Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ട്രംപിന്റെ മുഖമുള്ള 'എക്സ്റ്റസി' ഗുളിക; ഉള്ളില്‍ മാരക രാസവസ്തു

ട്രംപിന്റെ മുഖമുള്ള 'എക്സ്റ്റസി' ഗുളിക; ഉള്ളില്‍ മാരക രാസവസ്തു

Keralasabdam 3 weeks ago

ആംസ്റ്റർഡാം: അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുഖത്തിന്റെ ആകൃതിയിലുള്ള മാരക ലഹരിഗുളികകള്‍ നെതർലൻഡ്സില്‍ കണ്ടെത്തിയതായി റിപ്പോർട്ട്.

സാധാരണ 'എക്സ്റ്റസി' ഗുളികകളില്‍ കാണുന്ന എംഡിഎംഎയ്ക്ക് പകരം അതീവ അപകടകാരിയായ പിഎംഎംഎ അടങ്ങിയ ഗുളികകളാണ് ലാബ് പരിശോധനയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ നെതർലൻഡ്സിലെ ഡച്ച്‌ ഡ്രഗ് ഇൻഫർമേഷൻ ആൻഡ് മോണിറ്ററിങ് സിസ്റ്റം ഉള്‍പ്പെടെയുള്ള അധികൃതർ ജാഗ്രതാ നിർദേശം നല്‍കി.

ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങളും പഠനങ്ങളും നടത്തുന്ന ട്രിംബോസ് ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഗുളികകള്‍ക്കെതിരെ 'റെഡ് അലർട്ട്' പുറപ്പെടുവിച്ചത്. ലാബ് പരിശോധനയ്ക്കായി ലഭിച്ച സാമ്പിളുകളിലാണ് അപകടകാരിയായ രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയത്.

പച്ച, മഞ്ഞ തുടങ്ങിയ നിറങ്ങളിലുള്ള ഗുളികകളുടെ ഒരു വശത്ത് ട്രംപിന്റെ മുഖവും മറുവശത്ത് 'NL', 'Trump' എന്നീ അടയാളങ്ങളും പതിച്ചിട്ടുണ്ട്. പുറമേ സാധാരണ എക്സ്റ്റസി ഗുളികകളെപ്പോലെ തോന്നുമെങ്കിലും, ഇവയില്‍ അടങ്ങിയിരിക്കുന്ന പിഎംഎംഎയാണ് പ്രധാന അപകടകാരണം.

വൈകി പ്രവർത്തിക്കുന്നത് കൂടുതല്‍ അപകടം

പിഎംഎംഎ ശരീരത്തില്‍ പ്രവർത്തിക്കാൻ എംഡിഎംഎയെക്കാള്‍ കൂടുതല്‍ സമയമെടുക്കാം. ഇതോടെ ലഹരി അനുഭവപ്പെടുന്നില്ലെന്ന് കരുതി ഒരാള്‍ വീണ്ടും ഗുളിക കഴിക്കാനുള്ള സാധ്യത വർധിക്കും. ഇത് അമിത ഡോസിനും ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇടയാക്കാം.

ശരീര താപനില അപകടകരമായ രീതിയില്‍ ഉയരുന്നതടക്കം ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകാനും ഒടുവില്‍ മരണം സംഭവിക്കാനും സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.

'ഈ ഗുളികകള്‍ ഒരു കാരണവശാലും ഉപയോഗിക്കരുത്' എന്നാണ് ട്രിംബോസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കർശന മുന്നറിയിപ്പ്. നിലവില്‍ ഈ ഗുളികകള്‍ കഴിച്ചതിനെ തുടർന്ന് ആർക്കെങ്കിലും അപകടം സംഭവിച്ചതായി റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് സ്ഥാപനത്തിന്റെ വക്താവ് ആനിക് ഗ്രൂത്തൂയിസ് അറിയിച്ചു.

നെതർലൻഡ്സില്‍ ഇത്തരം ലഹരിമരുന്നുകള്‍ നിർമിക്കുന്നതും കൈവശം വയ്ക്കുന്നതും നിയമവിരുദ്ധമാണ്. എന്നാല്‍ രാജ്യത്തെ ക്ലബ്ബുകളിലും സംഗീതമേളകളിലും എക്സ്റ്റസി ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളുടെ ഉപയോഗം വ്യാപകമാണെന്നാണ് റിപ്പോർട്ടുകള്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam