കൊല്ലം: അഞ്ചലില്‍ യുവതി തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. അലയമണ്‍ സ്വദേശി രമണനെയാണ് അഞ്ചല്‍ പൊലീസ് ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തത്.
രമണനൊപ്പം താമസിച്ചിരുന്ന 22കാരിയായ സൂര്യയാണ് മരിച്ചത്. ഓഗസ്റ്റ് 10ന് അലയമണ്‍ പുത്തയത്തെ വീട്ടില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ സൂര്യയെ ഗുരുതര പൊള്ളലുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.
സൂര്യയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രമണനെ അറസ്റ്റ് ചെയ്തത്. രണ്ടുവർഷമായി ഇരുവരും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. രമണൻ സ്ഥിരമായി മദ്യപിച്ചെത്തി വീട്ടില്‍ പ്രശ്നങ്ങളുണ്ടാക്കുകയും സൂര്യയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തിരുന്നതായി പരാതിയില്‍ പറയുന്നു.
രമണന്റെ പീഡനത്തില്‍ മനംനൊന്താണ് സൂര്യ ആത്മഹത്യ ചെയ്തതെന്നാണ് മാതാപിതാക്കളുടെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

