കണ്ണൂർ: വിനോദസഞ്ചാര കേന്ദ്രമായ പൈതല്‍മലയില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു. പുളിങ്ങോം വില്ലേജ് ഓഫീസിലെ ജീവനക്കാരിയായ കൊല്ലാട സ്വദേശി അഞ്ജു മാത്യു (30) ആണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് നാലുമണിയോടെ ഉണ്ടായ ശക്തമായ മിന്നലിലാണ് അപകടമുണ്ടായത്.
വിനോദസഞ്ചാരത്തിനായി ഭർത്താവ് സോനു സെബാസ്റ്റ്യനൊപ്പം പൈതല്‍മലയില്‍ എത്തിയതായിരുന്നു അഞ്ജു. അപകടത്തില്‍ സോനുവിനും ഫോറസ്റ്റ് വാച്ചറായ അരങ്ങം സ്വദേശി സനീഷിനും പരിക്കേറ്റു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടസമയത്ത് പ്രദേശത്ത് കനത്ത മഴയും പ്രതികൂല കാലാവസ്ഥയും നിലനിന്നതിനാല്‍ രക്ഷാപ്രവർത്തനം ദുഷ്കരമായി. സംഭവത്തിന് ശേഷം ഏകദേശം രണ്ട് മണിക്കൂർ വൈകിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞത്.
അഞ്ജുവിനെയും സോനുവിനെയും കരുവഞ്ചാല്‍ സെന്റ് ജോസഫ് ആശുപത്രിയിലെത്തിച്ചെങ്കിലും അഞ്ജുവിന്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ സനീഷ് ആലക്കോട് സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.

