Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കിഫ്ബി ഇനി 'സ്വതന്ത്ര സാമ്രാജ്യമല്ല'; അടിമുടി പരിഷ്കരണത്തിന് യു.ഡി.എഫ് സര്‍ക്കാര്‍

കിഫ്ബി ഇനി 'സ്വതന്ത്ര സാമ്രാജ്യമല്ല'; അടിമുടി പരിഷ്കരണത്തിന് യു.ഡി.എഫ് സര്‍ക്കാര്‍

Keralasabdam 3 weeks ago

തിരുവനന്തപുരം: കിഫ്ബിയെ (KIIFB) ചൊല്ലി കേന്ദ്രസർക്കാരുമായും സി.എ.ജിയുമായുള്ള ദീർഘകാലത്തെ ഏറ്റുമുട്ടല്‍ അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നു.

കേന്ദ്രവും സി.എ.ജിയും നേരത്തെ ആവശ്യപ്പെട്ടതുപോലെ കിഫ്ബിയുടെ ചെലവുകള്‍ ഇനിമുതല്‍ സംസ്ഥാന ബജറ്റിന്റെ ഭാഗമാക്കും.
ഇതുവരെ കിഫ്ബി ഒരു സ്വതന്ത്രസാമ്രാജ്യം എന്ന നിലയില്‍, കൃത്യമായ ബാഹ്യനിയന്ത്രണങ്ങളില്ലാതെയാണ് പ്രവർത്തിച്ചിരുന്നത്. ഈ രീതി മാറ്റി സ്ഥാപനത്തിന്മേല്‍ സർക്കാരിന്റെ പൂർണ്ണമായ നിയന്ത്രണം കൊണ്ടുവരാനാണ് നിലവിലെ തീരുമാനം.
വരുമാനമുള്ള പദ്ധതികള്‍ക്ക് മാത്രം അനുമതി
ഇനിമുതല്‍ വരുമാനമില്ലാത്ത നിർമ്മാണ പദ്ധതികള്‍ കിഫ്ബി ഏറ്റെടുക്കില്ല. ടോള്‍ പിരിക്കാൻ കഴിയുന്ന റോഡുകള്‍, പാലങ്ങള്‍, കൃത്യമായ വരുമാനം ലഭിക്കുന്ന കെട്ടിടങ്ങള്‍ തുടങ്ങിയവ നിർമ്മിക്കാൻ മാത്രമേ ഇനി അനുവാദം നല്‍കുകയുള്ളൂ. കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേർന്ന കിഫ്ബി ബോർഡ് യോഗത്തില്‍, വരുമാനവർദ്ധന ഉണ്ടാകുന്ന തരത്തിലേക്ക് കിഫ്ബിയെ അടിമുടി പരിഷ്ക്കരിക്കാനുള്ള മാർഗ്ഗങ്ങള്‍ തയ്യാറാക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്.
സമഗ്ര ഓഡിറ്റിംഗും ധവളപത്രവും
കിഫ്ബിയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങള്‍ പൂർണ്ണമായും ഓഡിറ്റ് ചെയ്യും. ഭാവിയില്‍ സംസ്ഥാനത്തിന് ഉണ്ടാകാനിടയുള്ള ബാധ്യതകള്‍ പൂർണ്ണമായും നിർണ്ണയിക്കാനാണ് സർക്കാരിന്റെ നീക്കം. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കാൻ ഇടയാക്കുന്ന തരത്തിലുള്ള കിഫ്ബിയുടെ മുൻകാല ധനസമാഹരണ രീതികളോട് യു.ഡി.എഫ് സർക്കാരിന് യോജിപ്പില്ല.
കിഫ്ബിയുടെ പ്രവർത്തനം എങ്ങനെ മാറ്റണമെന്ന് ഒരു വിദഗ്ധ സമിതി പഠിക്കും. ഇതിനായി കിഫ്ബിയെ സംബന്ധിച്ച്‌ ഒരു പ്രത്യേക ധവളപത്രം തയ്യാറാക്കും. സംസ്ഥാനത്തിന്റെ പൊതു ധനസ്ഥിതി സംബന്ധിച്ച്‌ ധവളപത്രം തയാറാക്കുന്ന സമിതി തന്നെയായിരിക്കും ഇതും പരിശോധിക്കുക.
കനത്ത സാമ്പത്തിക ബാധ്യത
ശ്രദ്ധേയമായ വിവരങ്ങള്‍:

അടുത്ത 5 വർഷത്തിനുള്ളില്‍ 16,600 കോടി രൂപയാണ് കിഫ്ബി കടം തിരിച്ചടയ്ക്കേണ്ടത്.
കിഫ്ബി പണം മുൻ എല്‍.ഡി.എഫ് സർക്കാരിന്റെ പരസ്യത്തിനായി ഉപയോഗിച്ചതിനെതിരെ യു.ഡി.എഫ് കടുത്ത വിമർശനം ഉയർത്തിയിരുന്നു.
ജീവനക്കാർക്ക് വൻ തുക അലവൻസ് നല്‍കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍, ഇവ വെട്ടിക്കുറയ്ക്കാനും സാധ്യതയുണ്ട്.
ഭരണമാറ്റത്തിന് പിന്നാലെ കിഫ്ബി സി.ഇ.ഓ ആയിരുന്ന കെ.എം എബ്രഹാം രാജി വെച്ചിരുന്നു. അഡിഷണല്‍ ഡയറക്ടറായ മിനി ആന്റണിക്കാണ് നിലവില്‍ സി.ഇ.ഒയുടെ താല്‍ക്കാലിക ചുമതല. 2016-ല്‍ ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് കിഫ്ബി പുനരുജ്ജീവിപ്പിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam