മുട്ടുവേദനയുള്ളവര്‍ പലപ്പോഴും നടക്കുന്നതും വ്യായാമം ചെയ്യുന്നതും കുറയ്ക്കാറുണ്ട്. വേദന കുറയ്ക്കാന്‍ ഇത് സഹായിക്കുമെങ്കിലും ദീര്‍ഘകാലം ചലനം കുറയുന്നത് മുട്ടിനു ചുറ്റുമുള്ള പേശികളുടെ ബലം കുറയാന്‍ കാരണമാകും.
പേശികളുടെ ബലക്കുറവ് മുട്ടിന്റെ പ്രവര്‍ത്തനത്തെ വീണ്ടും ബാധിക്കുകയും വേദനയും ചലനപരമായ ബുദ്ധിമുട്ടുകളും വര്‍ധിപ്പിക്കുകയും ചെയ്യാം. അതിനാല്‍ മുട്ടുവേദനയുടെ ചികിത്സയില്‍ പേശീബലം വര്‍ധിപ്പിക്കുന്ന വ്യായാമങ്ങള്‍ക്ക് പ്രധാന സ്ഥാനമാണുള്ളത്.
പേശികള്‍ക്ക് എന്താണ് പ്രാധാന്യം?
തുടയുടെ മുന്‍വശത്തുള്ള പ്രധാന പേശിയായ ക്വാഡ്രിസെപ്‌സ് മുട്ട് നിവര്‍ത്തുന്നതിലും നടക്കുമ്പോഴും ഇരുന്നിടത്തുനിന്ന് എഴുന്നേല്‍ക്കുമ്പോഴും പ്രധാന പങ്കുവഹിക്കുന്നു. തുടയുടെ പിന്‍വശത്തെയും ഇടുപ്പിനെയും ചുറ്റിപ്പറ്റിയുള്ള പേശികളും മുട്ടിന്റെ ചലനവും നിയന്ത്രണവും നിലനിര്‍ത്തുന്നതില്‍ സഹായിക്കുന്നു.
മുട്ടിലെ തേയ്മാനം മൂലമുള്ള വേദനയുള്ളവരില്‍ പേശികളുടെ ബലം കുറയുന്നത് സാധാരണമാണ്. വേദന കാരണം ചലനം കുറയുകയും അതുവഴി പേശികളുടെ ബലം വീണ്ടും കുറയുകയും ചെയ്യുന്ന ഒരു ചക്രം ഇതോടെ ഉണ്ടാകുന്നു.
മുട്ടുവേദന - ചലനം കുറയുന്നു - പേശികളുടെ ബലം കുറയുന്നു - മുട്ടിന്റെ പ്രവര്‍ത്തനം കുറയുന്നു - വീണ്ടും ചലനം കുറയുന്നു
ശരിയായ വ്യായാമത്തിലൂടെ ഈ ചക്രം തകര്‍ക്കാന്‍ സാധിക്കും.
എന്താണ് വ്യായാമത്തിന്റെ പ്രയോജനം?
പേശികളുടെ ബലം വര്‍ധിപ്പിക്കുന്ന വ്യായാമം തേയ്മാനം സംഭവിച്ച തരുണാസ്ഥിയെ പഴയപടിയാക്കുന്നില്ല. എന്നാല്‍ മുട്ടിന്റെ ചലനം നിയന്ത്രിക്കാനും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കാനും ഇത് സഹായിക്കും. മുട്ടുവേദന കുറയ്ക്കുന്നതിനും നടക്കാനുള്ള കഴിവ് മെച്ചപ്പെടുത്തുന്നതിനും വ്യായാമം പ്രയോജനകരമാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ശരീരഭാരം കൂടുതലുള്ളവരില്‍ ഭാരം കുറയ്ക്കുന്നതിനൊപ്പം വ്യായാമം ചെയ്യുന്നത് കൂടുതല്‍ ഗുണം ചെയ്യും. മുട്ടിലുള്ള അമിതഭാരം കുറയ്ക്കാനും ശാരീരിക ക്ഷമത മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
ഏതൊക്കെ വ്യായാമങ്ങള്‍?
മുട്ടിന്റെ അവസ്ഥ, വേദനയുടെ തീവ്രത, പേശികളുടെ ബലം, പ്രായം, മറ്റ് അസുഖങ്ങള്‍ എന്നിവ കണക്കിലെടുത്താണ് വ്യായാമം തിരഞ്ഞെടുക്കേണ്ടത്. കിടന്നു കൊണ്ട് മുട്ട് നിവര്‍ത്തി കാല്‍ ഉയര്‍ത്തുന്ന വ്യായാമം (Straight Leg Raise) തുടയുടെ മുന്‍വശത്തെ പേശികളുടെ ബലം കൂട്ടാന്‍ സഹായിക്കുന്നു. കിടന്നു കൊണ്ട് മുട്ടിനു താഴെ ചെറിയ താങ്ങ് നല്‍കി തുടയിലെ പേശി മുറുക്കി പിടിക്കുന്ന വ്യായാമം (Static Quadriceps) പ്രാരംഭ ഘട്ടത്തില്‍ ചെയ്യാവുന്നതാണ്. കസേരയില്‍ ഇരുന്ന് എഴുന്നേല്‍ക്കല്‍, ചെറിയ പടിയില്‍ കയറിയിറങ്ങല്‍ തുടങ്ങിയ വ്യായാമങ്ങള്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പേശീബലം വര്‍ധിപ്പിക്കാന്‍ സഹായിക്കും.
പ്രതിരോധ ബാന്‍ഡ് ഉപയോഗിച്ചുള്ള വ്യായാമങ്ങള്‍
പേശികളുടെ ബലം കൂടുതല്‍ വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ ബാന്‍ഡ് (Resistance Band) ഉപയോഗിച്ചുള്ള വ്യായാമങ്ങളും ചെയ്യാം. ബാന്‍ഡ് നല്‍കുന്ന പ്രതിരോധത്തിനെതിരെ കാല്‍ ചലിപ്പിക്കുന്നതിലൂടെ തുടയിലെയും ഇടുപ്പിലെയും പേശികള്‍ക്ക് കൂടുതല്‍ പരിശീലനം ലഭിക്കും.
പേശികളുടെ ബലം വര്‍ധിക്കുന്നതിനനുസരിച്ച് ബാന്‍ഡിന്റെ പ്രതിരോധം ക്രമേണ കൂട്ടാം. എന്നാല്‍ മുട്ടിന്റെ അവസ്ഥയ്ക്കനുസരിച്ചായിരിക്കണം ഇവ തിരഞ്ഞെടുക്കേണ്ടത്.
നടത്തം, സൈക്കിള്‍ ചവിട്ടല്‍, നീന്തല്‍ തുടങ്ങിയ വ്യായാമങ്ങളും രോഗിയുടെ അവസ്ഥയ്ക്കനുസരിച്ച് ഉള്‍പ്പെടുത്താവുന്നതാണ്.
ഫിസിയോതെറാപ്പിയുടെ പങ്ക്
എല്ലാ രോഗികള്‍ക്കും ഒരേ രീതിയിലുള്ള വ്യായാമം മതിയാകണമെന്നില്ല. മുട്ടിന്റെ ചലനം, പേശികളുടെ ബലം, നടക്കുന്നതിലെ വ്യത്യാസങ്ങള്‍, ശരീരത്തിന്റെ സന്തുലിതാവസ്ഥ എന്നിവ പരിശോധിച്ച ശേഷം ഓരോ വ്യക്തിയുടെയും ആരോഗ്യസ്ഥിതിക്കും ആവശ്യങ്ങള്‍ക്കും അനുയോജ്യമായ വ്യായാമരീതി തയ്യാറാക്കുന്നതില്‍ ഓര്‍ത്തോപീഡിക് ഡോക്ടറുടെയും ഫിസിയോതെറാപിസ്റ്റിന്റെയും ഏകോപിതമായ ഇടപെടല്‍ നിര്‍ണായകമാണ്.
