തിരുവനന്തപുരം: ചുട്ടുപൊള്ളുന്ന വേനലിനെയും നിഷ്പ്രഭമാക്കിയ തീപാറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അന്ത്യം. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ആവേശം അലയടിക്കുന്ന കലാശക്കൊട്ടാണ് മൂന്നു മുന്നണികളും കാഴ്ച്ചവെച്ചത്.
പരസ്യപ്രചാരണത്തിന് തിരശ്ശീല വീണതോടെ ഇനി നിശബ്ദ പ്രചരണത്തിന്റെ മണിക്കൂറുകള്‍. മറ്റന്നാള്‍ 2.71 കോടി മലയാളികള്‍ വരുന്ന അഞ്ചു വർഷം കേരളം ആരുഭരിക്കണം എന്ന വിധിയെഴുതും.
ഗ്രാമ - നഗര വ്യത്യാസമില്ലാതെ ആവേശം തെല്ലും കുറയാതെ തന്നെയായിരുന്നു ഇക്കുറിയും എല്ലായിടങ്ങളിലും കൊട്ടിക്കലാശം. പരസ്യപ്രചാരണം അവസാനിപ്പിക്കാനുള്ള വൈകിട്ട് ആറുമണി എന്ന സമയപരിധിയോട് അടുക്കും തോറും പ്രവർത്തകർക്കും നേതാക്കള്‍ക്കും സ്ഥാനാർത്ഥികള്‍ക്കും ആവേശം വർധിച്ചു. രാഷ്ട്രീയ പാർട്ടികളുടെ കൊടികളും മുദ്രാവാക്യങ്ങളാലും തെരുവുകള്‍ സമ്പന്നമായി.
റോഡ് ഷോയും റാലികളുമായാണ് സ്ഥാനാർഥികളും പ്രവർത്തകരും മണ്ഡലത്തിലെ കൊട്ടിക്കലാശ കേന്ദ്രത്തിലേക്ക് ഒഴുകിയെത്തിയത്. വ്യത്യസ്തങ്ങളായ കാഴ്ചകളാലും കൊട്ടിക്കലാശം ആവേശമായി മാറി. ബാന്‍ഡ് മേളവും ചെണ്ടമേളവും നിശ്ചല ദൃശ്യങ്ങളുമൊക്കെയായി കലാശക്കൊട്ട് പൂരമാക്കി മുന്നണികള്‍ മാറ്റി.
പതിവുപോലെ പേരൂർക്കടയായിരുന്നു ഇക്കുറിയും കൊട്ടിക്കലാശത്തിലെ ശ്രദ്ധാ കേന്ദ്രം. മൂന്ന് സ്ഥാനാർഥികളും ക്രയിനിലേറി കൈവീശി കാട്ടിയായിരുന്നു അണികളെ ആവേശത്തിലാക്കിയത്. എല്‍ഡിഎഫ് സ്ഥാനാർഥി വി കെ പ്രശാന്ത് കൂളിംഗ് ഗ്ലാസ് വച്ച് പ്രവർത്തകരെ കൈവീശി കാട്ടിയപ്പോള്‍ എൻഡിഎ സ്ഥാനാർഥി ആർ ശ്രീലേഖ കിരിടം വച്ചായിരുന്നു ക്രയിനിലേറിയത്. യു ഡി എഫ് സ്ഥാനാർഥി കെ മുരളീധരൻ കോണ്‍ഗ്രസ് ഷാളണിഞ്ഞാണ് കൊട്ടിക്കലാശത്തിനെത്തിയ പ്രവർത്തകരെ അഭിവാദ്യം ചെയ്തത്.

