Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കോണ്‍ഗ്രസിനുള്ളിലും പ്രതിസന്ധികള്‍ ഉണ്ടെന്ന കാര്യം മറക്കരുതെന്ന് ജി സുധാകരൻ

കോണ്‍ഗ്രസിനുള്ളിലും പ്രതിസന്ധികള്‍ ഉണ്ടെന്ന കാര്യം മറക്കരുതെന്ന് ജി സുധാകരൻ

Keralasabdam 2 weeks ago

ലപ്പുഴ: കോണ്‍ഗ്രസിനുള്ളിലും പ്രതിസന്ധികള്‍ ഉണ്ടെന്ന കാര്യം മറക്കരുതെന്ന് മുൻ സിപിഎം നേതാവും അമ്പലപ്പുഴയിലെ യുഡിഎഫ് പിന്തുണയുള്ള സ്ഥാനാർത്ഥിയുമായ ജി സുധാകരൻ.

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനചർച്ചകള്‍ക്കിടെയാണ് ജി സുധാകരൻ ഇക്കാര്യം പറഞ്ഞത്. ഇ.വി. ശ്രീധരൻ പുരസ്കാര സമർപ്പണ ചടങ്ങില്‍ സംസാരിക്കവെയായിരുന്നു ജി സുധാകരന്റെ പ്രതികരണം. രമേശ് ചെന്നിത്തല വേദിയിലിരിക്കെയാണ് കോണ്‍ഗ്രസിലെ തർക്കം സംബന്ധിച്ച്‌ അദ്ദേഹം ചൂണ്ടിക്കാട്ടിയത്. കോണ്‍ഗ്രസിലും പ്രതിസന്ധിയുണ്ടെന്നും ശ്രദ്ധിച്ചാല്‍ കൊള്ളാമെന്നുമായിരുന്നു ജി സുധാകരന്റെ പരാമർശം. കോണ്‍ഗ്രസില്‍ നിരവധി യുവ നേതാക്കള്‍ ഉയർന്ന് വരുന്നതായും അദ്ദേഹം പറഞ്ഞു.

പല സംസ്ഥാനങ്ങളിലും സിപിഎം കോണ്‍ഗ്രസുമായി സഹകരിക്കുന്ന സാഹചര്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ജി സുധാകരൻ, മത്സരിക്കണമെന്നത് തന്റെ ജനാധിപത്യാവകാശമാണെന്നും വ്യക്തമാക്കി. താൻ ഒരു പാർട്ടിയിലേക്കും ചേർന്നിട്ടില്ല, സ്വതന്ത്രനായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. അമ്പലപ്പുഴയില്‍ തനിക്ക് പിന്തുണ നല്‍കിയ കോണ്‍ഗ്രസിനോട് നന്ദിയുണ്ടെന്നും ആ പിന്തുണ ഒരിക്കലും മറക്കില്ലെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു.

അതേസമയം, കേരളം നമ്പർ വണ്‍ എന്നാണ് രാഷ്ട്രീയ നേതാക്കള്‍ പ്രസംഗിക്കുന്നതെന്നും പരസ്പര സ്‌നേഹത്തില്‍ കേരളം നമ്പർ പൂജ്യമാണെന്നും ജി സുധാകരൻ വിമർശിച്ചു. സാധാരണക്കാരന് കേരളത്തില്‍ പരിഗണനയില്ല. ലോകത്ത് ഒരിടത്തും കേരളത്തിലെ പോലെ സാമൂഹ്യ കൊലകള്‍ നടക്കുന്നില്ല. ക്രിമിനല്‍ മനോഭാവമുള്ളവർ പാർട്ടിക്കുള്ളില്‍ കടന്നുകയറി. ആലപ്പുഴയിലാണ് ഏറ്റവും കൂടുതല്‍ ക്രിമിനലുകള്‍ കടന്നുകയറിയത്. അവരുടെ പേരുകള്‍ പറയുന്നില്ലെന്നും പൊളിറ്റിക്കല്‍ ക്രിമിനലിസമാണ് നടക്കുന്നതെന്നും സിപിഎമ്മിനെ ലക്ഷ്യംവെച്ച്‌ ജി സുധാകരൻ കുറ്റപ്പെടുത്തി

താനോ രമേശ് ചെന്നിത്തലയോ പൊളിറ്റിക്കല്‍ ക്രിമിനലുകളെ കൊണ്ടുനടന്നിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. തന്റെ മണ്ഡലത്തില്‍ കേന്ദ്ര സേനയെ കൊണ്ടുവരേണ്ടിവന്നു. ഒരു സീറ്റിന് വേണ്ടി പോളിങ് ബൂത്തില്‍ സംഘർഷത്തിന് പദ്ധതിയിട്ടു. വോട്ട് എണ്ണുമ്പോഴും ഇക്കാര്യം സൂക്ഷിക്കണമെന്നും യന്ത്രത്തില്‍ നിന്ന് എണ്ണിയെടുക്കുന്നത് ഉദ്യോഗസ്ഥർ മാറ്റിയെഴുതുമെന്നും അദ്ദേഹം ആരോപിച്ചു. കൗണ്ടിങ് ഓഫീസർമാർ രാഷ്ട്രീയമുള്ളവരാണ്. കളക്ടർമാർ ഇതിന് വഴങ്ങി രാഷ്ട്രീയം കാണിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇങ്ങനെ ജയിക്കുന്നത് ജയമല്ലെന്നും ജി സുധാകരൻ പറഞ്ഞു.

