇപ്പോള്‍ പലയിടത്തും 30 രൂപയോ അതിലധികമോ നല്‍കണം. വിപണിയില്‍ നാരങ്ങയുടെ ലഭ്യത കുറഞ്ഞത് വഴിയോരങ്ങളിലെ സർബത്ത് കച്ചവടക്കാരെയും സാരമായി ബാധിച്ചിട്ടുണ്ട്.
കടുത്ത ചൂട് മൂലം അയല്‍സംസ്ഥാനങ്ങളിലെ ഉല്‍പാദനത്തിലുണ്ടായ ഇടിവും വേനല്‍ കടുത്തതോടെ ശീതളപാനീയങ്ങള്‍ക്കുള്ള ഡിമാൻഡ് വർധിച്ചതും
വടക്കേ ഇന്ത്യൻ വിപണികളിലേക്ക് നാരങ്ങ വൻതോതില്‍ വഴിതിരിച്ചു വിടുന്നതും വില വർധനയ്ക്ക് കാരണമായതായി വിദഗധർ പറയുന്നു
ഒരു മാസത്തേക്ക് കൂടി നാരങ്ങ വില ഇതേ നിലയില്‍ തുടരാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു. വരും ദിവസങ്ങളില്‍ ചൂട് ഇനിയും വർധിച്ചാല്‍ വില വീണ്ടും ഉയരുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. വേനല്‍ മഴ വ്യാപകമായാല്‍ മാത്രമേ ഉല്‍പാദനം വർധിക്കാനും വിപണിയിലെ വിലക്കയറ്റത്തിന് അറുതിയാകാനും സാധ്യതയുള്ളൂവെന്ന് വ്യാപാരികള്‍ പറയുന്നു.

