കൊച്ചി: മത്സ്യഭ്രൂണകോശങ്ങളില്‍ നിന്ന് ദീർഘകാലം ലബോറട്ടറിയില്‍ വളർത്താനാകുന്ന സ്റ്റെം സെല്‍ സമാന കോശനിര വിജയകരമായി വികസിപ്പിച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) നാഷണല്‍ സെന്റർ ഫോർ അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത് (എൻ.സി.എ.എ.എച്ച്) ശ്രദ്ധേയമായ ശാസ്ത്രനേട്ടം കൈവരിച്ചു.കുസാറ്റ് എൻ.സി.എ.എ.എച്ച് അസിസ്റ്റന്റ് പ്രൊഫസർ ഡോ.
ജയേഷ് പുതുമനയുടെ നേതൃത്വത്തില്‍ ഗവേഷക വിദ്യാർത്ഥിനിയായ അശ്വതി നടത്തിയ പഠനത്തിലാണ് ഈ നേട്ടം കൈവരിച്ചത്. ഗവേഷണഫലങ്ങള്‍ അന്താരാഷ്ട്ര പ്രശസ്ത ശാസ്ത്രജേണലായ 'ഫിഷ് ഫിസിയോളജി ആൻഡ് ബയോകെമിസ്ട്രിയില്‍' (Fish Physiology and Biochemistry) പ്രസിദ്ധീകരണത്തിനായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.ATES1 എന്ന പേരില്‍ വികസിപ്പിച്ച കോശനിരയുടെ ഏറ്റവും വലിയ പ്രത്യേകത, മറ്റ് സഹായക കോശങ്ങളുടെ (Feeder Cells) പിന്തുണയില്ലാതെ തന്നെ ദീർഘകാലം വളർത്താനാകുന്നതും സ്റ്റെം സെല്ലുകളുടെ പ്രധാന സ്വഭാവസവിശേഷതകള്‍ നിലനിർത്തുന്നതുമാണ്. ഇന്ത്യയില്‍ മത്സ്യങ്ങളില്‍ നിന്നുള്ള സ്റ്റെം സെല്‍ സമാന കോശനിര വികസിപ്പിക്കുന്ന ഗവേഷണങ്ങള്‍ വളരെ വിരളമായതിനാല്‍ ഈ നേട്ടം കൂടുതല്‍ പ്രാധാന്യമർഹിക്കുന്നതാണ്.കഴിഞ്ഞ നാലര വർഷമായി ഈ കോശനിരയില്‍ നടത്തിയ വിപുലമായ പരീക്ഷണങ്ങളുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ ഗവേഷണത്തിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചത്.ഈ കോശനിര ഭാവിയില്‍ മത്സ്യരോഗങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍, രോഗപ്രതിരോധ സംവിധാനങ്ങളുടെ വിശകലനം, ജനിതക ഗവേഷണം, ജീൻ എഡിറ്റിംഗ്, പുതിയ ഔഷധങ്ങളുടെയും വാക്സിനുകളുടെയും പരിശോധന എന്നിവയ്ക്ക് വിലപ്പെട്ട ഗവേഷണ മാതൃകയായി ഉപയോഗിക്കാനാകുമെന്ന് ഡോ. ജയേഷ് പുതുമന അറിയിച്ചു. കൂടാതെ, ലബോറട്ടറിയില്‍ വികസിപ്പിക്കുന്ന മത്സ്യമാംസ (Cultivated Fish Meat) സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കും ഇത് സഹായകമാകും.ലിപോഫെക്ഷൻ (Lipofection) സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വൈറസ്-രഹിത ട്രാൻസ്ജീൻ കൈമാറ്റത്തില്‍ ഈ കോശനിര ഉയർന്ന കാര്യക്ഷമത പ്രകടിപ്പിച്ചതായും പഠനം വ്യക്തമാക്കുന്നു. അതിനാല്‍ ഭാവിയിലെ കോശഗവേഷണങ്ങള്‍ക്കും ജൈവസാങ്കേതികവിദ്യാ പ്രയോഗങ്ങള്‍ക്കും ആവശ്യമായ ജനിതക മാറ്റങ്ങള്‍ എളുപ്പത്തില്‍ നടത്താൻ കഴിയുന്ന വിശ്വസനീയമായ മാതൃകാ കോശസംവിധാനമായി ATES1 ഉപയോഗിക്കാനാകുമെന്ന് ഗവേഷകർ പ്രതീക്ഷ പ്രകടിപ്പിച്ചു.ഈ ഗവേഷണത്തിന് കേന്ദ്ര സർക്കാരിന്റെ ജൈവസാങ്കേതികവിദ്യ വകുപ്പ് (Department of Biotechnology - DBT) സാമ്പത്തിക സഹായം നല്‍കിയിരുന്നു. രാജ്യത്ത് മത്സ്യ ജൈവസാങ്കേതികവിദ്യാ മേഖലയിലെ അടിസ്ഥാന ഗവേഷണങ്ങള്‍ക്ക് ഈ പഠനം പുതിയ സാധ്യതകള്‍ തുറന്നിടുമെന്നാണ് ഗവേഷകസംഘത്തിന്റെ വിലയിരുത്തല്‍.
Photo Courtesy - Google

