Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ജാതിവിവേചനവും തൊട്ടുകൂടായ്മയും ഹിന്ദുമതത്തിന്റെ നിലനില്‍പ്പിന് ഭീഷണിയെന്ന് ഖാര്‍ഗെ.

ജാതിവിവേചനവും തൊട്ടുകൂടായ്മയും ഹിന്ദുമതത്തിന്റെ നിലനില്‍പ്പിന് ഭീഷണിയെന്ന് ഖാര്‍ഗെ.

Keralasabdam 13 hrs ago

കർണാടകം: ജാതിവിവേചനവും തൊട്ടുകൂടായ്മയും തുടരുന്നത് ഹിന്ദുമതത്തിന്റെ നിലനില്‍പ്പിനെത്തന്നെ ദുർബലപ്പെടുത്തുകയാണെന്ന് എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ.

മതത്തിന്റെ പേരില്‍ ജനങ്ങളെ അടിച്ചമർത്തുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിജയദശമി ദിനത്തില്‍ കലബുറഗിയിലെ ബുദ്ധ വിഹാരത്തില്‍ സിദ്ധാർത്ഥ വിഹാര ട്രസ്റ്റ് സംഘടിപ്പിച്ച 70-ാമത് ധർമ്മചക്ര പ്രവർത്തന ദിനാചരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിവിവേചനത്തിനും തൊട്ടുകൂടായ്മയ്ക്കുമെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് ഡോ. ബി.ആർ. അംബേദ്കർ ബുദ്ധമതം സ്വീകരിച്ചതെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി.
1935-ല്‍ താൻ ഹിന്ദുവായി ജനിച്ചെങ്കിലും ഹിന്ദുവായി മരിക്കില്ലെന്ന് അംബേദ്കർ പ്രഖ്യാപിച്ചത് ഹിന്ദുമതത്തില്‍ നിലനിന്നിരുന്ന അനീതിയിലും ജാതിവിവേചനത്തിലും പ്രതിഷേധിച്ചായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബുദ്ധമതം സ്വീകരിച്ചതിലൂടെ അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് മോചനത്തിന്റെ പാതയാണ് അംബേദ്കർ തുറന്നുകൊടുത്തത്. ഇന്ത്യയുടെ പുരാതന മതമായ ബുദ്ധമതം സ്വീകരിച്ചത് രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണിയാകാത്ത ഒരു മാർഗം തിരഞ്ഞെടുക്കാനായിരുന്നുവെന്നും ഖാർഗെ വിശദീകരിച്ചു.
രാജ്യത്ത് ഇന്നും ജാതീയത അവസാനിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഉത്തരാഖണ്ഡില്‍ താൻ പ്രസംഗിച്ച സ്ഥലം രണ്ടു ദിവസത്തിനുശേഷം കഴുകി വൃത്തിയാക്കിയ സംഭവവും ഖാർഗെ ചൂണ്ടിക്കാട്ടി. ജാതിയുടെ പേരിലുള്ള ഇത്തരം പ്രവൃത്തികള്‍ കടുത്ത മാനസിക പീഡനമാണെന്നും അദ്ദേഹം പറഞ്ഞു.
ചില വിഭാഗങ്ങളെ പൊതുസമൂഹത്തില്‍നിന്ന് മാറ്റിനിർത്തുകയും അവർക്ക് വെള്ളവും വിദ്യാഭ്യാസവും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്നത് എന്തിനാണെന്ന് ഖാർഗെ ചോദിച്ചു. ഇത്തരം വിവേചനങ്ങളാണ് മതത്തിനുള്ളില്‍ ഭിന്നതകള്‍ വളരാൻ കാരണമാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Photo Courtesy - Google

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam