Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എസ്‌എംഎ മരുന്ന് വിവാദം: നാറ്റ്കോ പ്രതിനിധികള്‍ മന്ത്രിയുടെ ഓഫീസിലെത്തി; ദൃശ്യങ്ങള്‍ പുറത്ത്

എസ്‌എംഎ മരുന്ന് വിവാദം: നാറ്റ്കോ പ്രതിനിധികള്‍ മന്ത്രിയുടെ ഓഫീസിലെത്തി; ദൃശ്യങ്ങള്‍ പുറത്ത്

Keralasabdam 13 hrs ago

എസ്‌എംഎ (സ്പൈനല്‍ മസ്കുലർ അട്രോഫി) ബാധിച്ച കുട്ടികള്‍ക്ക് നല്‍കുന്ന മരുന്ന് മാറ്റാനുള്ള നടപടികള്‍ക്കിടെ ആരോഗ്യവകുപ്പിനെ പ്രതിരോധത്തിലാക്കി പുതിയ വെളിപ്പെടുത്തലുകള്‍.

നാറ്റ്കോ കമ്പനി പ്രതിനിധികള്‍ കെ. മുരളീധരന്റെ ഓഫീസിലെത്തി കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കമ്പനി പ്രതിനിധികള്‍ക്കൊപ്പം എസ്‌എടി സൂപ്രണ്ട് ഡോ. ഐ. റിയാസും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. സംഭവം ആരോഗ്യവകുപ്പും സ്ഥിരീകരിച്ചു. എന്നാല്‍, കോർപറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സിഎസ്‌ആർ) ആവശ്യവുമായി ബന്ധപ്പെട്ടാണ് പ്രതിനിധികള്‍ എത്തിയതെന്നാണ് വകുപ്പിന്റെ വിശദീകരണം.

എസ്‌എംഎ ബാധിതരായ കുട്ടികള്‍ക്ക് പരീക്ഷണാടിസ്ഥാനത്തിലുള്ള മരുന്ന് നല്‍കിയിരുന്നത് എസ്‌എടിയില്‍ നിന്നായിരുന്നു. ഇതിനിടെയാണ് മരുന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട നടപടികളില്‍ കമ്പനി പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയും ചർച്ചയാകുന്നത്.

പുതിയ മരുന്നിനെക്കുറിച്ച്‌ എസ്‌എംഎ ബാധിതർ പരാതിപ്പെട്ടിട്ടില്ലെന്ന ആരോഗ്യമന്ത്രിയുടെ വാദവും പുറത്തുവന്ന രേഖകള്‍ ചോദ്യം ചെയ്യുന്നു. മരുന്നിനെക്കുറിച്ചുള്ള ആശങ്കകള്‍ അറിയിച്ച്‌ രോഗബാധിതർ മന്ത്രിക്ക് നല്‍കിയ കത്തിന്റെ പകർപ്പാണ് പുറത്തുവന്നത്. കത്ത് ലഭിച്ചതിനു ശേഷമാണ് മരുന്ന് മാറ്റാൻ തീരുമാനമെടുത്തതും പുതിയ മരുന്നിനായി ഓർഡർ നല്‍കിയതും എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

പുതിയ മരുന്നിനെക്കുറിച്ച്‌ ആരും പരാതി നല്‍കിയിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ പരിശോധിക്കുമെന്നുമായിരുന്നു കെ. മുരളീധരന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. എന്നാല്‍, മന്ത്രിക്ക് പരാതി നല്‍കിയതിന്റെ രേഖ പുറത്തുവന്നതോടെ ഈ വിശദീകരണം വീണ്ടും ചർച്ചയായിരിക്കുകയാണ്.

ഇന്ത്യയില്‍ നിർമിച്ച മരുന്ന് എസ്‌എംഎ ബാധിതരായ കുട്ടികള്‍ക്ക് നല്‍കുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന നിലപാടാണ് ആരോഗ്യമന്ത്രി നേരത്തെ സ്വീകരിച്ചത്. എന്നാല്‍, ആരോഗ്യവകുപ്പ് നിർദേശിച്ച പുതിയ മരുന്ന് കുട്ടികള്‍ക്ക് നല്‍കാൻ രക്ഷിതാക്കള്‍ ഇപ്പോഴും തയ്യാറായിട്ടില്ല. മരുന്നിന്റെ ഫലപ്രാപ്തിയും സുരക്ഷയും സംബന്ധിച്ച്‌ കൃത്യമായ പഠനം നടത്തിയ ശേഷമേ തുടർനടപടികള്‍ സ്വീകരിക്കൂ എന്നാണ് അവരുടെ നിലപാട്.

മരുന്ന് മാറ്റാനുള്ള സർക്കാർ നീക്കം രക്ഷിതാക്കളുടെ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. കുട്ടികളെ മരുന്നുപരീക്ഷണത്തിന് വിധേയരാക്കരുതെന്നും ആവശ്യമായ പഠനങ്ങളും സുരക്ഷാ പരിശോധനകളും ഉറപ്പാക്കിയ ശേഷമേ മരുന്ന് നല്‍കാവൂ എന്നുമാണ് ആരോഗ്യവകുപ്പിനോട് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam