മലപ്പുറം: വനിതാ ഡോക്ടറെ പരിശോധന മുറിയില്‍ വെച്ച് മർദ്ദിച്ചതായി പരാതി. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.
സിനി ജലീലാണ് ആക്രമണത്തിനിരയായത്. നാലു സ്ത്രീകള്‍ ചേർന്ന് മർദ്ദിച്ചതായാണ് പരാതി. ആക്രമണത്തില്‍ പരിക്കേറ്റ ഡോക്ടർ ആശുപത്രിയില്‍ ചികിത്സയിലാണ്. അജിത, അശ്വതി എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്.
സ്വകാര്യ ക്ലിനിക്കിലെ പരിശോധനാ മുറിയില്‍ വെച്ച് ഇന്നലെ വൈകീട്ടാണ് സംഭവം ഉണ്ടായത്. ജില്ലാ ആശുപത്രിയില്‍ പ്രസവത്തിന് എത്തിയ സ്ത്രീ ഗുരുതരാവസ്ഥയില്‍ ആയതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും മരണപ്പെടുകയും ചെയ്തിരുന്നു. ഇതില്‍ ചികിത്സ പിഴവ് ആരോപിച്ചാണ് ആക്രമണം എന്നാണ് സൂചന.
അതേസമയം ഐഎംഎ പെരിന്തല്‍മണ്ണ ഘടകം അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. പ്രതികളെ ഉടനെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം. സംഭവത്തില്‍ പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കി.