എല്‍ഡിഎഫ് സ്ഥാനാർത്ഥി എച്ച്‌ സലാമിനെതിരെയും സുധാകരൻ രംഗത്തെത്തി. എച്ച്‌ സലാം ഇനിയും ഭ്രാന്ത് പിടിച്ച്‌ നടക്കുകയാണോയെന്ന് സുധാകരൻ ചോദിച്ചു. സലാമിന് തോല്‍ക്കുമെന്ന് മനസിലായി. സലാമിന് തീവ്രവാദ ബന്ധമുണ്ടെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ല. തനിക്കെതിരെ തെളിവ് പുറത്തുവിടാൻ വോട്ടെണ്ണല്‍ വരെ കാത്തിരിക്കേണ്ടതില്ല. കോടതി സലാമിന്റെ പോക്കറ്റിലിരിക്കുന്ന കളിപ്പാട്ടമല്ലെന്നും ജി സുധാകരൻ പറഞ്ഞു.

അതിനിടെ ജി സുധാകരൻ അഴിമതിരഹിത മന്ത്രിയായിരുന്നെന്ന് രമേശ് ചെന്നിത്തല പുകഴ്ത്തി. ശാസിക്കേണ്ട ഉദ്യോഗസ്ഥരെ സുധാകരൻ ശാസിച്ചു. പൊതുമരാമത്ത് വകുപ്പില്‍ മുഖം നോക്കാതെ നടപടിയെടുത്തു. വളരെ അപൂർവമായി മാത്രം കാണുന്നതാണിത്. അടിസ്ഥാനപരമായ സ്‌നേഹവും സൗഹൃദവും എല്ലാക്കാലവും സുധാകരനുമായുണ്ടായി. ഭുവനേശ്വരന്റെ രക്തസാക്ഷിത്വം മറക്കാൻ കഴിയില്ല. ആ ഓർമയില്‍ ആദർശശുദ്ധിയോടെ സുധാകരൻ പ്രവർത്തിച്ചുവെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

കേരളമെല്ലാം തോറ്റാലും അമ്പലപ്പുഴ ജയിക്കണമെന്നാണ് ഗോവിന്ദൻ പറയുന്നത്. ഭാര്യ എത്ര വലിയ സഖാവാണെങ്കിലും സ്ഥാനാർത്ഥിയാക്കരുതായിരുന്നു. സിപിഎമ്മിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അപഭ്രംശം ഇക്കുറി കണ്ടു. ഒരു പാർട്ടി സെക്രട്ടറിയും ഇതുവരെ ഭാര്യയെ സ്ഥാനാർത്ഥി ആക്കിയിട്ടില്ല. സുധാകരൻ സ്ഥാനാർത്ഥിത്വത്തിന് വേണ്ടി വേഴാമ്പലിനെപ്പോലെ കാത്തിരുന്ന ആളല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ജി സുധാകരന് യുഡിഎഫ് അങ്ങോട്ട് പിന്തുണ നല്‍കി. എല്ലാ പാർട്ടിക്കാരും സുധാകരന് വോട്ട് ചെയ്തു. ജനങ്ങളുടെ സ്ഥാനാർത്ഥിയായി സുധാകരൻ മത്സരിച്ചു. എംഎല്‍എയാകാനല്ല, പ്രതിഷേധം അറിയിക്കാനാണ് സുധാകരൻ മത്സരിച്ചത്. മുഖ്യമന്ത്രിക്ക് 80 വയസ് കഴിഞ്ഞാലും മത്സരിക്കാം. തീച്ചൂളയില്‍ക്കൂടി കടന്നുവന്ന സുധാകരന് മത്സരിക്കാൻ കഴിയില്ലത്രെ. കമ്മ്യൂണിസ്റ്റ് പാർട്ടിയില്‍ എന്നുമുതലാണ് പ്രായപരിധി വന്നതെന്നും ചെന്നിത്തല ചോദിച്ചു. സി പി ജോണ്‍ ഏറ്റവും സാധ്യതകള്‍ ഉണ്ടായിരുന്ന നേതാവാണ്. സിപി ജോണ്‍ നിയമസഭയിലെത്തണം എന്നത് യുഡിഎഫ് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam