ടെഹ്റാൻ: പശ്ചിമേഷ്യയിലെ സുരക്ഷാ സമവാക്യങ്ങളില്‍ നിർണായക മാറ്റത്തിന് വഴിയൊരുക്കുന്ന നീക്കവുമായി പാകിസ്ഥാനും സൗദിയും തുർക്കിയും.
മൂന്നു രാജ്യങ്ങളും ചേർന്ന് രൂപീകരിച്ച മക്ക പ്രതിരോധ സഖ്യത്തിലേക്ക് ഇറാനെ ക്ഷണിച്ചതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. പാകിസ്താനിലെ സമാ ടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇറാൻ പാർലമെന്റിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഖാനെ മില്ലത്തിന്റെ തലവൻ മെഹ്ദി റഹീമിയെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. ഇറാന് ലഭിച്ച ക്ഷണം ഗൗരവമായി പരിഗണിച്ചുവരികയാണെന്നാണ് റഹീമി ലെബനൻ ആസ്ഥാനമായ അല്‍ മയാദീൻ ചാനലിനോട് പറഞ്ഞതെന്നാണ് വിവരം.
എന്നാല്‍, ഇറാനെ സഖ്യത്തിലേക്ക് ക്ഷണിച്ചത് ആരാണെന്നോ ക്ഷണം എപ്പോള്‍ ലഭിച്ചെന്നോ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മക്ക കരാറിലെ മൂന്ന് സ്ഥാപക രാജ്യങ്ങളും ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുമില്ല.
സൗദിയെ ലക്ഷ്യമിട്ടിരുന്ന ഇറാൻ തന്നെ സഖ്യത്തിലേക്ക്?
ഇറാനും ഇറാന്റെ സഖ്യകക്ഷികളും സൗദി അറേബ്യയുടെ ഊർജ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ആക്രമണം നടത്തിയെന്ന റിപ്പോർട്ടുകള്‍ക്കിടെയാണ് പുതിയ നീക്കം. ഇറാന്റെ മിസൈലുകളും ഡ്രോണുകളും സൗദിയുടെ വ്യോമപരിധിയിലേക്ക് കടന്ന സംഭവങ്ങളും നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അമേരിക്കൻ സൈനിക കേന്ദ്രങ്ങളെയായിരുന്നു പ്രധാനമായും ലക്ഷ്യമിട്ടതെങ്കിലും ആക്രമണങ്ങള്‍ സൗദിയുടെ സുരക്ഷയിലും ആശങ്ക ഉയർത്തിയിരുന്നു.
ഇത്തരം സാഹചര്യത്തില്‍ ഇറാനെ തന്നെ സഖ്യത്തിന്റെ ഭാഗമാക്കാനുള്ള നീക്കം മക്ക കരാറിന്റെ ലക്ഷ്യത്തില്‍ വലിയ മാറ്റത്തിന് ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. ഇറാനെതിരായ പ്രതിരോധ സംവിധാനമെന്ന നിലയില്‍ മാത്രം കാണപ്പെട്ടിരുന്ന സഖ്യം, ഇറാൻ കൂടി അംഗമായാല്‍ വിശാലമായ പ്രാദേശിക സുരക്ഷാ വേദിയായി മാറിയേക്കും.
എന്താണ് മക്ക പ്രതിരോധ കരാർ?
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്‍മാൻ, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവർ ഓഗസ്റ്റ് 7ന് മക്കയില്‍ ഒപ്പുവെച്ച കരാറാണ് മക്ക പ്രതിരോധ കരാർ.
സഖ്യത്തിലെ ഒരു അംഗരാജ്യത്തിന് നേരെയുണ്ടാകുന്ന സായുധ ആക്രമണം മുഴുവൻ അംഗങ്ങള്‍ക്കും നേരെയുള്ള ആക്രമണമായി കണക്കാക്കണമെന്നാണ് കരാറിലെ പ്രധാന വ്യവസ്ഥ. ഇക്കാരണത്താല്‍ കരാറിനെ നാറ്റോയുടെ അഞ്ചാം വകുപ്പിനോട് ഉപമിച്ചും 'ഇസ്ലാമിക് നാറ്റോ' എന്ന വിശേഷണത്തോടെയും വിശേഷിപ്പിക്കപ്പെടുന്നുണ്ട്.
