ലണ്ടൻ: യുഎസിലെ കലിഫോർണിയയില്‍ കുടുംബത്തോടൊപ്പം കഴിയുന്ന ഹാരി രാജകുമാരൻ ബ്രിട്ടനിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകള്‍ പുറത്തുവന്നതോടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നോസ്ട്രഡാമസിന്റെ പ്രവചനങ്ങളും വീണ്ടും ചർച്ചയാകുന്നു.
ചാള്‍സ് മൂന്നാമൻ രാജാവ് സ്ഥാനമൊഴിയുകയും, രാജാവാകുമെന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത വ്യക്തി ബ്രിട്ടിഷ് സിംഹാസനത്തിലെത്തുകയും ചെയ്യുമെന്ന വ്യാഖ്യാനമാണ് ഇതിന് പിന്നില്‍.
1555ല്‍ ഫ്രഞ്ച് ജ്യോതിഷിയായ നോസ്ട്രഡാമസ് നടത്തിയതായി പറയപ്പെടുന്ന പ്രവചനങ്ങളെ ആസ്പദമാക്കിയാണ് ഈ വിലയിരുത്തല്‍. 'നോസ്ട്രഡാമസ്: ദി കംപ്ലീറ്റ് പ്രഫസീസ് ഫോർ ദ ഫ്യൂച്ചർ' എന്ന പുസ്തകത്തിന്റെ രചയിതാവ് മരിയോ റീഡിങ് നേരത്തെ നടത്തിയ വ്യാഖ്യാനപ്രകാരം, 'ദ്വീപുകളുടെ രാജാവിനെ ജനങ്ങള്‍ പുറത്താക്കുകയും, രാജാവാകുമെന്ന് പ്രതീക്ഷിക്കാത്ത ഒരാള്‍ പകരം വരികയും ചെയ്യും' എന്നാണ് പ്രവചനത്തിന്റെ ഉള്ളടക്കം.
ഈ പ്രവചനം ചാള്‍സ് രാജാവിനെയും ഹാരി രാജകുമാരനെയും സൂചിപ്പിക്കുന്നതാണെന്ന തരത്തിലുള്ള വ്യാഖ്യാനങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. 2022ല്‍ എലിസബത്ത് രാജ്ഞി അന്തരിച്ചതും ബ്രിട്ടിഷ് രാജകുടുംബവുമായി ബന്ധപ്പെട്ട മറ്റു സംഭവങ്ങളും നോസ്ട്രഡാമസിന്റെ പ്രവചനങ്ങളുമായി ബന്ധപ്പെടുത്തി റീഡിങ് നേരത്തെ അവകാശവാദങ്ങള്‍ ഉന്നയിച്ചിരുന്നു. ചാള്‍സ് രാജാവിന് ആരോഗ്യപ്രശ്നങ്ങള്‍ റിപ്പോർട്ട് ചെയ്ത സമയത്തും ഈ പ്രവചനം വലിയ ചർച്ചയായിരുന്നു.
അതേസമയം, ഹാരിയുടെ മക്കളായ ആർച്ചിയെയും ലിലിബെറ്റിനെയും ബ്രിട്ടനിലെ സ്കൂളില്‍ ചേർക്കാനുള്ള തീരുമാനമാണ് ഹാരി കുടുംബസമേതം മാതൃരാജ്യത്തേക്ക് മടങ്ങുമെന്ന റിപ്പോർട്ടുകള്‍ക്ക് ശക്തി പകർന്നത്. രാജകുടുംബത്തിലെ ആഭ്യന്തര പ്രശ്നങ്ങള്‍ ആത്മകഥയായ 'സ്പെയർ'ല്‍ ഹാരി തുറന്നുപറഞ്ഞത് നേരത്തെ വലിയ വിവാദമായിരുന്നു.
രാജകുടുംബവുമായുള്ള ഹാരിയുടെ അകല്‍ച്ചയും സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇപ്പോഴും രാജ്യാന്തര മാധ്യമങ്ങളുടെ ശ്രദ്ധയില്‍ തുടരുകയാണ്. ലണ്ടനു പുറത്തുള്ള സ്വകാര്യ വസതിയില്‍ കുടുംബത്തോടൊപ്പം കഴിയാനാണ് ഹാരിയുടെ നീക്കമെന്നാണ് റിപ്പോർട്ടുകള്‍. എന്നാല്‍, രാജകുടുംബത്തിന്റെ ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുക്കാൻ ഹാരിക്ക് പദ്ധതിയില്ലെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

