ബെംഗളൂരു: കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ അധികാരമേറ്റു. ബെംഗളൂരുവിലെ ലോക്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവർണർ തവാർചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു.
ഭരണഘടന തൊട്ടാണ് ഡി കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്തത്. കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ ചടങ്ങിന് സാക്ഷിയാകാൻ എത്തിയിരുന്നു.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവർക്കൊപ്പമാണ് ശിവകുമാർ സത്യപ്രതിജ്ഞ ചടങ്ങിന് എത്തിയത്. കെ.സി. വേണുഗോപാല്‍, രണ്‍ദീപ് സിങ് സുർജെവാല എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ഉപമുഖ്യമന്ത്രിയായി ജി. പരമേശ്വരയും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. മലയാളി നേതാക്കളായ കെ.ജെ. ജോർജ്, യു.ടി. ഖാദർ എന്നിവർ ഉള്‍പ്പെടെ 11 മന്ത്രിമാരും പുതിയ മന്ത്രിസഭയില്‍ അംഗങ്ങളായി. കേരളത്തില്‍ നിന്നുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.
മന്ത്രിസഭയില്‍ ഇടംപിടിച്ചവരില്‍ സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യയും ഉള്‍പ്പെടുന്നു. ജി. പരമേശ്വര, സതീഷ് ജാർക്കിഹോളി, പ്രിയങ്ക് ഖാർഗെ, എം.ബി. പാട്ടീല്‍, ഈശ്വർ ഖന്ദ്രേ, രാമലിംഗ റെഡ്ഡി, ശിവരാജ് തങ്കടഗി, രൂപകലാ ശശിധർ തുടങ്ങിയവരുടെ പേരുകളും അംഗീകൃത പട്ടികയിലുണ്ട്.
അതേസമയം, അടുത്തിടെ വിവാദങ്ങളില്‍പ്പെട്ട മുൻ മന്ത്രി സമീർ അഹമ്മദിനും ഡി.കെ. ശിവകുമാറിന്റെ അടുത്ത അനുയായികളില്‍ ഒരാളായ മലയാളി നേതാവ് എൻ.എ. ഹാരിസിനും മന്ത്രിസഭയില്‍ ഇടം ലഭിക്കാതിരുന്നത് രാഷ്ട്രീയ വൃത്തങ്ങളില്‍ ശ്രദ്ധേയമായി.

