ദോഹ: വർദ്ധിച്ചുവരുന്ന യാത്രാച്ചെലവുകളും വിമാന ടിക്കറ്റ് നിരക്കിലെ അസ്ഥിരതയും കാരണം വിദേശയാത്രകള്‍ക്ക് പകരം ഖത്തറിനുള്ളില്‍ തന്നെ അവധിക്കാലം ആഘോഷിക്കുന്ന 'സ്റ്റേക്കേഷൻ' (Staycation) രീതിയിലേക്ക് പ്രവാസികള്‍ കൂട്ടത്തോടെ മാറുന്നു.
ഈദ് അല്‍ അദ്ഹ ഉള്‍പ്പെടെയുള്ള വിശേഷദിവസങ്ങളിലും വാരാന്ത്യങ്ങളിലും ഖത്തറിലെ ഹോട്ടലുകള്‍, ബീച്ചുകള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍ എന്നിവടങ്ങളിലെല്ലാം വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.വിമാനത്താവളങ്ങളിലെ നീണ്ട ക്യൂവും ഭാരമേറിയ ലഗേജുകളുമായുള്ള യാത്രകളും ഒഴിവാക്കി, സ്വന്തം വാഹനത്തില്‍ തൊട്ടടുത്തുള്ള ഹോട്ടലുകളിലേക്കോ റിസോർട്ടുകളിലേക്കോ പോയി അവധിക്കാലം ആസ്വദിക്കുന്നതിനാണ് പലരും ഇപ്പോള്‍ മുൻഗണന നല്‍കുന്നത്. നിലവിലെ പ്രാദേശിക സാഹചര്യങ്ങളും യാത്രാ തടസ്സങ്ങളെക്കുറിച്ചുള്ള ആശങ്കകളും ഈ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് താമസക്കാർ പറയുന്നു.
വിദേശയാത്രകള്‍ എപ്പോഴും ആവേശകരമാണ്, എന്നാല്‍ വൻതുക യാത്രാച്ചെലവില്ലാതെ തന്നെ ഒരു അവധിക്കാലത്തിന്റെ അതേ അനുഭൂതി സ്റ്റേക്കേഷനുകള്‍ സമ്മാനിക്കുന്നുണ്ട്. സങ്കീർണ്ണമായ യാത്രാ പ്ലാനുകള്‍ തയ്യാറാക്കുന്നതിന് പകരം സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചിനോട് ചേർന്നുള്ള ഹോട്ടലില്‍ സമയം ചിലവഴിക്കാനാണ് ഞാൻ ഇത്തവണ തീരുമാനിച്ചതെന്ന് പ്രവാസിയായ ജെറാള്‍ഡിൻപ്രതികരിച്ചു.കുട്ടികളുള്ള കുടുംബങ്ങള്‍ക്കും ഇത്തരം പ്രാദേശിക യാത്രകള്‍ വലിയ ആശ്വാസമാണ് നല്‍കുന്നത്. വിമാനത്താവളങ്ങളിലെ കർശനമായ പരിശോധനകളും ദീർഘദൂര യാത്രകളും കുട്ടികളില്‍ ഉണ്ടാക്കുന്ന മാനസിക സമ്മർദ്ദം ഒഴിവാക്കാൻ സ്റ്റേക്കേഷനുകള്‍ സഹായിക്കുന്നുണ്ടെന്ന് ഫിലിപ്പീൻസ് സ്വദേശിയായ നാർഡ്സ് പറഞ്ഞു.ആഭ്യന്തര സഞ്ചാരികളുടെ ഈ വർദ്ധിച്ചുവരുന്ന താല്പര്യം മുൻനിർത്തി ഖത്തറിലെ ഹോട്ടലുകളും വിനോദകേന്ദ്രങ്ങളും ആകർഷകമായ പാക്കേജുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കുടുംബങ്ങള്‍ക്കായുള്ള പ്രത്യേക പരിപാടികള്‍, സ്പാ, സ്വിമ്മിംഗ് പൂള്‍ സൗകര്യങ്ങള്‍, ഫിറ്റ്നസ് പ്രോഗ്രാമുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. തിരക്കേറിയ വിദേശ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെ ഓടിനടക്കുന്നതിന് പകരം, കുടുംബത്തോടൊപ്പം വിശ്രമിക്കാനും വ്യായാമങ്ങളില്‍ ഏർപ്പെടാനും ഇത്തരം ഹോട്ടല്‍ വാസങ്ങള്‍ സഹായിക്കുന്നതായി യുവാക്കള്‍ സാക്ഷ്യപ്പെടുത്തുന്നു.
ദീർഘകാലമായി ഖത്തറില്‍ ജീവിക്കുന്ന പലരും ഇതുവരെ കാണാത്ത രാജ്യത്തെ പ്രധാന മ്യൂസിയങ്ങള്‍, പൊതു ബീച്ചുകള്‍, മരുഭൂമിയിലെ വിനോദകേന്ദ്രങ്ങള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍ എന്നിവ കാണാനും ഈ അവസരം ഉപയോഗപ്പെടുത്തുന്നുണ്ട്. ഒരു വിദേശ സഞ്ചാരിയുടെ കണ്ണിലൂടെ സ്വന്തം പ്രവാസഭൂമിയെ വീണ്ടും കണ്ടറിയാനും ആസ്വദിക്കാനും കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പല പ്രവാസികളും ഈ അവധിക്കാലം പൂർത്തിയാക്കുന്നത്.