വ്യായാമം ശരിയായ രീതിയില്‍ ചെയ്യുന്നതും ക്രമേണ അതിന്റെ അളവ് വര്‍ധിപ്പിക്കുന്നതും പ്രധാനമാണ്. തെറ്റായ രീതിയിലുള്ള അമിത വ്യായാമം വേദന വര്‍ധിപ്പിക്കാനും കാരണമാകാം.
മുട്ടുവേദനയുടെ കാരണം ആദ്യം കൃത്യമായി കണ്ടെത്തിയ ശേഷം ഓര്‍ത്തോപീഡിക് ഡോക്ടറുടെ നിര്‍ദ്ദേശത്തോടൊപ്പം ഫിസിയോതെറാപ്പി നടത്തുന്നതാണ് ഉചിതം. പ്രത്യേകിച്ച് പരിക്ക്, മുട്ടിന്റെ അസ്ഥിരത, അമിതമായ വീക്കം എന്നിവയുള്ളവര്‍ സ്വയം വ്യായാമം തുടങ്ങുന്നതിനു മുമ്പ് ഡോക്ടറെ കാണണം.
ശസ്ത്രക്രിയ വേണ്ടിവരുന്നത് എപ്പോള്‍?
മുട്ടിലെ തേയ്മാനം ആരംഭിച്ച ഘട്ടങ്ങളില്‍ ശരീരഭാരം നിയന്ത്രിക്കല്‍, മരുന്നുകള്‍, ആവശ്യമായ ചികിത്സകള്‍, പേശികളുടെ ബലം വര്‍ധിപ്പിക്കുന്ന വ്യായാമങ്ങള്‍ എന്നിവയിലൂടെ പലര്‍ക്കും ആശ്വാസം ലഭിക്കും. എന്നാല്‍ തരുണാസ്ഥി വളരെയധികം നഷ്ടപ്പെട്ട് എല്ലുകള്‍ തമ്മില്‍ ഉരസുന്ന അവസ്ഥയുണ്ടാകുകയും, വേദന ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുകയും ചെയ്താല്‍ ശസ്ത്രക്രിയ പരിഗണിക്കേണ്ടതായിവരും.
നടക്കുന്നതിനും പടികള്‍ കയറുന്നതിനും ഇരുന്നിടത്തുനിന്ന് എഴുന്നേല്‍ക്കുന്നതിനും ബുദ്ധിമുട്ട് ഉണ്ടാകുക, രാത്രിയിലും വിശ്രമിക്കുമ്പോഴും വേദന ഉണ്ടാകുക, മരുന്നുകളും മറ്റ് ചികിത്സകളും കൊണ്ട് മതിയായ ആശ്വാസം ലഭിക്കാതിരിക്കുക എന്നിവ ശസ്ത്രക്രിയ പരിഗണിക്കുന്നതിനുള്ള പ്രധാന കാരണങ്ങളാണ്.
എക്സ്റേയില്‍ തേയ്മാനം കാണുന്നു എന്നത് മാത്രം ശസ്ത്രക്രിയയ്ക്ക് കാരണമാകണമെന്നില്ല. രോഗിയുടെ വേദനയും ദൈനംദിന ജീവിതത്തെ അത് എത്രത്തോളം ബാധിക്കുന്നു എന്നതും കൂടി പരിഗണിച്ചാണ് തീരുമാനമെടുക്കുന്നത്.
ശസ്ത്രക്രിയയില്‍ എന്താണ് ചെയ്യുന്നത്?
തേയ്മാനം വളരെ കൂടുതലായാല്‍ സാധാരണയായി ചെയ്യുന്ന ശസ്ത്രക്രിയയാണ് കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. തുടയെല്ലിന്റെയും കാലിലെ പ്രധാന എല്ലിന്റെയും അഗ്രഭാഗത്ത് തേയ്മാനം സംഭവിച്ച ഭാഗങ്ങള്‍ ആവശ്യമായ അളവില്‍ നീക്കം ചെയ്യുന്നു. പകരം ലോഹനിര്‍മിതമായ ഘടകങ്ങള്‍ സ്ഥാപിക്കുന്നു. അവയ്ക്കിടയില്‍ സുഗമമായ ചലനത്തിനായി കട്ടി കൂടിയ പോളി എത്തിലീന്‍ പ്ലാസ്റ്റിക് ഘടകം സ്ഥാപിക്കുന്നു.
