കോയമ്പത്തൂർ: ജാതീയ അധിക്ഷേപവും ബീഫ് കഴിക്കുന്നതിന്റെ പേരിലുള്ള പരിഹാസവും സഹപാഠികളുടെ മർദനവും നേരിട്ടിരുന്ന പതിനൊന്നാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയെന്ന് പരാതി.
കോയമ്പത്തൂരിലെ സർക്കാർ എയ്ഡഡ് സ്കൂളില്‍ പഠിച്ചിരുന്ന എ. അഖിലൻ (16) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അധ്യാപകൻ വിജയകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്കൂള്‍ പ്രിൻസിപ്പല്‍ അരുണ്‍കുമാറിനും രണ്ട് വിദ്യാർഥികള്‍ക്കുമെതിരെയും ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.
ബുധനാഴ്ച രാവിലെ പതിവുപോലെ സ്കൂളിലേക്ക് പോകുന്നുവെന്ന് അമ്മ കൗസല്യാദേവിയോട് പറഞ്ഞാണ് അഖിലൻ വീട്ടില്‍നിന്ന് ഇറങ്ങിയത്. വീട്ടുജോലിക്ക് പോയിരുന്ന അമ്മ ഉച്ചയോടെ മടങ്ങിയെത്തിയപ്പോഴാണ് ഭാരതി കോളനിയിലെ വീട്ടില്‍ മകനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രണ്ടു മാസം മുമ്പ് സ്കൂളില്‍ സ്റ്റൈപ്പൻഡ് ലഭിക്കുന്നതിനുള്ള പട്ടിക തയ്യാറാക്കുന്നതിനിടെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാർഥികളെക്കുറിച്ച് അധ്യാപകൻ അന്വേഷിച്ചിരുന്നു. തുടർന്ന് ക്ലാസില്‍ ബീഫ് കഴിക്കുന്നവർ ആരൊക്കെയാണെന്ന് ചോദിച്ചതോടെ അഖിലൻ ഉള്‍പ്പെടെ അഞ്ച് വിദ്യാർഥികള്‍ എഴുന്നേറ്റുനിന്നു. ഇതിന് പിന്നാലെ രണ്ട് സഹപാഠികള്‍ തന്നെ ജാതിയുടെ പേരില്‍ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തിരുന്നതായി അഖിലൻ അമ്മയോട് വെളിപ്പെടുത്തിയെന്നാണ് പരാതി.
പീഡനവിവരം അധ്യാപകനെയും പ്രിൻസിപ്പലിനെയും അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് അമ്മയുടെ ആരോപണം. മകനെ ഉപദ്രവിക്കുന്നതിനെക്കുറിച്ച് നേരിട്ട് അന്വേഷിക്കാൻ സ്കൂളിലെത്താൻ ശ്രമിച്ചെങ്കിലും കൂടുതല്‍ ഒറ്റപ്പെടുമെന്ന ആശങ്കയെത്തുടർന്ന് അഖിലൻ തന്നെ വിലക്കിയെന്നും കൗസല്യാദേവി പോലീസിനോട് പറഞ്ഞു.
അഖിലന്റെ പിതാവ് അശോക് കുമാർ കേരളത്തിലെ ഒരു റിസോർട്ടിലാണ് ജോലി ചെയ്യുന്നത്. ഭാരതീയ ന്യായ സംഹിതയിലെയും പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങള്‍ തടയല്‍ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അധ്യാപകനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മറ്റു പ്രതികള്‍ക്കെതിരായ ആരോപണങ്ങളിലും പീലമേട് പോലീസ് അന്വേഷണം തുടരുകയാണ്.

