ദോഹ: ഖത്തറി എഴുത്തുകാരെയും പ്രതിഭകളെയും കണ്ടെത്താനും അവർക്ക് ആവശ്യമായ പിന്തുണ നല്‍കാനും ഹമദ് ബിൻ ഖലീഫ യൂണിവേഴ്സിറ്റി (HBKU) പ്രസ് സജീവമായി രംഗത്തുണ്ടെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ബഷാർ ഷബാറോ വ്യക്തമാക്കി.
പുതിയ തലമുറയുടെ വായനാശീലങ്ങളില്‍ വന്ന മാറ്റങ്ങളെ ഉള്‍ക്കൊണ്ട്‌അറബ് പൈതൃകത്തെ സമകാലിക വായനക്കാർക്ക് മുന്നില്‍ അവതരിപ്പിക്കാനായി പുത്തൻ പ്രോജക്റ്റുകള്‍ക്കും തുടക്കം കുറിക്കുകയാണെന്ന് പ്രാദേശിക പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ദേശീയ പ്രതിഭകളെ കണ്ടെത്തുകയും അവരെ വായനക്കാരിലേക്ക് എത്തിക്കുകയും ചെയ്യുക എന്നത് തങ്ങളുടെ പ്രഥമ പരിഗണനയാണെന്ന് അദ്ദേഹം പറഞ്ഞു. കേവലം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുക മാത്രമല്ല, ഒരു lപ്രൊഫഷണല്‍ എഡിറ്റിംഗ് വിഭാഗത്തിലൂടെ എഴുത്തുകാരുടെ സൃഷ്ടികളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള സമഗ്രമായ പിന്തുണയും പ്രസ് നല്‍കുന്നുണ്ട്.
മാറുന്ന ഡിജിറ്റല്‍ യുഗത്തില്‍ യുവാക്കളെ വായനയിലേക്ക് ആകർഷിക്കുന്നതിനായി അറബ് പൈതൃകവും ക്ലാസിക് സാഹിത്യവും ഉള്‍പ്പെടുത്തിയുള്ള 10 ചിത്രകഥകള്‍ (Comics) പുറത്തിറക്കാൻ പദ്ധതിയുണ്ട്. ഇതിന്റെ ഭാഗമായി പ്രശസ്ത സാഹിത്യ പ്രതിഭകളായ അല്‍-മുതനബ്ബി, അല്‍-ജാഹിസ് എന്നിവരുടെ സൃഷ്ടികളും, 'ഖത്തർ റീഡ്സ്' മുൻകൈയെടുത്ത് അല്‍-ഹരീരിയുടെ 'മഖാമാത്' എന്ന കൃതിയും അതിന്റെ സാഹിത്യമൂല്യം ചോർന്നുപോകാതെ പുതിയ കോമിക്സ് രൂപത്തില്‍ പുനരവതരിപ്പിക്കും. സോഷ്യല്‍ മീഡിയക്ക് ഒരു എഴുത്തുകാരനെ സൃഷ്ടിക്കാനാകില്ലെന്നും, പ്രതിഭയ്ക്ക് അറിവും വായനയും അത്യാവശ്യമാണെന്നും ബഷാർ ഷബാറോ ഓർമ്മിപ്പിച്ചു.

