ഇസ്ലാമാബാദ്: വീസാ ചട്ടലംഘനം, അനധികൃത താമസം, ഭിക്ഷാടനം, വ്യാജരേഖകള്‍ തുടങ്ങിയ കാരണങ്ങളാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് 22,000 പാക്കിസ്ഥാനികളെ നാടുകടത്തി.
മാർച്ച് 1 മുതല്‍ ജൂലൈ 13 വരെയുള്ള കാലയളവിലെ കണക്കാണിത്. പാക്കിസ്ഥാൻ പാർലമെന്ററികാര്യ മന്ത്രി ഡോ. താരിഖ് ഫസല്‍ പാർലമെന്റില്‍ സമർപ്പിച്ച രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തിരിച്ചയച്ചവരുടെ എണ്ണത്തില്‍ സൗദി അറേബ്യയാണ് മുന്നില്‍. 15,495 പേരെയാണ് സൗദി തിരിച്ചയച്ചത്. യുഎഇയില്‍ നിന്ന് 3,802 പേരും ബഹ്റൈനില്‍ നിന്നും ഒമാനില്‍ നിന്നും 521 പേർ വീതവും ഖത്തറില്‍ നിന്ന് 429 പേരും കുവൈത്തില്‍ നിന്ന് 97 പേരുമാണ് പാക്കിസ്ഥാനിലേക്ക് മടങ്ങിയത്.
പിടിയിലാകാതിരിക്കാൻ ഒളിവില്‍ കഴിഞ്ഞ 4,628 പേരും നാടുകടത്തപ്പെട്ടവരുടെ പട്ടികയിലുണ്ട്. ജയിലിലായിരുന്ന 1,294 പേരെയും കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട 968 പേരെയും തിരിച്ചയച്ചു. പാസ്പോർട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ നഷ്ടപ്പെട്ട 1,155 പേരും നടപടിക്ക് വിധേയരായി. വീസാ ചട്ടങ്ങള്‍ ലംഘിച്ച 689 പേരെയും ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവേശനവിലക്കുള്ള 342 പേരെയും തിരിച്ചയച്ചിട്ടുണ്ട്.
ഭിക്ഷാടനത്തിന്റെ പേരില്‍ മാത്രം 472 പാക്കിസ്ഥാനികളെയാണ് പിടികൂടി തിരിച്ചയച്ചത്.
കഴിഞ്ഞ വർഷം 65,000 പേർ
ഗള്‍ഫ് രാജ്യങ്ങളില്‍ പാക്കിസ്ഥാനി പൗരന്മാർ ഭിക്ഷാടനം നടത്തുന്നതിനെതിരെ നേരത്തെ തന്നെ ശക്തമായ നടപടികള്‍ തുടങ്ങിയിരുന്നു. കഴിഞ്ഞ വർഷം ഭിക്ഷാടനം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി ഏകദേശം 65,000 പാക്കിസ്ഥാനികളെയാണ് വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ തിരിച്ചയച്ചത്.
തീർഥാടന വീസ ഉള്‍പ്പെടെയുള്ള വീസകളില്‍ ഗള്‍ഫ് രാജ്യങ്ങളിലെത്തിയ ശേഷം മടങ്ങാതെ അനധികൃതമായി തുടരുന്ന ചില പാക്കിസ്ഥാനികള്‍ ഭിക്ഷാടനത്തിലും ക്രിമിനല്‍ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നതായി സൗദി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. പാക്കിസ്ഥാനില്‍ നിന്ന് ഭിക്ഷക്കാരെ രാജ്യത്തേക്ക് അയയ്ക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും സൗദി മുന്നറിയിപ്പ് നല്‍കിയിരുന്നു.
'വീസ ലഭിക്കാൻ ബുദ്ധിമുട്ടാകും'
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള തുടർച്ചയായ നാടുകടത്തല്‍ പാക്കിസ്ഥാൻ പൗരന്മാരുടെ വിദേശയാത്രയ്ക്കും തിരിച്ചടിയാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഭിക്ഷാടനവും അനധികൃത താമസവും തുടരുകയാണെങ്കില്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് പാക്കിസ്ഥാനികള്‍ക്ക് വീസ ലഭിക്കുന്നത് കൂടുതല്‍ പ്രയാസകരമാകുമെന്ന് പാക്കിസ്ഥാൻ സർക്കാർ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഏകദേശം 2.2 കോടി പാക്കിസ്ഥാനികള്‍ ഭിക്ഷാടനത്തിലൂടെ ജീവിക്കുന്നുണ്ടെന്നും പ്രതിവർഷം 42 ബില്യൻ ഡോളറോളം ഇതിലൂടെ സമാഹരിക്കുന്നുണ്ടെന്നും പാക്കിസ്ഥാൻ സർക്കാർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ലോകത്ത് അറസ്റ്റ് ചെയ്യപ്പെടുന്ന ഭിക്ഷക്കാരില്‍ 90 ശതമാനവും പാക്കിസ്ഥാനികളാണെന്ന മുൻ വിദേശകാര്യ സെക്രട്ടറി സുല്‍ഫിക്കല്‍ ഹൈദറിന്റെ 2023ലെ പരാമർശവും വലിയ ചർച്ചയായിരുന്നു.