മുട്ടിന്റെ വളവ് നിവര്‍ത്താനും സന്ധിയുടെ ശരിയായ ചലനം ഉറപ്പാക്കാനും പേശികളുടെയും ബന്ധനപേശികളുടെയും മുറുക്കത്തില്‍ ആവശ്യമായ മാറ്റങ്ങളും വരുത്തുന്നു. ശസ്ത്രക്രിയയുടെ പ്രധാന ലക്ഷ്യം വേദന കുറയ്ക്കുക, മുട്ടിന്റെ വളവ് ശരിയാക്കുക, ചലനശേഷി മെച്ചപ്പെടുത്തുക എന്നിവയാണ്.
ശസ്ത്രക്രിയ കഴിഞ്ഞാല്‍ വ്യായാമം
മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞാലും വ്യായാമത്തിന് വലിയ പ്രാധാന്യമുണ്ട്. ശസ്ത്രക്രിയയുടെ ഫലം പൂര്‍ണമാകുന്നതില്‍ വ്യായാമവും പുനരധിവാസവും പ്രധാന പങ്കുവഹിക്കുന്നു. ശസ്ത്രക്രിയ കഴിഞ്ഞുള്ള ആദ്യ ദിവസങ്ങളില്‍ തന്നെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനുള്ള കാല്‍വിരല്‍, കണങ്കാല്‍ ചലനങ്ങളും തുടയിലെ പേശികള്‍ മുറുക്കുന്ന വ്യായാമങ്ങളും ആരംഭിക്കാം. തുടര്‍ന്ന് മുട്ട് നിവര്‍ത്താനും വളയ്ക്കാനുമുള്ള വ്യായാമങ്ങള്‍ ചെയ്യുന്നു.
രോഗിയുടെ പുരോഗതിക്കനുസരിച്ച് നടക്കല്‍ പരിശീലനം, കസേരയില്‍ നിന്ന് എഴുന്നേല്‍ക്കല്‍, പടികള്‍ കയറല്‍, സന്തുലിതാവസ്ഥ മെച്ചപ്പെടുത്തല്‍, പേശികളുടെ ബലം വര്‍ധിപ്പിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടുത്തുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങുക എന്നത് മാത്രമല്ല ലക്ഷ്യം. ശരിയായ രീതിയില്‍ മുട്ട് ഉപയോഗിക്കാനും പേശികളുടെ ശക്തി വീണ്ടെടുക്കാനും കഴിയുന്നതാണ് നല്ല പുനരധിവാസത്തിന്റെ ലക്ഷ്യം. മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ സ്ഥാപിക്കുന്ന ഇംപ്ലാന്റിന്റെ പ്രവര്‍ത്തനക്ഷമതയും ദീര്‍ഘകാല ആയുസ്സും നിലനിര്‍ത്തുന്നതിലും ഫിസിയോതെറാപ്പിക്ക് നിര്‍ണായക പങ്കുണ്ട്.
മുട്ടുവേദന വന്നാല്‍ പൂര്‍ണമായി വിശ്രമിക്കുന്നതിനേക്കാള്‍ വേദനയുടെ കാരണം കണ്ടെത്തി ആവശ്യമായ ചികിത്സയ്‌ക്കൊപ്പം ശരിയായ രീതിയില്‍ ചലിക്കുകയും പേശികളുടെ ബലം നിലനിര്‍ത്തുകയും ചെയ്യുന്നതാണ് പ്രധാനം. പ്രാരംഭ ഘട്ടത്തില്‍ തന്നെ രോഗനിര്‍ണയവും ചികിത്സയും ആരംഭിച്ചാല്‍ പലരിലും ശസ്ത്രക്രിയ ഒഴിവാക്കാനും രോഗത്തിന്റെ ബുദ്ധിമുട്ടുകള്‍ നിയന്ത്രിക്കാനും സാധിക്കും.
Dr Unnikuttan Damodaran
Consultant Orthopedic Surgeon
SUT Hospital, Pattom
Photo Courtesy - Google

