ബംഗളുരു : അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന പാചകവാതക പ്രതിസന്ധിയ്ക്ക് പുറമെ മറ്റൊരു ഗൗരവ പ്രശ്നം കൂടി ബംഗളുരു നഗരം അഭിമുഖീകരിക്കുന്നുണ്ട്.
അതാകട്ടെ ക്രമസമാധാന പ്രശ്നമായി വളരുകയും ചെയ്തിരിക്കുന്നു. നഗരത്തില്‍ നാലുലക്ഷത്തോളം ഓട്ടോറിക്ഷകളുണ്ട്. അതില്‍ ഭൂരിഭാഗവും ഓടുന്നത് എല്‍പിജി ഗ്യാസിലാണ്. ഒരു ചെറിയ ശതമാനം ഓട്ടോറിക്ഷകള്‍ സി എൻ ജിയും ഉപയോഗിക്കുന്നുണ്ട്. ഓട്ടോറിക്ഷകളേറേയും മൂന്നും നാലും ഓണ്‍ലൈൻ ആപ്പുകള്‍ ഡൌണ്‍ലോഡ് ചെയ്ത് രാപ്പകല്‍ വ്യത്യാസമില്ലാതെ നിരന്തരം ഓടുന്നവയാണ്. നഗരത്തില്‍ നാല്‍പത്തഞ്ചോളം ഓട്ടോഗ്യാസ് സർവീസ് സ്റ്റേഷനുകളും ഇരുപത് സി എൻ ജി സർവീസ് സ്റ്റേഷനുകളുമുണ്ട്. ദിവസവും ഫുള്‍ടാങ്ക് ഗ്യാസ് അടിച്ചാണ് ഓട്ടോകള്‍ ഓടിക്കൊണ്ടിരുന്നത്. ഇപ്പോള്‍ സ്ഥിതിഗതികള്‍ മാറിയിരിക്കുന്നു. ഇന്ധനക്ഷാമം മൂലം അഞ്ഞൂറു രൂപയ്ക്കുള്ള ഗ്യാസേ പല സ്റ്റേഷനുകളില്‍ നിന്നും ലഭിക്കുന്നുള്ളൂ.അതിനാകട്ടെ മണിക്കൂറുകളോളം ഓട്ടോറിക്ഷകള്‍ ഓട്ടമുപേക്ഷിച്ച് ക്യു നില്‍ക്കുകയും വേണം. അഞ്ഞൂറു രൂപയ്ക്ക് കഷ്ടിച്ച് ഇരുനൂറ് കിലോമീറ്റർ മൈലേജ് കിട്ടുന്ന അഞ്ചു ലിറ്റർ ഓട്ടോ ഗ്യാസേ ലഭിക്കുകയുള്ളൂ.പ്രതിസന്ധിയ്ക്ക് മുമ്പ് ഓട്ടോഗ്യാസിന് ലിറ്ററിന് 55 രൂപയായിരുന്നു. അത് 120-130 രൂപയായി വർധിച്ചിട്ടുണ്ട്. ഇന്ധന ക്ഷാമവും സ്റ്റേഷനുകളില്‍ മണിക്കൂറുകളോളം ക്യു നില്‍ക്കേണ്ടി വരുന്നതും കാരണം ഓട്ടോറിക്ഷ ഡ്രൈവർ മാരുടെ ദിവസവരുമാനം ഏതാണ്ട് പകുതിയായി കുറഞ്ഞിരിക്കുന്നു. ഒരു ദിവസം ശരാശരി 1500 രൂപയുടെ ഓട്ടം പോയിരുന്നവർക്ക് ഇപ്പോള്‍ 700 രൂപയുടെ ഓട്ടം പോകാൻ പോലും കഴിയുന്നില്ല . വായ്പാ ഗഡു അടക്കേണ്ടവരെയും മറ്റു സാമ്പത്തിക സാധ്യതകള്‍ ഉള്ളവരെയും ഇത് കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. യാത്രക്കാരില്‍ നിന്ന് അധിക ചാർജ്ജ് ഈടാക്കാൻ ഓട്ടോ റിക്ഷ ഡ്രൈമാർക്ക് സാധിക്കുകയുമില്ല. ഓണ്‍ലൈൻ സംവിധാനത്തില്‍ ചാർജ്ജുകള്‍ ഗവണ്മെന്റ് നിർദ്ദേശപ്രകാരം മുൻകൂട്ടി നിശ്ചയിക്കപ്പെടുന്നതാണ്. ഓട്ടം ആരംഭിക്കുന്നതിന് മുമ്പുതന്നെ യാത്രക്കാർക്ക് അതറിയാനും സാധിക്കും. പല സ്റ്റേഷനുകളിലും ഗ്യാസ് സ്റ്റോക്കില്ല എന്ന ബോർഡ് കാണാം. സ്റ്റോക്ക് ഉള്ള സ്റ്റേഷനുകള്‍ക്ക് മുന്നിലാകട്ടെ സ്ഥാനം പിടിക്കുന്ന ഓട്ടോ റിക്ഷകളുടെ ക്യു സ്റ്റേഷൻ പരിസരം കടന്ന് റോഡിലേക്ക് നീണ്ട് മണിക്കൂറുകളോളം കിടക്കുന്നത് ഗതാഗതക്കുരുക്കുകള്‍ക്ക് കാരണമാകുന്നു. ഗതാഗതത്തിരക്കേറിയ രാവിലെ 8 മുതല്‍ 11 വരെയും വൈകീട്ട് 5 മുതല്‍ 8 വരെയും പ്രധാന റോഡുകളിലുള്ള ഗ്യാസ് സ്റ്റേഷനുകള്‍ അടച്ചിടാൻ ട്രാഫിക് പോലീസ് നിർദ്ദേശം നല്‍കിയത് ഓട്ടോറിക്ഷ ഡ്രൈവർമാരെ ഇടിവെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥയില്‍ ആക്കിയിട്ടുണ്ട്. രോഷാകുലരായ ഓട്ടോ ഡ്രൈവർമാർ അക്രമാസ ക്തരാകുന്ന വാർത്തയാണ് നഗരത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വരുന്നത്.
Photo Courtesy - Google

