കൊച്ചി: കൊച്ചി നഗരസഭയുടെ സുസ്ഥിര വികസനവും അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ടുള്ള ഒൻപത് മുൻഗണനാ പദ്ധതികളുടെ സമഗ്ര പ്രൊപ്പോസല്‍ മുഖ്യമന്ത്രിക്ക് കൈമാറി.
ഹൈബി ഈഡൻ എംപിയുടെ സാന്നിധ്യത്തില്‍ മേയർ അഡ്വ. വി. കെ. മിനിമോളുടെയും വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരുടെയും നഗരസഭ സെക്രട്ടറിയുടെയും നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ഇന്ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നിവേദനം സമർപ്പിച്ചത്. എം.എല്‍.എമാരായ ടി. ജെ. വിനോദ്, ഉമ തോമസ്, ടോണി ചമ്മണി, മുഹമ്മദ് ഷിയാസ്, ദീപക് ജോയ് എന്നിവരും സന്നിഹിതരായിരുന്നു.
നഗരം നേരിടുന്ന ഗതാഗതക്കുരുക്ക്, കുടിവെള്ള ക്ഷാമം, മാലിന്യപ്രതിസന്ധി തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് ദീർഘകാല പരിഹാരം കാണുകയാണ് ഈ പദ്ധതികളുടെ പ്രധാന ലക്ഷ്യം. നഗരത്തിലെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായുള്ള തമ്മനം-പുല്ലേപ്പടി റോഡ്, പുതിയ പാലം ഉള്‍പ്പെടുന്ന ഗോശ്രീ-മാമംഗലം റോഡ്, പള്ളുരുത്തി 40 ഫീറ്റ് റോഡ്, അറ്റ്ലാന്റിസ് ROB, മട്ടാഞ്ചേരി Halt ROB എന്നീ ഗതാഗത വികസന പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇതിനുപുറമെ, പടിഞ്ഞാറൻ കൊച്ചിയുള്‍പ്പെടെയുള്ള മേഖലകള്‍ക്കായുള്ള 190 MLD കുടിവെള്ള പദ്ധതിയും തമ്മനം ജലസംഭരണിയും, ബ്രഹ്മപുരം കേന്ദ്രീകരിച്ചുള്ള ഇന്റഗ്രേറ്റഡ് വേസ്റ്റ് മാനേജ്‌മെന്റ് ആൻഡ് വേസ്റ്റ്-ടു-എനർജി പദ്ധതി, വെള്ളപ്പൊക്ക പ്രതിരോധത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായുള്ള വേമ്പനാട് കായല്‍ പുനരുജ്ജീവന മിഷൻ, കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള ഇന്ദിര കാൻ്റീൻ പദ്ധതി എന്നിവയും ഈ സമഗ്ര പാക്കേജിന്റെ ഭാഗമാണ്. ഈ മുൻഗണനാ പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിന് ആവശ്യമായ ഭൂമിയേറ്റെടുക്കല്‍ അനുമതികളും, ഒറ്റത്തവണ സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ള സർക്കാരിന്റെ പ്രത്യേക പിന്തുണയും ലഭ്യമാക്കണമെന്ന് സംഘം മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.
Photo Courtesy - Google