കൂട്ടായ പ്രതിരോധം, പ്രതിരോധ വ്യവസായ മേഖലയിലെ സഹകരണം, സംയുക്ത സൈനിക അഭ്യാസങ്ങള്‍, രഹസ്യാന്വേഷണ വിവരങ്ങളുടെ കൈമാറ്റം എന്നിവയാണ് കരാറിന്റെ പ്രധാന ലക്ഷ്യങ്ങള്‍. പ്രതിരോധ സാങ്കേതികവിദ്യയുടെ കൈമാറ്റവും സംയുക്ത ഉത്പാദനവും കരാറിലൂടെ ലക്ഷ്യമിടുന്നു.
അതേസമയം, ഒരു അംഗരാജ്യത്തിന് നേരെ ആക്രമണമുണ്ടായാല്‍ മറ്റ് അംഗങ്ങള്‍ സ്വീകരിക്കേണ്ട സൈനിക നടപടികള്‍ സംബന്ധിച്ച് കൃത്യമായ വ്യവസ്ഥകള്‍ പരസ്യപ്പെടുത്തിയ രേഖകളില്‍ വ്യക്തമാക്കിയിട്ടില്ല. ആക്രമണമുണ്ടായാല്‍ നല്‍കേണ്ട പിന്തുണയുടെ സ്വഭാവം അംഗരാജ്യങ്ങള്‍ തമ്മിലുള്ള കൂടിയാലോചനകളിലൂടെയായിരിക്കും തീരുമാനിക്കുക.
ഇറാൻ എത്തിയാല്‍ മാറുന്നത് പശ്ചിമേഷ്യയുടെ സുരക്ഷാ സമവാക്യം
മക്ക സഖ്യത്തിലേക്ക് ഇറാൻ കൂടി എത്തുകയാണെങ്കില്‍ പശ്ചിമേഷ്യയിലെ നിലവിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ വലിയ മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. മേഖലയില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ ശക്തികളുടെ സ്വാധീനം കുറയുകയും പ്രാദേശിക രാജ്യങ്ങളുടെ തന്ത്രപരമായ സ്വയംഭരണത്തിന് കൂടുതല്‍ പ്രാധാന്യം ലഭിക്കുകയും ചെയ്യാനുള്ള സാധ്യതയാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
സഖ്യത്തിലേക്ക് ഈജിപ്തിനെ ഉള്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. സിറിയ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളെയും സഖ്യത്തിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
ഇറാനും സൗദി അറേബ്യയും തമ്മിലുള്ള ബന്ധത്തിലും അടുത്തകാലത്ത് ശ്രദ്ധേയമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. വർഷങ്ങളോളം കടുത്ത അകലം പാലിച്ചിരുന്ന ഇരുരാജ്യങ്ങളും 2023ല്‍ നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചിരുന്നു.
ഇറാന് ലഭിച്ച ക്ഷണം സംബന്ധിച്ച റിപ്പോർട്ട് സ്ഥിരീകരിക്കപ്പെടുകയാണെങ്കില്‍, അമേരിക്കൻ സ്വാധീനത്തെ കേന്ദ്രീകരിച്ചിരുന്ന പശ്ചിമേഷ്യൻ സുരക്ഷാ ഘടനയ്ക്ക് പകരം പ്രാദേശിക രാജ്യങ്ങള്‍ നേതൃത്വം നല്‍കുന്ന പുതിയൊരു ബഹുമുഖ സുരക്ഷാ സംവിധാനത്തിലേക്കുള്ള നീക്കമായി ഇത് മാറിയേക്കും.

