കർണാടകത്തിലെ പ്രമുഖ ഐഎഎസ് ഓഫീസറായ രോഹിണി സിന്ദൂരിയെ ചുറ്റുപ്പറ്റിയുള്ള വിവാദങ്ങള്‍ കുറേക്കാലമായി വാർത്തകളില്‍ നിറയുന്നുണ്ട്.
അവർ കർണാടക ഹാൻഡ് ലൂം ഡവലപ്പ്മെന്റ് കോർപറേഷൻ ( കെ എച്ച് ഡി സി) എം ഡി പദവിയില്‍ ഇരുന്നപ്പോള്‍ കൈക്കൊണ്ട തീരുമാനങ്ങളാണ് പുതിയ വിവാദങ്ങള്‍ക്ക് അടിസ്ഥാനം. നിലവില്‍ കർണാടക ഹിന്ദു റിലിജ്യസ് ആൻഡ് ചാരിറ്റബിള്‍ എൻഡോമെന്റ്സ് കമ്മീഷണറാണ് സിന്ദൂരി. അവർ എം ഡി ആയിരിക്കെ കെ എച്ച് ഡി സി പരിസ്ഥിതി സൗഹൃദ സഞ്ചികള്‍ വാങ്ങിയതില്‍ വൻ അഴിമതിയുണ്ടെന്ന് വിവരാവകാശ പ്രവർത്തകൻ സ്നേഹമയി കൃഷ്ണ ആരോപിച്ചിരുന്നു. മാർക്കറ്റില്‍ ഏകദേശം 13 രൂപ വിലയുണ്ടായിരുന്ന പരിസ്ഥിതി സൗഹൃദ സഞ്ചികള്‍ 52 രൂപ നിരക്കില്‍ വാങ്ങിയ ഇടപാടില്‍ കെ എച്ച് ഡി സി സർക്കാരിന് 7.5 കോടിയുടെ നഷ്ടമുണ്ടാക്കി എന്നാണ് സ്നേഹമയി കൃഷ്ണ ആരോപിച്ചത്. എന്നാല്‍ രോഹിണി സിന്ദൂരിയെ കുറ്റവിചാരണ ചെയ്യാൻ അനുമതി തേടുന്ന അദ്ദേഹത്തിന്റെ ഹരജി രണ്ടുതവണ സർക്കാർ തള്ളുകയാണുണ്ടായത്. വകുപ്പുതല അന്വേഷണത്തില്‍ സിന്ദൂരി കുറ്റകാരിയല്ലെന്ന് കണ്ടെത്തിയിട്ടുണ്ട് എന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. തുടർന്ന് സ്നേഹമയി കൃഷ്ണ ഹൈക്കോടതിയെ സമീപിച്ചു. ആ പരാതി പരിഗണിച്ച ജസ്റ്റിസ് എം നാഗപ്രസന്ന കുറ്റവിചാരണ ചെയ്യാൻ അനുമതി തേടിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ ഹരജി വീണ്ടും പരിഗണിക്കാൻ സർക്കാരിന് നിർദ്ദേശം നല്‍കിയിരിക്കയാണ്. വകുപ്പുതല അന്വേഷണത്തില്‍ സിന്ദൂരി കുറ്റക്കാരിയല്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന സർക്കാർ വാദം ബെഞ്ച് അംഗീകരിച്ചില്ല. വകുപ്പുതല അന്വേഷണത്തില്‍ കുറ്റ വിമുക്തി ലഭിച്ചാലും ക്രിമിനല്‍ അന്വേഷണത്തില്‍ നിന്ന് ഒഴിവാകില്ലെന്ന് ജഡ്ജ് നിരീക്ഷിച്ചു. കുറ്റവിചാരണയ്ക്ക് അനുമതി നല്‍കാൻ സർക്കാർ നിർബന്ധിതമായതോടെയാണ് സിന്ദൂരി വീണ്ടും വാർത്തകളില്‍ നിറഞ്ഞത്. മൈസൂരുവില്‍ കളക്ടർ ആയിരിക്കെ സിന്ദൂരിയും ഐ ജി ഡി. രൂപയും തമ്മിലുണ്ടായ തർക്കം 2023 ല്‍ വൻ വിവാദമായിരുന്നു. പ്രശ്നം രൂക്ഷമായതിനെ തുടർന്ന് സർക്കാർ രണ്ടുപേരെയും സ്ഥലംമാറ്റുകയായിരുന്നു. നിലവില്‍ ഡി. രൂപ ആഭ്യന്തര സുരക്ഷിതത്വം, സിവില്‍ റൈറ്റ്സ് എൻഫോഴ്‌സ്മെന്റ് എന്നിവയുടെ ചുമതലയുള്ള ഡിജിപിയാണ്.
Photo Courtesy - Google

