Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇന്ത്യക്കെതിരെ പാക്കിസ്ഥാന്റെ യുദ്ധഭീഷണി

ഇന്ത്യക്കെതിരെ പാക്കിസ്ഥാന്റെ യുദ്ധഭീഷണി

Keralasabdam 2 days ago

സ്‌ലാമാബാദ്: ദേശീയ സുരക്ഷയ്ക്കും ജലസുരക്ഷയ്ക്കും ഭീഷണിയുണ്ടായാല്‍ ഇന്ത്യയ്‌ക്കെതിരെ യുദ്ധം പോലും പരിഗണിക്കുമെന്ന് പാക്കിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് മുന്നറിയിപ്പ് നല്‍കി.

സിന്ധു നദീജല കരാർ പുനഃസ്ഥാപിക്കില്ലെന്ന ഇന്ത്യയുടെ ഉറച്ച നിലപാടിന് പിന്നാലെയാണ് പാക്കിസ്ഥാന്റെ ഭീഷണി. എആർവൈ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഖ്വാജ ആസിഫിന്റെ പരാമർശം. ജലവിതരണം തടസ്സപ്പെടുത്താൻ ഇന്ത്യ നീക്കം നടത്തുന്നുവെന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചാല്‍ സൈനിക നടപടിയെക്കുറിച്ച്‌ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2025 ഏപ്രിലില്‍ പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 പേർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇന്ത്യ 1960ലെ സിന്ധു നദീജല കരാർ താല്‍ക്കാലികമായി നിർത്തിവെച്ചത്. അതിർത്തിക്കപ്പുറത്തുനിന്നുള്ള ഭീകരവാദത്തിനെതിരെ പാക്കിസ്ഥാൻ വിശ്വസനീയ നടപടികള്‍ സ്വീകരിക്കുന്നതുവരെ കരാർ പുനഃസ്ഥാപിക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

അതേസമയം, പാക്കിസ്ഥാനിലെ രൂക്ഷമായ ജലക്ഷാമമാണ് പ്രതിരോധമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നിലെ പ്രധാന കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ നിലവില്‍ വന്ന കരാർ പ്രകാരം സിന്ധു നദീതടത്തിലെ ജലത്തിന്റെ വലിയൊരു പങ്ക് കാർഷിക ആവശ്യങ്ങള്‍ക്കായി പാക്കിസ്ഥാൻ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ജലവിഭവ പരിപാലനത്തിലെ വീഴ്ചകളും ആഭ്യന്തര ഭരണപരാജയങ്ങളും പ്രതിസന്ധി രൂക്ഷമാക്കിയെന്നാണ് വിമർശനം.

നിലവില്‍ സിന്ധ്, ബലൂചിസ്ഥാൻ എന്നിവിടങ്ങളില്‍ ജലക്ഷാമം അതീവ ഗുരുതരമാണ്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം നിരവധി പ്രധാന കനാലുകളില്‍ 38 മുതല്‍ 82 ശതമാനം വരെ ജലക്കുറവുണ്ട്. തന്ത്രപ്രധാനമായ സുക്കൂർ ബാരേജിലെ ജലനിരപ്പും ഗണ്യമായി താഴ്ന്നിട്ടുണ്ട്.

ആഭ്യന്തര ജലവിതരണ തർക്കങ്ങളും വിഭവനിർവഹണത്തിലെ വീഴ്ചകളും പരിഹരിക്കാൻ കഴിയാത്ത സാഹചര്യം രാജ്യത്തെ സാമ്പത്തിക രംഗത്തെയും കാർഷിക മേഖലയെയും കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നാണ് പ്രാദേശിക നേതാക്കളുടെ മുന്നറിയിപ്പ്. ഇന്ത്യയെ ലക്ഷ്യമിട്ട് ഉയരുന്ന യുദ്ധഭീഷണികള്‍ ആഭ്യന്തര അസംതൃപ്തി മറച്ചുവയ്ക്കാനുള്ള രാഷ്ട്രീയ നീക്കമാണെന്ന ആരോപണവും ശക്തമാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam