കൊല്ലം: നെടുമ്പനയില്‍ വീട്ടില്‍വച്ച് ഇടിമിന്നലേറ്റ് അമ്മയ്ക്കും അഞ്ചുവയസ്സുകാരനായ മകനും പൊള്ളലേറ്റു. നെടുമ്പന പഞ്ചായത്ത് പത്താം വാർഡിലെ ശാസ്താംപൊയ്ക ഉഗ്രാംകുന്ന് അജിത് ഭവനില്‍ ശ്രീദേവി (28), മകൻ ആദിദേവ് (5) എന്നിവർക്കാണ് പരിക്കേറ്റത്.
ഇരുവരെയും തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ നില ഗുരുതരമായതിനെ തുടർന്നാണ് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തേക്ക് മാറ്റിയത്.
ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. ശ്രീദേവിയും മകനും മറ്റ് രണ്ട് കുട്ടികളും ഭർതൃമാതാവ് നന്ദിനിയും വീടിന്റെ മുൻവശത്തെ മുറിയിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. ഇതിനിടെ ശ്രീദേവിയും ആദിദേവും അടുക്കളയിലേക്ക് പോയി. ഈ സമയത്താണ് ശക്തമായ ഇടിമിന്നലുണ്ടായത്. മിന്നലേറ്റതിനെ തുടർന്ന് ഇരുവരും നിലത്തുവീഴുകയായിരുന്നു.
ശ്രീദേവിയുടെ വയറിനും ആദിദേവിന്റെ ശരീരമാസകലവും പൊള്ളലേറ്റിട്ടുണ്ട്. ഇരുവരുടെയും നിലവിളി കേട്ടെത്തിയ നന്ദിനിയും മറ്റ് കുട്ടികളും അടുക്കളയില്‍ അമ്മയും കുഞ്ഞും നിലത്തുകിടക്കുന്നതാണ് കണ്ടത്. ബഹളം കേട്ട് അയല്‍വാസികളും സ്ഥലത്തെത്തി.
പരിക്കേറ്റവരെ ആദ്യം നെടുമ്പന ടിബി ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടർന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായതോടെ തിരുവനന്തപുരം എസ്‌എടി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദേശിക്കുകയായിരുന്നു. അമ്മയെയും മകനൊപ്പം തിരുവനന്തപുരത്തേക്ക് മാറ്റി.
ഇടിമിന്നലില്‍ വീടിനും വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. വീടിന്റെ ചുവരിനും കിണറിനും കേടുപാടുകള്‍ സംഭവിച്ചു. സ്വിച്ച് ബോർഡുകള്‍ പൊട്ടിത്തെറിക്കുകയും വൈദ്യുത വയറുകള്‍ കത്തിപ്പോകുകയും ചെയ്തു.
ഉച്ചയ്ക്ക് 12.30 മുതല്‍ നെടുമ്പന ഉഗ്രാംകുന്ന് മേഖലയില്‍ മഴയുണ്ടായിരുന്നു. രണ്ടുമണിയോടെ മഴ കുറഞ്ഞെങ്കിലും ശക്തമായ ഇടിയും മിന്നലും തുടരുകയായിരുന്നു. ഇതിന് മുൻപും പ്രദേശത്തെ ഒരു വീട്ടില്‍ ഇടിമിന്നലേറ്റ സംഭവം ഉണ്ടായിട്ടുണ്ടെന്ന് പഞ്ചായത്തംഗം നിസാമോള്‍ പറഞ്ഞു.
അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്തംഗം കെഎസ്‌ഇബി അധികൃതരുമായും വില്ലേജ് ഓഫിസറുമായും ബന്ധപ്പെട്ട് തുടർനടപടികള്‍ സ്വീകരിച്ചു.

